സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് രക്ഷിതാക്കള്‍
പത്തനംതിട്ട: കോന്നിയിലെ മൂന്നു പ്ലസ്ടു വിദ്യാര്‍ഥിനികളുടെ തിരോധാനവും തുടര്‍ന്നുണ്ടായ ദുരൂഹ മരണവും സംഭവിച്ചിട്ട് ഒരു വര്‍ഷം തികയുന്നു. ഹൈക്കോടതി ഇടപെട്ടിട്ടും അന്വേഷണം നിലച്ച അവസ്ഥയിലാണ്. സംഭവത്തില്‍ ഒരു പ്രതിയെപ്പോലും പിടികൂടാന്‍ പൊലിസിനായിട്ടില്ല.
സംഭവത്തില്‍ നാട്ടുകാരും രക്ഷിതാക്കളും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളായിരുന്ന ഐരവണ്‍ തിരുമല വീട്ടില്‍ രാമചന്ദ്രന്‍ നായരുടെ മകള്‍ ആതിര (17), തേക്കുതോട് പുത്തന്‍പറമ്പില്‍ സുജാതയുടെ മകള്‍ രാജി (16) എന്നിവരെ ട്രയിനില്‍നിന്നു വീണുമരിച്ച നിലയിലും തോപ്പില്‍ ലക്ഷംവീട് കോളനിയില്‍ സുരേഷിന്റെ മകള്‍ ആര്യ (16)യെ തലയ്ക്കു ഗുരുതര പരുക്കുകളോടെയും കാണപ്പെട്ടതു കഴിഞ്ഞ ജൂലൈ 13നാണ്. പാലക്കാട് മങ്കരക്കടുത്ത് റെയില്‍വേ ട്രാക്കിലാണ് ഇവരെ കണ്ടെത്തിയത്.
ഇതിനു മൂന്നു ദിവസം മുന്‍പാണ് സ്‌കൂളിലേക്കു പോയ കുട്ടികളെ കാണാതാകുന്നത്. ആര്യ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ചാണ് മരിച്ചത്. കോന്നി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യഘട്ടത്തില്‍ കേസന്വേഷിച്ചത്. അന്വേഷണത്തില്‍ വീഴ്ചയാരോപിച്ച് അന്നുതന്നെ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ സ്ഥലം സന്ദര്‍ശിച്ച ദക്ഷിണമേഖലാ ഐ.ജിയായിരുന്ന മനോജ് ഏബ്രഹാം സംഭവം ആത്മഹത്യയാണെന്നു പ്രഖ്യാപിച്ചതും വിമര്‍ശനത്തിനിടയാക്കി. അടൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണവും പ്രഹസനമായെന്ന ആക്ഷേപത്തെ തുടര്‍ന്ന് എസ്.പി ഉമാ ബഹ്‌റയെ അന്വേഷണമേല്‍പിച്ചു. എന്നാല്‍ അതും നിഷ്ഫലമായി. ഈ സാഹചര്യത്തിലാണ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയത്. ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജിയും നല്‍കി. അന്വേഷണം സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായ അടൂര്‍ ഡിവൈ.എസ്.പി റഫീക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."