HOME
DETAILS
MAL
കൊവിഡ് പ്രതിരോധം: തങ്ങളെ അവഗണിക്കുന്നെന്ന് റേഡിയോഗ്രാഫര്‍മാര്‍
backup
May 12 2020 | 03:05 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമൊപ്പം കൊവിഡ്19 മഹാമാരിയെ പ്രതിരോധിക്കാന്‍ മുന്‍പന്തിയില്‍ തന്നെയുണ്ടായിട്ടും തങ്ങള്‍ അവഗണിക്കപ്പെടുന്നുവെന്ന് റേഡിയോഗ്രാഫര്‍മാര്‍.
കൊവിഡ് സംശയിക്കപ്പെടുന്നവര്‍ക്കും രോഗികള്‍ക്കും എക്സ്റേയും സി.ടി സ്കാനും ആവശ്യമായി വരുന്നുണ്ട്. റേഡിയേഷനെ പ്രതിരോധിക്കുന്നതിനുള്ള ലെഡ് കവചത്തിനു പുറമേ രോഗവ്യാപനത്തിന് ഏറെ സാധ്യതയുള്ളതിനാല്‍ പി.പി.ഇ കിറ്റും ധരിച്ചാണ് റേഡിയോഗ്രാഫര്‍മാര്‍ ഇവരുടെ എക്സ്റേയും സി.ടിയുമൊക്കെ എടുക്കുന്നത്.
ശേഷം എക്സ്റേ, സി.ടി യൂനിറ്റുകള്‍ അണുവിമുക്തമാക്കുന്നതും ഇവരുടെ ചുമതലയാണ്. പിന്നീട് അണുനശീകരണ നടപടികള്‍ക്കും ശേഷമാണ് ഇവര്‍ മറ്റു രോഗികള്‍ക്കായുള്ള പരിശോധനകള്‍ നടത്തുന്നത്.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത ഏപ്രില്‍ മാസത്തില്‍ വിശ്രമമില്ലാത്ത കൃത്യനിര്വഹണത്തിലായിരുന്നു ഇവരും.
എന്നാല്‍ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗരേഖയില്‍നിന്ന് തങ്ങളെ ഒഴിവാക്കിയതായി റേഡിയോഗ്രാഫര്‍മാര്‍ പറയുന്നു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലാബ് ടെക്നീഷ്യന്‍സ്, നഴ്സിങ് അസിസ്റ്റന്റ്സ്, അറ്റന്റര്‍മാര്‍, ഡ്രൈവര്‍മാര്‍ എന്നിവരെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയ മാര്‍ഗരേഖയില്‍ റേഡിയോഗ്രാഫര്‍മാരുടെ കാര്യംപറയുന്നില്ല.
കൊവിഡ് വ്യാപന സാധ്യത സൂചിപ്പിക്കുന്ന കൊവിഡ് റിസ്ക് സ്കോറില്‍ നഴ്സുമാര്‍ക്ക് തൊട്ടുതാഴെ തന്നെ റേഡിയോഗ്രാഫര്‍മാരും ഉള്‍പ്പെടുന്നുണ്ടെന്നാണ് കഴിഞ്ഞ മാസം വേള്‍ഡ് എക്കണോമിക് ഫോറം തൊഴില്‍മേഖലയുമായി ബന്ധപ്പെടുത്തി പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."