സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയുടെ വിലക്ക്; അനുമതി നിഷേധിച്ചത് നിര്‍ഭാഗ്യകരം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചത് നിര്‍ഭാഗ്യകരമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ 53-ാം വാര്‍ഷിക സമ്മേളനം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ നിലപാട് ഇന്ത്യന്‍ ഫെഡറലിസത്തിന് എതിരേയുള്ളതാണ്. റേഷന്‍ വിതരണവുമായുള്ള പ്രശ്‌നമായതിനാല്‍ ആവശ്യമെങ്കില്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനുമായി ചര്‍ച്ച നടത്താനാണ് നിര്‍ദേശിച്ചത്. കേരളം ഇന്ത്യന്‍ യൂണിയനില്‍പ്പെട്ട സംസ്ഥാനമാണ്.
അതിനാലാണ് പ്രധാനമന്ത്രിയെ കാണാന്‍ ആവശ്യപ്പെടുന്നത്. മന്ത്രി പാസ്വാന്‍ വിചാരിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമല്ലിത്. മുഖ്യമന്ത്രി ഉള്‍പ്പെട്ട ഓള്‍പാര്‍ട്ടി സംഘം സന്ദര്‍ശനത്തിന് അനുമതി ആവശ്യപ്പെട്ടാല്‍ പ്രധാനമന്തി അതിന് അനുവാദം നല്‍കണം. കഴിഞ്ഞ യു.ഡി.എഫ് ഗവണ്‍മെന്റിന്റെ അഞ്ചുവര്‍ഷത്തില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനുള്ള അനുമതി തേടിയപ്പോഴെല്ലാംഅനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് പറയാനും അവകാശമുണ്ട്. അത് കേള്‍ക്കാനുള്ള ബാധ്യത പ്രധാനമന്ത്രിക്കുണ്ട്. കേരളം ധാന്യവിളകള്‍ നല്‍കിയാല്‍ ആവശ്യമായ അരിയും ഗോതമ്പും നല്‍കാമെന്ന് ഉറപ്പ് നല്‍കിയത് മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. 2016 സെപ്റ്റംബര്‍ വരെ ഇത് കേന്ദ്രം കൃത്യമായി പാലിച്ചു. കേരളത്തിന് അര്‍ഹതപ്പെട്ട റേഷന്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കേള്‍ക്കാന്‍ പോലും തയാറാകാത്ത പ്രധാനമന്ത്രിയുടെ നടപടിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന ഏതുനിലപാടിനോടും യോജിക്കാന്‍ പ്രതിപക്ഷം തയാറാണ്. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത് ഏറെ വൈകിയാണെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ്, ജീവനക്കാരെ വിശ്വാസത്തിലെടുത്ത് നടപ്പാക്കണം എന്നതായിരുന്നു യു.ഡി.എഫ് നിലപാട്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ജീവനക്കാരെ മറന്നുകൊണ്ടുള്ള നിലപാടുകളാണ് സ്വീകരിക്കുന്നത്. ദേശീയതലത്തില്‍ നരേന്ദ്രമോദിയുടെ അച്ഛാ ദിന്‍ നാലുവര്‍ഷമായിട്ടും കാണുന്നില്ല. കേരളത്തില്‍ രണ്ടു വര്‍ഷമായി എല്ലാം ശരിയാക്കുന്നതും കാണുന്നില്ല. അച്ഛാ ദിനും എല്ലാം ശരിയാക്കലും ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജെ. ബെന്‍സി അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."