മങ്കരയിലെ മദ്യശാലക്കെതിരേ നഗരസഭ ഭരണ സമിതിയില്‍ കലാപം
മദ്യശാലയുമായി ബന്ധപ്പെട്ട വിഷയം കൗണ്‍സിലില്‍ ചര്ച്ച്ക്കെടുക്കാനാകില്ലെന്ന് യോഗത്തില്‍ അധ്യക്ഷയായ ചെയര്‍പേഴ്സണ്‍ ശിവ പ്രിയ സന്തോഷ്
വടക്കാഞ്ചേരി: മങ്കര എച്ച്.എം.സി കോളനിക്ക് സമീപം പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ഫെഡ് മദ്യ വില്പന ശാല അടച്ച്പൂട്ടണമെന്നും നഗരസഭയുടെ അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മദ്യശാലക്ക് സ്റ്റോപ്പ് മെമ്മോ നല്‍കണമെന്നും ആവശ്യപ്പെട്ട് ഭരണപക്ഷ കൗണ്‍സിലറും, നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ എം.ആര് സോമനാരായണന്‍ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം ഭരണകക്ഷി തള്ളി.
മദ്യശാലുമായി ബന്ധപ്പെട്ട വിഷയം കൗണ്‍സിലില്‍ ചര്ച്ച്ക്കെടുക്കാനാകില്ലെന്ന് യോഗത്തില്‍ അധ്യക്ഷയായ ചെയര്‍പേഴ്സണ്‍ ശിവ പ്രിയ സന്തോഷ് അറിയിച്ചു. നടപടി ജനാധിപത്യവിരുദ്ധവും, ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ആരോപിച്ചായിരുന്നു സോമനാരായണന്റെ ഇറങ്ങി പോക്ക്.
നഗരസഭ കാര്യാലയത്തിന് മുന്നില്‍ എച്ച്.എം.സി. നിവാസികള്‍ നടത്തിയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു ഇറങ്ങി പോക്ക്. മറ്റൊരു ഭരണപക്ഷ കൗണ്‍സിലറായ വി.പി മധുവും യോഗം ബഹിഷ്കരിച്ച് സമരത്തില്‍ പങ്കെടുത്തു.
ഭരണകക്ഷി കൗണ്‍സിലര്‍മാരുടെ അഭിപ്രായത്തിന് പോലും വില കല്പിക്കാതെ ഏകാധിപത്യപരമായാണ് നഗരസഭ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചും മദ്യശാലക്കെതിരെയുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും യു.ഡി.എഫ് കൗണ്‍സിലര്‍മാരും യോഗം ബഹിഷ്കരിച്ചു. ആക്ഷന്‍ കൗണ്‍സിലിന്റെ നഗരസഭ മാര്‍ച്ച് മങ്കര ജുമാ മസ്ജിദ് പ്രസിഡന്റ് എം.കെ അബ്ദുള്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു.
കരുമത്ര പള്ളി വികാരി ഫാ.ജോബി പുത്തൂര്‍ അധ്യക്ഷനായി. എം.ആര് സോമനാരായണന്‍, കെ. അജിത്കുമാര്‍, എസ്.എ ആസാദ്, അബ്ദുള്‍ റസാക്ക്, നാസര്‍ മങ്കര, പോള്‍ നീണ്ടുശ്ശേരി, സിന്ധു സുബ്രഹ്മണ്യന്, ബുഷറ റഷീദ്, വി.പി മധു, പി.എം മോളി, റെസില്‍ കുരിയാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."