കഞ്ചിക്കോട് കോച്ച് ഫാക്ടറി: പ്രധാനമന്ത്രി ഇടപെടണമെന്ന് പിണറായി
ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
യു.പി.എ സര്‍ക്കാരിന്റെ നയം തന്നെയാണ് ബി.ജെ.പി സര്‍ക്കാരും കഞ്ചിക്കോട് കോച്ച് ഫാക്ടറിയോട് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കുന്നുവെന്ന് ആരോപിച്ച് ഇടത് എം.പിമാര്‍ റെയില്‍ മന്ത്രാലയത്തിന് മുന്‍പില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഈ സാഹചര്യം തുടരുകയാണെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധത്തിലേക്ക് സംസ്ഥാനത്തിന് നീങ്ങേണ്ടിവരും. അവശേഷിച്ച സമയം വച്ചുകൊണ്ട് ശരിയായ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരും കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലും തയാറാകണം.
പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഇടപെടണം. നീതി ആയോഗ്‌യോഗത്തില്‍ പ്രശ്‌നം ഉന്നയിച്ചതാണ്. പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഹരിയാനയില്‍ കോച്ച് ഫാക്ടറി സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
നാടിനോടും ജനങ്ങളോടും ശത്രുതാപരമായ നിലപാടാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും സ്വീകരിക്കുന്നത്. ഇത് കേരളത്തിലെ ജനങ്ങളെ ശിക്ഷിക്കലാണ്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് ചേരാത്ത സമീപനമാണ്. പാലക്കാടിന്റെയോ കേരളത്തിന്റെയോ മാത്രമായ പ്രശ്‌നമല്ലെന്നും രാജ്യത്തെ കേന്ദ്ര സര്‍ക്കാര്‍ എങ്ങനെ നോക്കിക്കാണുന്നുവെന്നതിന്റെ ഉദാഹരണമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."