എ.ടി.എം കൗണ്ടറുകള്‍ നോക്കുകുത്തികളാകുന്നു
മാള: വിഷുവിനായൊരുങ്ങുന്ന മലയാളികളെ നിരാശയിലാക്കി എ.ടി.എം കൗണ്ടറുകള്‍ നോക്ക് കുത്തികളാകുന്നു. ബാങ്ക് ശാഖകള്‍ക്ക് മുന്നിലും അല്ലാത്തിടങ്ങളിലും സ്ഥാപിച്ചിട്ടുള്ള എ.ടി.എം കൗണ്ടറുകളെല്ലാം ഏതാനും ദിവസങ്ങളായി പ്രവര്‍ത്തന രഹിതമായതോടെ ജനം ദുരിതത്തിലായിരിക്കുകയാണ്. എസ്.ബി.ടിയെ എസ്.ബി.ഐ വിഴുങ്ങിയതിന് ശേഷം പുതിയ സിസ്റ്റത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായാണെന്ന് പറയുന്നു അവയുടെ എ.ടി.എം കൗണ്ടറുകളില്‍ പലതും അടച്ചിട്ടിരിക്കുകയാണ്. തുറന്നിരിക്കുന്നവയിലാണെങ്കില്‍ പണവുമില്ല. ഫെഡറല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്, കാനറ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങി പുതുതലമുറ ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകളിലൊന്നും തന്നെ പണമില്ലാത്ത അവസ്ഥയാണ്.
ബാങ്കിലെത്തുന്ന ഇടപാടുകാര്‍ക്കും എ.ടി.എം കൗണ്ടറുകളില്‍ നിറക്കാനുമായുള്ള പണം ബാങ്കിലില്ലെന്നാണ് ബാങ്കധികൃതര്‍ പറയുന്നത്. കുറഞ്ഞ തോതിലുള്ള പണമാണ് ബാങ്കുകളിലെത്തുന്നത്. ശമ്പളത്തിന്റേയും പെന്‍ഷന്റേയും സമയമായത് പ്രശ്‌നത്തെ കൂടുതല്‍ രൂക്ഷമാക്കുകയാണ്. എ.ടി.എം കാര്‍ഡുമായി ബാങ്കിലെത്തുന്ന സ്വന്തം ഇടപാടുകാര്‍ക്ക് ചില ബാങ്കുകള്‍ കാര്‍ഡ് ബാങ്കിലുള്ള മെഷീനില്‍ സ്വയ്പ് ചെയ്ത് പണം കൊടുക്കുന്നുണ്ട്. എന്നാലിതിന് വളരെയേറെ സമയം എടുക്കുന്നുണ്ട്. മറ്റ് ഇടപാടുകാരുടെ തിരക്കനുസരിച്ചാണ് എ.ടി.എം കാര്‍ഡുമായെത്തുന്നവരുടെ ഇടപാട് നടക്കുന്നത്. ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കഴിഞ്ഞ മാസം ലഭിച്ച പണം തീര്‍ന്നതിനാല്‍ നിത്യാവശ്യങ്ങള്‍ക്കായും മാസംതോറും കൊടുക്കേണ്ടതായ പത്രം, പാല്‍, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവക്കായുമുള്ള പൈസക്കായി നെട്ടോട്ടം ഓടേണ്ട അവസ്ഥയാണ് ഓരോരുത്തര്‍ക്കും. മാസംതോറും കൂലി ലഭിക്കുന്ന മറ്റു വിഭാഗങ്ങളിലുള്ളവരുടെ അവസ്ഥയും സമാനമാണ്. കൂലിപ്പണിക്കാരുടെ കാര്യവും വ്യത്യസ്ഥമല്ല.ജനത്തിന്റെ കൈവശം ആവശ്യത്തിന് പണമില്ലാത്തതിനാല്‍ വ്യാപാരവാണിജ്യ സ്ഥാപനങ്ങളിലെ ഇടപാടുകളും വളരെ കുറവാണ്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളേയും ദുരിതത്തിലാക്കുകയാണ് പണത്തിന്റെ ദൗര്‍ലഭ്യം. മാള, കൊടുങ്ങല്ലൂര്‍ തുടങ്ങിയ മേഖലകളിലെ ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകളെല്ലാം തന്നെ കാലിയാണ്. വളരെ അപൂര്‍വം എ.ടി.എം കൗണ്ടറുകളിലെത്തുന്ന പണം പെട്ടെന്ന് തന്നെ തീരുകയാണ്. അഞ്ച് തവണയില്‍ കൂടുതല്‍ കാര്‍ഡ് സൈ്വപ്പ് ചെയ്താല്‍ പിഴയീടാക്കുമെന്നത് ബാങ്കുകള്‍ക്ക് നേട്ടമാകുമ്പോള്‍ ഉപഭോക്താവിന് ഏറെ നഷ്ടമാണുണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."