ഇന്ത്യന്‍ ഷൂട്ടിങ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട മൂന്നു മലയാളികളും ഇടുക്കിക്കാര്
തൊടുപുഴ: ഇന്ത്യന്‍ ഷൂട്ടിങ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട മൂന്നു മലയാളികളും ഇടുക്കിക്കാര്. മുട്ടം റൈഫിള്‍ ക്ലബിലെ അംഗങ്ങളായ മൂന്ന് ഷൂട്ടര്‍മാരെ 2017 ലെ ഇന്ത്യന്‍ ഷൂട്ടിങ് ടീമിലേയ്ക്കാണ് തിരഞ്ഞെടുത്തത്. എലിസബത്ത് സൂസന് കോശി, സൈറ മരിയ ജോ, തോമസ് ജോര്‍ജ് എന്നിവര്‍ക്കാണ് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചത്. ഇതില്‍ എലിസബത്ത് കോശിയും തോമസ് ജോര്‍ജും നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡലുകള്‍ നേടിയിട്ടുള്ളവരാണ്.
പതിനേഴാം വയസില്‍ ജര്‍മനിയില്‍ നടന്ന ജൂനിയര്‍ മീറ്റിലൂടെയായിരുന്നു എലിസബത്ത് സൂസന് കോശിയുടെ അന്താരാഷ്ട്രരംഗത്തെ അരങ്ങേറ്റം. ഏഷ്യന്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പ് വെള്ളിമെഡല്‍ ജേത്രിയായിരുന്നു. 2013, 2014 ലോകകപ്പുകളില്‍ ഇന്ത്യന്‍ടീമില്‍ അംഗമായിരുന്നു.
2014 കോമണ്‍വെല്‍ത്ത് ഗെയിംസിലും പങ്കെടുത്തിട്ടുണ്ട്. തൊടുപുഴ മലങ്കര പ്ലാന്റേഷനില്‍ മാനേജരായിരുന്ന കൊല്ലംചേരില് കോശി എബ്രഹാമിന്റെയും ആനിയുടെയും മൂന്നു മക്കളില്‍ ഏറ്റവും ഇളയയാളാണ് എലിസബത്ത്.
സ്കൂള്‍ പഠനകാലത്തു തന്നെ ഇടുക്കി റൈഫിള്‍ ക്ലബില്‍ അംഗമായ അച്ഛനൊപ്പം ഷൂട്ടിങ് റേഞ്ചിലെ നിത്യ സന്ദര്‍ശകയായി. പിന്നീട് ഇടുക്കിയിലെ ഷൂട്ടിങ് റേഞ്ചിലെ പരിശീലനത്തിലൂടെ പ്രതിഭ തെളിയിക്കാന്‍ എലിസബത്തിനായി. 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ഷൂട്ടിങിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഹരിയാന ഒ.പി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്സിറ്റിയില്‍ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ അഫയേഴ്സില് ബി.എ പ്ലോബല് അഫയേഴ്സ് വിദ്യാര്‍ഥിയാണ് തോമസ് ജോര്‍ജ്. കാഞ്ഞിരപ്പള്ളി സ്വദേശിയും പ്ലാന്ററുമായ ജോര്‍ജ് കുര്യന് കരിമ്പനാലിന്റെയും രേഖയുടെയും മകനാണ്. ഇപ്പോള്‍ തേവരയിലാണ് താമസം. ഒളിംപിക് ഇനമായ റാപ്പിഡ് എയര്‍ പിസ്റ്റളിലാണ് തോമസ് ജോര്‍ജ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനിലാണ് സൈറ മരിയ ജോയുടെ ശ്രദ്ധ. പരിശീലന ക്യാംപ് 23ന് ആരംഭിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."