ഫണ്ട് വെട്ടിക്കുറച്ചത് ആദിവാസികളോടുള്ള അവഗണന: പി.കെ ജയലക്ഷ്മി
മാനന്തവാടി: ഇടതുപക്ഷ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ആദിവാസി ക്ഷേമ പദ്ധതികള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചത് ആദിവാസികളോടുള്ള അവഗണനയാണെന്ന് മുന്‍ മന്ത്രിയും കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗവുമായ പി.കെ ജയലക്ഷ്മി ആരോപിച്ചു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ 2015-16 വര്‍ഷത്തെ ബജറ്റില്‍ 700 കോടി രൂപ വകയിരുത്തി മൊത്തം പദ്ധതി വിഹിതത്തിന്റെ മൂന്നു ശതമാനമാക്കി എസ്.ടി. ഫണ്ട് വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ 633 കോടിയിലൊതുക്കി 2.61 ശതമാനമായി ഇത്തവണ ഫണ്ട് വെട്ടിക്കുറച്ചു.
പട്ടിക വര്‍ഗ്ഗക്കാരുടെ സ്‌നേഹവീട് സമ്പൂര്‍ണ ഭവന പദ്ധതിക്ക് കൂടുതല്‍ തുക വകയിരുത്താതെ പുതിയ ഭവന പദ്ധതിക്ക് പി.കെ കാളന്റെ പേരു നല്‍കി കണ്ണില്‍ പൊടിയിടുകയാണ് ചെയ്തത്. മുന്‍ സര്‍ക്കാര്‍ 50 കോടി രൂപ നീക്കി വച്ച അടിയ പണിയ പാക്കേജിന് ഒരു തുകയും അനുവദിക്കാതെ ഏറ്റവും അവഗണന നേരിടുന്ന ആ വിഭാഗങ്ങളെ കണ്ടില്ലെന്ന് നടിച്ചു. ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഒരു ഏക്കര്‍ ഭൂമി വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചപ്പോഴും അതിന് ആവശ്യമായ തുക വകയിരുത്തിയില്ല.
വയനാട് ജില്ലയെ സംബന്ധിച്ച് ആരോഗ്യ വിദ്യാഭ്യാസ മേഖലയെ പാടെ അവഗണിച്ച ബജറ്റാണിത്. എം.കെ ജിനചന്ദ്രന്‍ സ്മാരക സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെ പാടേ ഉപേക്ഷിച്ച എല്‍.ഡി.എഫ് സര്‍ക്കാര്‍ ജില്ലാ ആശുപത്രിയെയും അവഗണിച്ചു.
യു.ഡി.എഫ് സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച ജില്ലാ ആശുപത്രി മാതൃശിശു മള്‍ട്ടി സ്‌പെഷ്യാലിറ്റി യൂണിറ്റും മന്ത്രിസഭ പാസാക്കിയ പുതിയ തസ്തികകളും ഫണ്ടു വകയിരുത്താതെ അട്ടിമറിച്ചു. തെരഞ്ഞെടുപ്പു കാലത്ത് ജില്ലാ ആശുപത്രിയുടെ കാര്യത്തില്‍ കോലാഹലമുണ്ടാക്കിയവരും മുതലക്കണ്ണീരൊഴുക്കിയവരും ഇതിനു മറുപടി പറയണം.
യു.ഡി.എഫ് സര്‍ക്കാര്‍ തുക വകയിരുത്തിയ പക്രന്തളം റോഡിനും കൈതക്കല്‍ റോഡിനും തുക അനുവദിച്ചുള്ള ആവര്‍ത്തനമല്ലാതെ മാനന്തവാടി മണ്ഡലത്തില്‍ പുതിയ പദ്ധതികളൊന്നുമുണ്ടായില്ല. വയനാട് ഗവ. എന്‍ജിനീയറിങ് കോളജിലും മാനന്തവാടി ഗവ. കോളജിലും മുന്‍ സര്‍ക്കാര്‍ അനുവദിച്ച പുതിയ കോഴ്‌സുകള്‍ക്കാവശ്യമായ തസ്തികകള്‍ അനുവദിക്കാതെ മന:പൂര്‍വ്വം മറന്നതായി നടിച്ചു.
അപ്‌ഗ്രേഡ് ചെയ്ത കെല്ലൂര്‍, പള്ളിക്കല്‍, വെള്ളമുണ്ട, പുളിഞ്ഞാല്‍ സ്‌കൂളുകളുടെ കാര്യത്തിലും ധനമന്ത്രി അവഗണന ആവര്‍ത്തിച്ചതായും പി.കെ ജയലക്ഷ്മി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."