സഊദിയില്‍ ഭക്ഷണം പാഴാക്കിയാല്‍ ശിക്ഷ; നിയമം ഉടന്‍
ജിദ്ദ: ഭക്ഷണം പാഴാക്കുന്നത് ശിക്ഷാര്‍ഹമാക്കാന്‍ സഊദി അറേബ്യന്‍ ഭരണകൂടം ആലോചിക്കുന്നു. ഇതുസംബന്ധിച്ച കരട് നിയമം ശൂറ കൗണ്‍സില്‍ ഉടന്‍ ചര്‍ച്ചക്കെടുക്കും.
ഒപ്പം ഹോട്ടലുകളിലും ആഘോഷവേദികളിലും ഭക്ഷണം പാഴാക്കുന്ന കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ബില്‍ തുകയുടെ 20 ശതമാനം വരെ പിഴ ഈടാക്കാനുള്ള തീരുമാനവുമുണ്ട്.
പാര്‍ട്ടികള്‍, ചടങ്ങുകള്‍, ആഘോഷങ്ങള്‍ എന്നിവയില്‍ ഭക്ഷണം പാഴാക്കിയാല്‍ സ്ഥാപനങ്ങള്‍ക്കോ ഉടമകള്‍ക്കോ 15 ശതമാനം പിഴ ലഭിക്കും. ബാക്കിയാകുന്ന ഭക്ഷണം കൊണ്ടുപോകുന്ന കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിഴയില്‍ ഇളവ് നല്‍കും.
പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ആഗോള തലത്തില്‍ ഭക്ഷണം പാഴാക്കുന്നതില്‍ ഏറ്റവും മുന്നിലുള്ള രാജ്യമാണ് സഊദി അറേബ്യ. രാജ്യത്ത് പാചകം ചെയ്യപ്പെടുന്ന ഭക്ഷണത്തിന്റെ 30 ശതമാനവും പാഴാക്കപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
115 കിലോ എന്ന ആഗോള ശരാശരി നിലനില്‍ക്കുമ്പോള്‍ സഊദിയില്‍ വര്‍ഷത്തില്‍ 250 കിലോ ഭക്ഷണമാണ് ഒരോരുത്തരും പാഴാക്കുന്നത്. ഇതുവഴി പ്രതിവര്‍ഷം 49 ശതകോടി റിയാലിന്റെ നഷ്ടമാണ് സംഭവിക്കുന്നത്. ഡിന്നര്‍ പാര്‍ട്ടികള്‍, വിവാഹം, റെസ്‌റ്റോറന്റുകള്‍, ഹോട്ടല്‍ ബൊഫെകള്‍ എന്നിവയിലാണ് ഭക്ഷണം ഏറെയും പാഴാക്കപ്പെടുന്നത്.
13 അനുഛേദങ്ങളുള്ള നിയമമാണ് പരിഗണനയിലുള്ളത്. മൂന്നാം അനുഛേദത്തില്‍ ഭക്ഷണ ഉപഭോഗം ഗുണപരമായി നിയന്ത്രിക്കുന്നതിന് രാജ്യത്തെങ്ങും പ്രത്യേക സെന്ററുകള്‍ സ്ഥാപിക്കാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."