ഡേവ് വാട്‌മോര്‍ തെക്കുംഭാഗം ക്രിക്കറ്റ് സ്റ്റേഡിയം സന്ദര്‍ശിച്ചു
തൊടുപുഴ: കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ തെക്കുംഭാഗത്ത് നിര്‍മാണം പൂര്‍ത്തിയായ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രഞ്ജി ട്രോഫി കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായ ഡേവ് വാട്‌മോര്‍ സന്ദര്‍ശനം നടത്തി. 23 വയസില്‍ താഴെയുള്ളവരുടെ അന്തര്‍ ജില്ലാ മത്സരം നടക്കുന്നതിനിടെയായിരുന്നു ഇദ്ദേഹത്തിന്റെ സന്ദര്‍ശനം.
ഇവിടെ നിര്‍മാണം പൂര്‍ത്തിയായ സ്റ്റേഡിയവും നിര്‍മാണം നടന്നുവരുന്ന രണ്ടാമത്തെ സ്റ്റേഡിയവും വിഖ്യാത ഓസ്‌ട്രേലിയന്‍ പരിശീലകനായ ഡേവ് വാട്‌മോര്‍ വീക്ഷിച്ചു. തെക്കുംഭാഗത്തെ സ്റ്റേഡിയത്തില്‍ അതിശയകരമായ സൗകര്യങ്ങളാണുള്ളതെന്ന് വാട്‌മോര്‍ അഭിപ്രായപ്പെട്ടു. സ്റ്റേഡിയത്തിന്റെ പരിസരവും മനോഹാരിതയും ഏറെ ആകര്‍ഷകമാണെന്ന് വാട്‌മോര്‍ പറഞ്ഞു.
സംസ്ഥാന ടീമിനു പരിശീലനം നടത്താനും രാജ്യാന്തര മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ താരങ്ങളുടെ കളിമികവ് വര്‍ധിപ്പിക്കുന്നതിനും സ്റ്റേഡിയം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരളാ ടീമിനെ ഇവിടെ എത്തിച്ച് പരിശീലനം നടത്തുന്നതിനു മുന്നോടിയായാണ് വാട്‌മോര്‍ ഇവിടെ എത്തിയത്. ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ടീമിന്റെ പരിശീലകനായിരുന്ന വാട്‌മോര്‍ പാക്കിസ്ഥാന്‍, ബംഗ്ലദേശ് ടീമുകള്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്.
തെക്കുംഭാഗത്തെ സ്റ്റേഡിയത്തിലെത്തിയ ഡേവ് വാട്‌മോറിനൊപ്പം കെ.സി.എ പ്രസിഡന്റ് ബി. വിനോദ്, രഞ്ജി ട്രോഫി സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. ജയറാം, ഇടുക്കി ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പി.ബി.ഷാജി, ജോ.സെക്രട്ടറി വിജോ ജേക്കബ്, അസി.സെക്രട്ടറി ഫൈസല്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."