കര്‍ണാടകയില്‍ 10 സീറ്റുകള്‍ വേണമെന്ന് ജെ.ഡി.എസ്
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സീറ്റ് വിഭജന ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികള്‍ക്കും ധാരണയിലെത്താനായില്ല. ഇന്നലെ ഡല്‍ഹിയില്‍ ജെ.ഡി.എസ് നേതാവും മുന്‍പ്രധാനമന്ത്രിയുമായ ദേവഗൗഡയുടെ വസതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായി രണ്ട് മണിക്കൂര്‍ ചര്‍ച്ച നടത്തിയെങ്കിലും സീറ്റ് പങ്കുവയ്ക്കുന്നതില്‍ ഇരു പാര്‍ട്ടികള്‍ക്കും ധാരണയിലെത്താനായിട്ടില്ലെന്ന് പാര്‍ട്ടി നേതൃത്വങ്ങള്‍ അറിയിച്ചു.
28 ലോക്സഭാ മണ്ഡലങ്ങളുള്ള കര്‍ണാടകയില്‍ 10 സീറ്റ് വേണമെന്ന ആവശ്യത്തില്‍ ജെ.ഡി.എസ് ഉറച്ചുനില്‍ക്കുകയാണ്. ചര്‍ച്ചയില്‍ കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ജെ.ഡി.എസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി എന്നിവരും സംബന്ധിച്ചു.
ഇരുപാര്‍ട്ടി നേതാക്കളും തമ്മില്‍ ചര്‍ച്ച തുടരുമെന്ന് ദേവഗൗഡ അറിയിച്ചു. നേരത്തെ കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ 12 സീറ്റുകളാണ് ജെ.ഡി.എസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 10 സീറ്റുകളെങ്കിലും ലഭിക്കണമെന്നാണ് ഏറ്റവും കുറഞ്ഞ ആവശ്യമെന്ന് ദേവഗൗഡ പറഞ്ഞു.
ഡാനിഷ് അലിയും കെ.സി വേണുഗോപാലുമായി ചര്‍ച്ച നടത്തി സീറ്റ് വിഭജനകാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുമെന്ന് രാഹുല്‍ ഗാന്ധി പിന്നീട് പറഞ്ഞു. മാര്‍ച്ച് പത്തോടെ ഇരുപാര്‍ട്ടികളും മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച് തീരുമാനത്തിലെത്തുമെന്ന് ഡാനിഷ് അലിയും വ്യക്തമാക്കി.
ദേവഗൗഡയുമായി നടന്ന ചര്‍ച്ചയില്‍ രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിഗതികളും ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."