തെളിവ് നല്‍കാനായില്ല; ദീപക് വധക്കേസില്‍ ആര്‍.എസ.്എസ് പ്രവര്‍ത്തകരെ വെറുതെ വിട്ടു
തൃശൂര്‍: ജനതാദള്‍ മണ്ഡലം പ്രസിഡന്റായിരുന്ന പെരിങ്ങോട്ടുകര സ്വദേശി പി.ജി ദീപകിനെ (44) കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പത്ത് ആര്‍.എസ.്എസ്, ബി.ജെ.പി പ്രവര്‍ത്തകരെ വെറുതെവിട്ടു. പ്രതികള്‍ കുറ്റക്കാരെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി നിക്‌സണ്‍ എം ജോസഫിന്റെ ഉത്തരവില്‍ പറയുന്നു. മുഖംമുടി ധരിച്ചെത്തിയ സംഘമാണു ദീപകിനെ ആക്രമിച്ചതെന്നാണു പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ മുഖംമൂടി ധരിച്ചവരല്ല, തിരിച്ചറിയുന്ന പ്രതികളാണു കൊല നടത്തിയതെന്നു വാദിച്ചെങ്കിലും കൃത്യമായ തെളിവുകള്‍ നല്‍കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ഇതോടെ സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതികളെ വിട്ടയക്കാന്‍ കോടതി വിധിക്കുകയായിരുന്നു.
പാങ്ങ് സ്വദേശി മരോട്ടിക്കല്‍ സുരേഷിന്റെ മകന്‍ ഋഷികേശ് (24), പടിയം സ്വദേശി കൂട്ടാല വീട്ടില്‍ ഉദയന്റെ മകന്‍ നിജിന്‍ (19), പാലാപ്പാടം കൊച്ചത്ത് വീട്ടില്‍ പ്രഭാകരന്റെ മകന്‍ പ്രശാന്ത് (25), കോട്ടപ്പടി പ്ലാക്കില്‍ വീട്ടില്‍ രവിയുടെ മകന്‍ ദശാന്ത് (24), പാങ്ങ് പാലപ്പറമ്പില്‍ വീട്ടില്‍ പീതാംബരന്റെ കമന്‍ ബ്രഷ്‌ണേവ് (23), പെരിങ്ങോട്ടുകര തറയില്‍ വീട്ടില്‍ സുബ്രഹ്മണ്യന്റെ മകന്‍ ശിവദാസ് (43), മുറ്റിച്ചൂര്‍ മാമ്പുള്ളി വീട്ടില്‍ രാമചന്ദ്രന്റെ മകന്‍ രാജേഷ് (36), ചാഴൂര്‍ കുരുതുകുളങ്ങര സണ്ണിയുടെ മകന്‍ ബൈജു (21), പെരിങ്ങോട്ടുകര കാരയില്‍ വീട്ടില്‍ പ്രദീപന്റെ കമന്‍ സനന്ത് (24), കരാഞ്ചിറ വിയ്യത്ത് വീട്ടില്‍ ബാലന്റെ മകന്‍ സരസന്‍ (43) എന്നിവരായിരുന്നു കേസിലെ പ്രതികള്‍. പ്രതികളില്‍ ആദ്യത്തെ ഏഴു പ്രതികള്‍ക്ക് കോടതി ഇതുവരേയും ജാമ്യം അനുവദിച്ചിരുന്നില്ല.
2015 മാര്‍ച്ച് 24 നു രാത്രി എട്ടരയോടെ പഴുവിലിലെ റേഷന്‍കട പൂട്ടി വീട്ടിലേക്കു പോകാനിറങ്ങിയപ്പോഴാണു പത്തംഗ അക്രമിസംഘം ദീപക്കിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ബി.ജെ.പി മണ്ഡലം സെക്രട്ടറിയും ആര്‍.എസ്.എസ് പ്രവര്‍ത്തനുമായിരുന്നു ദീപക്. ദീപക് അടക്കം ജില്ലയിലെ നൂറുകണക്കിനു ബി.ജെ.പി, ആര്‍.എസ.്എസ് പ്രവര്‍ത്തകര്‍ രാജിവച്ച് ജനതാദളില്‍ ചേര്‍ന്നിരുന്നു. ഇതിലുള്ള രാഷ്ട്രീയ വൈരാഗ്യം മൂലമാണു ജനതാദള്‍ മണ്ഡലം പ്രസിഡന്റായ ദീപകിനെ കൊലപ്പെടുത്തിയത്. പെരിങ്ങോട്ടുകര ക്ഷേത്രത്തിലെ പൂരാഘോഷ കമ്മിറ്റി പ്രസിഡന്റുമായിരുന്നു ദീപക്. ചേര്‍പ്പ് സി.ഐ കെ.പി സേതുവിന്റെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."