മധുവിന് ആശ്വാസം; കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ ധനസഹായം
പാലാ: ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഞീഴൂര്‍- കൊച്ചിടത്തില്‍ പറമ്പില്‍ മധുവിന് ജില്ലാ കലക്ടറുടെ ജനസമ്പര്‍ക്കപരിപാടി ജനകീയം 2017 ല്‍ മൂന്ന് ലക്ഷം രൂപയുടെ സഹായം അനുവദിച്ചു. കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി നോക്കിയിരുന്ന 42 കാരനായ മധുവിന് കുറച്ച് നാള്‍ മുമ്പാണ് കാലില്‍ നീരും മറ്റു ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടത്.
തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കരള്‍ രോഗമാണെന്നും കരള്‍മാറ്റി വയ്‌ക്കേണ്ടിവരുമെന്നും മധു അറിയുന്നത്. സ്വന്തമായുള്ള എട്ട് സെന്റ് സ്ഥലത്ത് പഞ്ചായത്ത് പണിതു നല്‍കിയ വീട്ടില്‍ താമസിക്കുന്ന മധുവിന് വന്‍തുക ചെലവ് വരുന്ന കരള്‍ രോഗ ശസ്ത്രക്രിയയെക്കുറിച്ച് ആലോചിക്കാന്‍ കൂടി കഴിയില്ലായിരുന്നു.
രണ്ട് മാസം മുമ്പ് കലക്ടര്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയെക്കുറിച്ച് പത്രത്തിലൂടെ അറിഞ്ഞ മധുവിന്റെ ഭാര്യ സുനിതയാണ് ഭര്‍ത്താവിന്റെ ദുരിതാവസ്ഥ വിവരിച്ചു അപേക്ഷ നല്‍കിയത്. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന മധുവിന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കിയ ജില്ലാ കലക്ടര്‍ സി.എ ലത ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പരാതി പരിശോധിച്ചതിനു ശേഷം മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം അനുസരിച്ച് കലക്ടര്‍ മൂന്ന് ലക്ഷം രൂപയുടെ ധനസഹായം മധുവിന് അനുവദിച്ചു.
കോതനല്ലൂര്‍ പഴയിടത്ത് ശശിയുടെ മകന്‍ ശ്യാമിനും 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു സഹായം അനുവദിച്ചു. കാന്‍സര്‍ രോഗിയായ ശ്യാം തിരുവനന്തപുരം ആര്‍.സി.സി യില്‍ ചികിത്സയിലാണ്. ശ്യാമിന്റെ മാതാവ് ശാന്തമ്മ ജനസമ്പര്‍ക്ക പരിപാടിയില്‍ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ശ്യാമിന്റെ ചികിത്സയ്ക്കായി സഹായധനം നല്‍കിയത്.
വൈക്കം-തലയാഴം കണിയാന്‍തറ സോമന്റെ മകന്‍ 21 വയസുളള അഖിലിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി 2 ലക്ഷം രൂപയും ജനസമ്പര്‍ക്ക പരിപാടിയില്‍ അനുവദിച്ചു. ഇരു വൃക്കകളും തകരാറിലായ അഖിലിന് പിതാവ് സോമന്‍ തന്നെയാണ് വൃക്ക നല്‍കിയത്. കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റിയില്‍ ചികിത്സയിലാണ് അഖില്‍. ജനസമ്പര്‍ക്ക പരിപാടിയില്‍ എത്തിയ ഈരാറ്റുപേട്ട വയലുങ്കല്‍ സക്കീര്‍ ഹുസൈന്‍-ഐഷ ദമ്പതിമാരുടെ സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച മകന്‍ അഞ്ചു വയസുള്ള ആദിലിനും ലഭിച്ചു കലക്ടറുടെ സമാശ്വാസം. കുട്ടിയുടെ ചികിത്സയ്ക്കായി ധനസഹായം അനുവദിക്കുന്നതിനുള്ള നടപടികള്‍ പരിപാടിയില്‍ സ്വീകരിച്ചു.
ചികിത്സാസഹായത്തിനെത്തിയ പക്ഷാഘാതം പിടിപെട്ട ഇടനാട് സ്വദേശി ലൂക്കോസിന്റെ അടുക്കലെത്തിയാണ് ജില്ലാ കലക്ടര്‍ അപേക്ഷ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ചികിത്സാ സഹായവും കലക്ടര്‍ ഉറപ്പു നല്‍കി. ചികിത്സാ ആനുകൂല്യത്തിനായി ഇന്നലെ പുതുതായി ലഭിച്ച 20 അപേക്ഷകളില്‍ 79,000 രൂപയുടെ ധനസഹായം ജില്ലാ കലക്ടര്‍ അനുവദിച്ചു. ശേഷിച്ച അപേക്ഷകള്‍ പരിശോധനയ്ക്കും തുടര്‍ നടപടികള്‍ക്കുമായി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."