HOME
DETAILS
MAL
മൂന്ന് ജനറേറ്ററുകള്‍ ഷട്ട്ഡൗണില്‍; ഇടുക്കിയിലെ ജലനിരപ്പ് താഴ്ത്തല്‍ വെല്ലുവിളി
backup
May 12 2020 | 03:05 AM
തൊടുപുഴ: വൈദ്യുതി ഉല്‍പാദനം ഉയര്‍ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്താനുള്ള ശ്രമത്തിന് ജനറേറ്റര്‍ തകരാര്‍ വെല്ലുവിളി. ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ മൂന്ന് ജനറേറ്ററുകളുടെ ഷട്ട്ഡൗണ്‍ തുടരുന്നതാണ് കെ.എസ്.ഇ.ബിക്ക് തിരിച്ചടിയാകുന്നത്. ജലവര്‍ഷം അവസാനിക്കാന്‍ 21 ദിനങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. സംഭരണശേഷിയുടെ 43 ശതമാനം വെള്ളം ഇടുക്കിയിലുണ്ട്. വേനല്‍മഴ ശരാശരി ലഭിക്കുന്നതിനാല്‍ നീരൊഴുക്കുമുണ്ട്. ഇന്നലെ മാത്രം 12.29 ലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തി. 2019 ജൂണ്‍ ഒന്നിന് 19.5 ശതമാനം വെള്ളം മാത്രമാണ് ഏറ്റവും വലിയ പദ്ധതിയായ ഇടുക്കി ഡാമില്‍ ഉണ്ടായിരുന്നത്. 1467.464 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം എല്ലാ സംഭരണികളിലുമായി നിലവിലുണ്ട്. ഇതില്‍ 941.451 ദശലക്ഷം യൂനിറ്റിനുള്ള വെള്ളവും ഇടുക്കിയിലാണ്.
മൂലമറ്റം പവര്‍ഹൗസിലെ 130 മെഗാവാട്ട് വീതം ശേഷിയുള്ള 6 ജനറേറ്ററുകളില്‍ മൂന്നെണ്ണം മൂന്നുമാസത്തിലധികമായി ഷട്ട്ഡൗണിലാണ്. രണ്ടെണ്ണം തകരാറിലും ഒന്ന് പുനരുദ്ധാരണത്തിലുമാണ്. മൂന്ന് ജനറേറ്ററുകളില്‍ പരമാവധി ഉല്‍പാദനം നടത്തുന്നുണ്ട്. ശനിയാഴ്ച 8.463 ദശലക്ഷം യൂനിറ്റും ഞായറാഴ്ച 6.986 ദശലക്ഷം യൂനിറ്റുമായിരുന്നു ഉല്‍പാദനം. ആറ് ജനറേറ്ററുകളും 24 മണിക്കൂര്‍ നിര്‍ത്താതെ പ്രവര്‍ത്തിച്ചാല്‍ 18.72 ദശലക്ഷം യൂനിറ്റ് വരെ വൈദ്യുതി ഉല്‍പാദിപ്പിക്കാം. ഇത് സാങ്കേതികമാണെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ 17 ദശലക്ഷം യൂനിറ്റ് വരെ ഉല്‍പാദിപ്പിക്കാന്‍ പ്രയാസമില്ല.
ലോക്ക് ഡൗണിനെ തുടര്‍ന്ന് ഒന്നരമാസത്തോളമായി നിലച്ചിരുന്ന പവര്‍ഹൗസിലെ പണികള്‍ ഏപ്രില്‍ അവസാനമാണ് പുനരാരംഭിച്ചത്. ഇതിനിടെ ആറാം നമ്പര്‍ ജനറേറ്ററിന്റെ ട്രാന്‍സ്‌ഫോര്‍മര്‍ പരീക്ഷണ ഓട്ടത്തിനിടെ കഴിഞ്ഞദിവസം തകരാറിലായി. ജനറേറ്ററിലെ 11 കെ.വി ഔട്പുട്ട് മൂന്നൂഘട്ടമായാണ് സ്റ്റെപ്പ് അപ്പ് ചെയ്ത് 220 കെ.വിയായി ഉയര്‍ത്തുന്നത്.
ഇത്തരത്തില്‍ ഉയര്‍ത്തുന്ന ഒരു ജനറേറ്ററാണ് തകരാറിലായത്. ഇത് മാറ്റി സ്ഥാപിക്കാന്‍ കുറഞ്ഞത് രണ്ടാഴ്ച കൂടി വേണമെന്നാണ് നിഗമനം. ഈ ജനറേറ്ററിന്റെ പാനല്‍ ബോര്‍ഡാണ് ഫെബ്രുവരി ഒന്നിനുണ്ടായ പൊട്ടിത്തെറിയില്‍ കത്തിനശിച്ചത്.
കഴിഞ്ഞ ജനുവരി 20നും ഫെബ്രുവരി ഒന്നിനുമാണ് പവര്‍ഹൗസിലെ യഥാക്രമം രണ്ടും ആറും ജനറേറ്ററുകള്‍ തകരാറിലായത്. രണ്ടാംനമ്പര്‍ ജനറേറ്ററിന്റെ പണികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ നവീകരണം അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് ലോക്ക് ഡൗണ്‍ വന്നത്.
കരാര്‍ കമ്പനിയുടെ ജീവനക്കാര്‍ ചൈനയില്‍ നിന്നടക്കം ഉള്ളവരാണ്. ഇവരെത്തിയെങ്കില്‍ മാത്രമേ ഈ ജനറേറ്ററിന്റെ പരീക്ഷണ ഓട്ടം പോലും നടത്താന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."