മദ്യം വാങ്ങാന്‍ ടോക്കണ്‍; ബെവ്‌കോ ആപ്പ് തയാറാക്കുന്നു
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കി മദ്യവില്‍പന നടത്താനൊരുങ്ങി ബിവറേജസ് കോര്‍പറേഷന്‍. ഇതിനായി പ്രത്യേക ആപ്പ് തയാറാക്കി അതിലൂടെ ടോക്കണ്‍ വിതരണം ചെയ്ത് മദ്യം വില്‍ക്കാനാണ് നീക്കം. ഓണ്‍ലൈന്‍ ടോക്കണ്‍ വിതരണത്തിനുള്ള സോഫ്റ്റ് വെയറും ആപ്പും തയാറാക്കുന്നതിനുള്ള കമ്പനിയെ രണ്ടു ദിവസത്തിനുള്ളില്‍ ബെവ്‌കോ കണ്ടെത്തും.
നിലവിലെ സാഹചര്യത്തില്‍ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നത് ജനങ്ങള്‍ തടിച്ചുകൂടാന്‍ കാരണമാകും. തമിഴ്‌നാട് ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ ഇതു കണ്ടതുമാണ്. മാത്രമല്ല ഇപ്പോഴത്തെ സാഹചര്യത്തില്‍ മദ്യശാലകള്‍ തുറക്കുന്നത് പ്രതിപക്ഷത്തിന് വിമര്‍ശിക്കാനുള്ള അവസരം കൊടുക്കലാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. അതുകൊണ്ടാണ് പരാതികളില്ലാതെ മദ്യശാലകള്‍ തുറക്കാനുള്ള മുന്നൊരുക്കമെന്ന നിലയില്‍ ബെവ്‌കോ ഓണ്‍ലൈന്‍ വില്‍പ്പനയിലേക്കു പോകുന്നത്.
മുന്‍കൂട്ടി പണമടച്ച് മദ്യം വാങ്ങാനുള്ള ടോക്കണ്‍ ആപ്പിലൂടെ സ്വന്തമാക്കാം. നിശ്ചയിക്കുന്ന സമയത്ത് തെരഞ്ഞെടുക്കുന്ന ഔട്ട് ലെറ്റിലെത്തി മദ്യം വാങ്ങി മടങ്ങുകയും ചെയ്യാം. ഇതിലൂടെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ ക്യൂ പൂര്‍ണമായും ഇല്ലാതാകും. സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ സഹായത്തോടെ രണ്ടു ദിവസത്തിനകം ആപ്പില്‍ തീരുമാനമുണ്ടാകും. ഇതു സംബന്ധിച്ച് ബെവ്‌കോ എം.ഡി സ്റ്റാര്‍ട്ട് അപ്പ് മിഷനു കത്തു നല്‍കി. ആപ്പ് തയാറാക്കാന്‍ 29 കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചതായി സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ അറിയിച്ചു. ഇതില്‍ നിന്ന് മികച്ച കമ്പനിയെ തെരഞ്ഞെടുക്കാന്‍ സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. ടെന്‍ഡര്‍ നടപടികളുടെ സങ്കീര്‍ണത ഒഴിവാക്കി പെട്ടെന്നു നടപടികള്‍ നീക്കാനാണ് സ്റ്റാര്‍ട്ട് അപ്പിന്റെ സേവനം തേടുന്നത്.
അതേസമയം, കള്ളുഷാപ്പിലെ പാര്‍സല്‍ സംവിധാനത്തിന് ചട്ടഭേദഗതി വേണ്ടെന്നാണ് നിയമോപദേശം. ഒരാള്‍ക്ക് ഒന്നര ലിറ്റര്‍ കള്ള് കൈവശം വയ്ക്കാന്‍ അബ്കാരി ചട്ടത്തില്‍ അനുമതിയുണ്ട്. കള്ളുഷാപ്പുകളില്‍ നിന്ന് മാത്രമേ വില്‍പ്പന പാടുള്ളൂ എന്നതിനാല്‍ പ്രത്യേക ഭേദഗതി വേണ്ടെന്നാണ് സര്‍ക്കാരിനു കിട്ടിയിരിക്കുന്ന നിയമോപദേശം. കള്ളുഷാപ്പുകള്‍ നാളെയാണ് തുറക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."