ഇന്ത്യന്‍ ഡോക്ടറുടെ മൃതദേഹം പെട്ടിയില്‍; കാമുകന് വാഹനാപകടത്തിലും മരിച്ചു
സിഡ്നി: ഇന്ത്യക്കാരി ദന്ത ഡോക്ടറുടെ മൃതദേഹം പെട്ടിയിലാക്കി സൂക്ഷിച്ചനിലയില്‍ കണ്ടെത്തി. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കാണാതായ പ്രീതി റെഡ്ഡി(32)യുടെ മൃതദേഹം ആണ് സ്വന്തം കാറിലെ സ്യൂട്ട്കേസില്‍ കുത്തിനിറച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ മരണ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ മുന്‍ കാമുകന് ഇന്ത്യക്കാരനായ ദന്ത ഡോക്ടര്‍ ഹര്ഷ്വര്ധന് വാഹനാപകടത്തിലും മരിച്ചു.
പ്രീതിയും ഹര്‍ഷവര്‍ധനും ഗ്രീന്‍വിച്ചിലെ ഹോട്ടലില്‍ താമസിച്ചിരുന്നതായി പൊലിസ് കണ്ടെത്തി. ദന്ത ഡോക്ടര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം കഴിഞ്ഞ ഞായറാഴ്ച രാവിലെ 11നാണ് ഇവര്‍ കുടുംബവുമായി അവസാനം സംസാരിച്ചത്. പ്രഭാത ഭക്ഷണം കഴിച്ച് തിരിച്ചെത്തുമെന്നാണ് പ്രീതി വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍ സമയം എത്ര കഴിഞ്ഞിട്ടും പ്രീതി തിരിച്ചെത്താതിരുന്നതോടെ കുടുംബം പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. കിഴക്കന്‍ സിഡ്നിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു പ്രീതിയുടെ കാര്‍ കണ്ടെത്തിയത്.
ഞായറാഴ്ച മക്ഡൊണാള്‍ഡ്സിലെ ജോര്‍ജ് സ്ട്രീറ്റില്‍ കാത്തുനില്ക്കുന്ന നിലയില്‍ പ്രീതിയെ അവസാനമായി കണ്ടിരുന്നതായി ന്യൂ സൗത്ത് വെയില്‍സ് പൊലിസ് പറഞ്ഞു. മൃതദേഹത്തില്‍ നിരവധി തവണ കുത്തേറ്റതിന്റെ പാടുകളുണ്ട്.
ഹര്ഷവര്ധന് ഓടിച്ചിരുന്ന ബി.എം.ഡബ്ല്യു കാര്‍ തിങ്കളാഴ്ച വൈകിട്ടോടെ ന്യൂ ഇംഗ്ലണ്ട് ഹൈവേയില്‍ മറ്റൊരു വാഹനത്തിനുനേരെ ഇടിച്ചുകയറ്റിയ നിലയിലായിരുന്നു. പ്രീതിയുടെ മൃതദേഹം കണ്ടെടുത്ത സ്ഥലത്തുനിന്ന് അപകടം നടന്ന സ്ഥലത്തേക്ക് 360 കിലോമീറ്റര്‍ ദൂരമുണ്ട്. ഇയാളുടെ മരണത്തിനു മുന്‍പ് പ്രീതിയുടെ തിരോധാനത്തെക്കുറിച്ചു പൊലിസ് ഹര്‍ഷവര്‍ധനുമായി സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളും മരിച്ച വിവരം പൊലിസിനു ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."