പൊലിസ് ഡ്രൈവര്‍ക്ക് നേരെ ആക്രമണം: എ.ഡി.ജി.പിയുടെ മകളുടെ മൊഴിയും ആശുപത്രി രേഖയും തമ്മില്‍ വൈരുദ്ധ്യം
തിരുവനന്തപുരം: പൊലിസ് ഡ്രൈവര്‍ ഗവാസ്കറെ ആക്രമിച്ച കേസില്‍ എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകളുടെ മൊഴിയും ആശുപത്രി രേഖയും തമ്മില്‍ വൈരുദ്ധ്യം. ഓട്ടോറിക്ഷ ഇടിച്ചതെന്നാണ് ആശുപത്രി രേഖയിലുള്ളത്. പൊലിസിന് നല്കിയ പരാതിയില്‍ പറഞ്ഞതാകട്ടെ ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ കാലിലൂടെ കയറിയെന്നതും. ഇതിനിടെ തന്റെ പട്ടിയെ കല്ലെറിഞ്ഞെന്ന എ.ഡി.ജി.പി സുധേഷ്കുമാറിന്റെ പരാതിയില്‍ പൊലിസ് കേസെടുത്തു.
ഓട്ടോറിക്ഷ ഇടിച്ചെന്നു പറഞ്ഞാണ് എ.ഡി.ജി.പിയുടെ മകള്‍ തിരുവനന്തപുരത്തെ എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സതേടിയത്. എന്നാല്‍ ഔദ്യോഗിക വാഹനം പൊലിസ് ഡ്രൈവര്‍ കാലിലൂടെ കയറ്റി എന്നായിരുന്നു പൊലിസില്‍ നല്കിയ പരാതിയിലുള്ളത്.
ആശുപത്രി രേഖയില്‍ ശരീരത്തിലുള്ള പാടുകള്‍ ഓട്ടോറിക്ഷ ഇടിച്ചുള്ളതാണെന്നാണ് രേഖപ്പെടുത്തിയത്. അസ്ഥിരോഗ വിദഗ്ധന്റെ കേസ് ഷീറ്റിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഡോക്ടറുടെ മൊഴിയും ആശുപത്രി രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ പൊലിസ് പരാതിക്കാരിയുടെ മൊഴി എടുക്കും. ഗവാസ്കര്‍ നല്കിയ പരാതിയില്‍ എ.ഡി.ജി.പി സുധേഷ് കുമാറിന്റെയും കുടുംബത്തിന്റെയും മൊഴിയെടുക്കാന്‍ ക്രൈം ബ്രാഞ്ച് സമയം ചോദിച്ചിട്ടുണ്ട്.
ഇതിനിടെയാണ് തന്റെ പട്ടിയെ ആരോ കല്ലെറിഞ്ഞെന്ന പരാതിയുമായി എ.ഡി.ജി.പി രംഗത്തു വന്നത്. പരാതിയില്‍ ഉടന്‍ തന്നെ പൊലിസ് കേസെടുത്തു. അലക്ഷ്യമായി വാഹനം ഓടിച്ചതാണു ഗവാസ്കര്‍ക്കു പരുക്കേല്‍ക്കാന്‍ കാരണമെന്നാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കു നല്കിയ പരാതിയില്‍ എ.ഡി.ജി.പി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."