ശിലാഫലകത്തില്‍ പേരില്ല; ബി.ജെ.പി എം.പി എം.എല്‍.എയെ മര്‍ദിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ എം.പിയും എം.എല്‍.എയും തമ്മില്‍ പൊരിഞ്ഞ തല്ല്. മുഷ്ടിചുരുട്ടി പരസ്പരം ഇടിച്ചും ഷൂ ഊരിയുമാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടിയത്. ശരത് ത്രിപാഠി എം.പിയും രാകേഷ് ഭാഗേല്‍ എം.എല്‍.എയുമാണ് ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ഏറ്റുമുട്ടിയത്.
ലഖ്‌നൗവില്‍ നിന്ന് 200 കി.മീറ്റര്‍ അകലെയുള്ള സാന്ദ് കബിര്‍ നഗറില്‍ ജില്ലാ കോഓഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ജില്ലയിലെ വിവിധ വികസന പദ്ധതികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താനായാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിച്ചത്. തന്റെ മണ്ഡലം ഉള്‍പ്പെടുന്ന ജില്ലയില്‍ നടന്ന റോഡ് ശിലാഫലകത്തില്‍നിന്ന് തന്റെ പേര് നീക്കം ചെയ്തത് ത്രിപാഠി ചോദ്യം ചെയ്തപ്പോള്‍ അത് തന്റെ തീരുമാനമായിരുന്നുവെന്ന് മറുപടി പറഞ്ഞാണ് എം.എല്‍.എ രാകേഷ് ഇതിനെ എതിരിട്ടത്. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ത്രിപാഠി ഷൂ എടുത്ത് രാകേഷിനെ അടിക്കുകയും ചെയ്തു. പരസ്പരം അടിയും ഇടിയും നടത്തുന്നതിനിടയില്‍ പോര്‍വിളിയുമുണ്ടായിരുന്നു. ഇരുവരും ഏറ്റുമുട്ടുന്നതിന്റെ വിഡിയോ വൈറലാകുകയും ചെയ്തു. അതിനിടയില്‍ എം.എല്‍.എ അനുകൂലികള്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിന് മുന്‍പില്‍ പ്രതിഷേധിക്കുകയും ത്രിപാഠിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.ഇരു നേതാക്കളെയും ലഖ്‌നൗവിലേക്ക് വിളിപ്പിച്ച് കാര്യങ്ങള്‍ ചോദിക്കുമെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."