HOME
DETAILS
MAL
ബംഗളൂരുവില്‍ കുടുങ്ങിയത് അഞ്ചുലക്ഷം മലയാളികള്‍
backup
May 12 2020 | 03:05 AM
കണ്ണൂര്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ബംഗളൂരുവില്‍ കുടുങ്ങിക്കിടക്കുന്നത് അഞ്ചുലക്ഷത്തോളം മലയാളികള്‍.
സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി വാഹനങ്ങളുള്ളവര്‍ നാട്ടിലെത്തിയാല്‍ മതിയെന്ന തീരുമാനമെടുത്തതോടെയാണു രോഗികളും വിദ്യാര്‍ഥികളുമടക്കം മലയാളികള്‍ ബംഗളൂരുവില്‍ കുടുങ്ങിയത്.
മാക്കൂട്ടം ചുരം പാത കര്‍ണാടക അടച്ചതിനാല്‍ വയനാട്, മഞ്ചേശ്വരം വഴി കേരളത്തിലെത്താനാണു സര്‍ക്കാര്‍ പാസ് അനുവദിക്കുന്നത്. ഇതില്‍ വയനാട് വഴിയെത്താന്‍ 30 വരെയുള്ള പാസ് ഇതിനകം പൂര്‍ത്തിയായി. ഒരുദിവസം 400 പേരെ മാത്രമാണ് അതിര്‍ത്തി വഴികടന്നുവിടുന്നത്.
കണ്ണൂരിലുള്ളവര്‍ക്ക് ഇതും ദുരിതമാണ്. മാക്കൂട്ടം ചുരം വഴി എളുപ്പത്തിലെത്താന്‍ കഴിയുമെന്നിരിക്കെ വയനാട് മുത്തങ്ങ വഴിയോ കാസര്‍കോട് മഞ്ചേശ്വരം വഴിയോ വേണം കണ്ണൂരിലെത്താന്‍. 15 ലക്ഷത്തിനുമുകളില്‍ മലയാളികളാണ് ബംഗളൂരുവില്‍ താമസിക്കുന്നത്.
ഇതില്‍ അടിയന്തര ചികിത്സയ്ക്കും തുടര്‍പഠനത്തിനുമായാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി അഞ്ചു ലക്ഷത്തോളം ആളുകള്‍ നാട്ടിലെത്താനാവാതെ നെട്ടോട്ടമോടുന്നത്.
മാര്‍ത്തഹള്ളി, ഇലക്ട്രോണിക് സിറ്റി, ബനാശങ്കരി, ഹെബ്ബാള്‍, കെങ്കരി, കലാസിപാളയ എന്നിവിടങ്ങളിലാണു കൂടുതലായും മലയാളികള്‍ താമസിക്കുന്നത്. ഇതിലേറെയും ഉപരിപഠനത്തിനായി മികച്ച വിദ്യാലയങ്ങളുടെ ഹോസ്റ്റലുകളിലാണു താമസിച്ചിരുന്നത്. ഹോസ്റ്റലടക്കം അടച്ചതിനാല്‍ പലരും സുഹൃത്തുക്കളുടെയും മറ്റും വീടുകളില്‍ അഭയം തേടിയിരിക്കുകയാണ്.
കെ.എം.സി.സിയടക്കമുള്ള സന്നദ്ധസംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെങ്കിലും സ്വന്തം വാഹനമുള്ളവര്‍ മാത്രം നാട്ടിലെത്തിയാല്‍ മതിയെന്ന നിലപാടാണു സര്‍ക്കാരിനെന്നു ബംഗളൂരു കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.
ലോക്ക് ഡൗണിനെ തുടര്‍ന്നു കെ.എസ്.ആര്‍.ടി.സി എട്ടു ബസുകള്‍ ബംഗളൂരുവില്‍ കുടുങ്ങിയിട്ടുണ്ട്. ഇതു നാട്ടിലെത്തിക്കാനും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു യാതൊരു നടപടിയുമില്ല. ഈ ബസുകള്‍ നാട്ടിലേക്കു സര്‍വിസ് നടത്തിയാല്‍ ബംഗളൂരുവില്‍ കുടുങ്ങിയ കുറച്ചുപേര്‍ക്കെങ്കിലും ആശ്വാസമായേക്കും.
കര്‍ണാടക സര്‍ക്കാരടക്കം മലയാളികളെ കേരളത്തിലെത്തിക്കാന്‍ തയാറാണ്. എന്നാല്‍ കേരള സര്‍ക്കാര്‍ സമ്മതിക്കാത്തതാണ് സര്‍വിസ് നടത്താനാവാത്തത്.
നിലവില്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ കേരളത്തിലേക്കു ടാക്‌സി സര്‍വിസ് നടത്തുന്നുണ്ട്.
ബോക്‌സ്
കര്‍ണാടക ആര്‍.ടി.സി
കേരള സര്‍വിസിന്
കര്‍ണാടക ആര്‍.ടി.സി ബസ് കേരളത്തിലേക്കു ബസ് ബുക്കിങ് ആരംഭിച്ചു. കര്‍ണാടകയുടെ അന്തര്‍ സംസ്ഥാന പാസുള്ളവര്‍ക്കാണു യാത്രചെയ്യാനാവുക. രണ്ടുദിവസത്തിനകം കേരളത്തിലേക്കു സര്‍വിസ് നടത്തും. സാമൂഹ്യ അകലം പാലിച്ച് 20 പേര്‍ക്കാണ് ഒരു ബസില്‍ സീറ്റുണ്ടാവുക.
യാത്രയ്ക്കു മുമ്പ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ആര്‍.ടി.സി കണ്‍ട്രോള്‍ റൂം നമ്പര്‍: 7760990287, 7760990988, 7760990531.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."