മരുന്നിനുപോലും മര്യാദയില്ലാത്ത ഔഷധവ്യാപാരം; കുറിപ്പടിയില്ലെങ്കിലും മരുന്നുകള്‍ സുലഭം
കോട്ടയം: ഡോക്ടര്‍മാരുടെ കുറുപ്പടിയില്ലാതെ മരുന്നു നല്‍കരുതെന്ന നിര്‍ദേശങ്ങള്‍ പാലിക്കാതെ മെഡിക്കല്‍ സ്റ്റോറുകള്‍. കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ള മെഡിക്കല്‍ സ്റ്റോറുകളില്‍ ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലെങ്കിലും മരുന്നുകള്‍ ലഭിക്കും. അപസ്മാര രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളാണ് കോട്ടയം ജില്ലയിലെ വിവിധ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് മാര്‍ഗനിര്‍ദേശങ്ങളൊന്നും പാലിക്കാതെ വിറ്റഴിക്കുന്നത്.
ലഹരിയായി ഉപയോഗിക്കാന്‍ സാധ്യതയുള്ള മരുന്നുകളായ ഫ്രീസിയം 100, വാല്‍പ്പാറിന്‍ ക്രോണോ 300, ലാക്കോസെറ്റ് തുടങ്ങിയ മരുന്നുകള്‍ കഴിഞ്ഞ ദിവസം കുറിപ്പടിയില്ലാതെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് എക്‌സൈസ് കമ്മിഷണറുടെ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിക്കുന്നുവെന്ന വിവരം ലഭിച്ചത്.
പണം ഉണ്ടെങ്കില്‍ ആര്‍ക്കും മരുന്നു നല്‍കുമെന്ന സമീപനമാണ് ഇക്കൂട്ടര്‍ക്ക്. മയക്കുമരുന്നുകളായി ഉപയോഗിക്കാന്‍ സാധ്യതയുള്ള മരുന്നുകളാണ് ഇത്തരത്തില്‍ വിറ്റഴിക്കുന്നതെങ്കിലും രഹസ്യപരിശോധന നടത്താന്‍ അധികൃതരും തയാറല്ല. വളരെ ഗുരുതരമായ പാര്‍ശ്വഫലങ്ങളുള്ള മരുന്നുകളാണിവ. കഴിഞ്ഞ ദിവസം ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മരുന്നുവിതരണം ചെയ്യരുതെന്ന് എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചിരുന്നു. എന്നാല്‍ എക്‌സൈസ് പരിശോധന കര്‍ശനമല്ലാത്തതിനാല്‍ ഇതു പാലിക്കപ്പെടുന്നില്ല. പ്രധാനമായും ഗ്രാമീണ മേഖലകളിലാണ് ഇത്തരത്തില്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ മെഡിക്കല്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഫ്രീസിയം, വാല്‍പ്പാറിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം അപസ്മാര രോഗികളില്‍ പോലും കൈകള്‍ക്ക് വിറയല്‍, കാഴ്ച്ചയില്‍ വസ്തുക്കള്‍ രണ്ടായി തോന്നുക, നാവു കുഴയുക, മയക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇത്തരത്തിലുള്ള മരുന്നാണ് ലാഭത്തിനുവേണ്ടി കുറിപ്പടിയില്ലാതെ മെഡിക്കല്‍ സ്റ്റോറുകള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്നത്.
ഇവ പലസമയങ്ങളിലും വിദ്യാര്‍ഥികള്‍ മയക്കുമരുന്നുകളായി ഉപയോഗിക്കാനുള്ള സാധ്യതയേറെയാണ്. ഈ സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ മരുന്നുകള്‍ വിറ്റഴിക്കുന്ന കടകള്‍ക്കെതിരേ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഗ്രാമീണ മേഖലയില്‍ പരിശോധന നടത്താന്‍പോലും അധികൃതര്‍ തയാറല്ലെന്നതാണ് വാസ്തവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."