തേക്കടി ടൂറിസം പ്രതിസന്ധി: വനം മന്ത്രിയുമായി ഇന്ന് തിരുവനന്തപുരത്ത് ചര്‍ച്ച
തൊടുപുഴ: തേക്കടിയിലെ രാമന്‍പാര്‍ക്കിലുണ്ടായിരുന്ന വാഹന പാര്‍ക്കിങ് നിരോധിക്കുകയും സ്വകാര്യ വാഹനങ്ങള്‍ക്ക് വനംവകുപ്പ് ഏകപക്ഷീയമായി ഏര്‍പ്പെടുത്തിയ നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് സമരത്തിലുള്ള കുമളി ജനകീയ സമരസമിതി നേതാക്കള്‍ ഇന്ന് തിരുവനന്തപുരത്ത് വനംവകുപ്പ് മന്ത്രി കെ രാജുവുമായി ചര്‍ച്ച നടത്തും.
കഴിഞ്ഞ മാര്‍ച്ച് ഒന്നു മുതലാണ് തേക്കടി ബോട്ട് ലാന്റിങിന് സമീപത്തെ രാമന്‍ പാര്‍ക്കിലുണ്ടായിരുന്ന വാഹന പാര്‍ക്കിങ് വനംവകുപ്പ് ഏകപക്ഷീയമായി അടച്ചത്. ഇതോടൊപ്പം സ്വകാര്യ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.
ഇതിന് ശേഷം കുമളിയിലും പരിസരങ്ങളിലും ടൂറിസം രംഗത്ത് കനത്ത പ്രതിസന്ധിയാണ് വളര്‍ന്ന് വന്നിട്ടുള്ളത്. ഇല്ലാത്ത കോടതി വിധിയുടെ പേരിലാണ് വാഹന പാര്‍ക്കിങ് തേക്കടിയില്‍ നിന്നു ഒഴിവാക്കിയത്.
തേക്കടിയിലെ ടൂറിസത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ് വനംവകുപ്പ് ഇത്തരത്തിലുള്ള ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കുന്നത്. അതോടൊപ്പം പാലാരിവട്ടം-തേക്കടി സംസ്ഥാന പാത 41-ലാണ് വനംവകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പാര്‍ക്കിങ് നിരോധനത്തെ തുടര്‍ന്ന് കുമളിയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളും ട്രേഡ് യൂണിയന്‍ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നാണ് കുമളി ജനകീയ സമര സമിതി രൂപീകരിച്ചത്. സമര സമിതിയുടെ നേതൃത്വത്തില്‍ തേക്കടി ചെക്‌പോസ്റ്റ് മാര്‍ച്ച്, തേക്കടിയിലേക്ക് പ്രതിഷേധ വാഹന മാര്‍ച്ച്, ദേശീയപാത ഉപരോധം, കുമളി ടൗണില്‍ പ്രതിഷേധ ധര്‍ണ, വനംവകുപ്പ് ഉദ്യോഗസ്ഥ വാഹനങ്ങള്‍ തടയല്‍ തുടങ്ങിയ നിരവധി പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍, സമര സമിതി നേതാക്കളും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."