ഐ.പി.എസ് ഭീഷണിക്ക് സര്‍ക്കാര്‍ വഴങ്ങരുത്
പൊലിസുകാരെ കൂടെ കൂട്ടാതെ കഴിയാനൊക്കുകയില്ലെന്നും അവര്‍ വീടുകളില്‍ ഇല്ലെങ്കില്‍ ആത്മവീര്യം ചോര്‍ന്നുപോകുമെന്നും ആത്മവീര്യം ചോര്‍ന്നുപോയാല്‍ ക്രമസമാധാന പാലന രംഗത്ത് ശ്രദ്ധിക്കാന്‍ കഴിയാതെ വരുമെന്നും അതുവഴി സംസ്ഥാനത്തിന്റെ ക്രമസമാധാന നില ആകെ തകര്‍ന്ന് തരിപ്പണമാകുമെന്ന പരാതിയുമായാണ് കഴിഞ്ഞ ദിവസം ഐ.പി.എസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ കണ്ടത്.
24 മണിക്കൂറിനകം ക്യാമ്പ് ഫോളോവേഴ്‌സിനെ തിരികെ അയച്ചുകൊള്ളണമെന്ന് സംസ്ഥാനത്തെ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനം നല്‍കിയ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും ഇവര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കാണാനുണ്ടായിരുന്നു. ഇരുനൂറിനടുത്ത് വരുന്ന ഐ.പി.എസുകാരുടെ ആത്മവീര്യം ചോര്‍ന്ന് പോയാല്‍ തകരുന്നതല്ല കേരളത്തിന്റെ ക്രമസമാധാന നില. സംസ്ഥാനത്തിന്റെ ക്രമസമാധാന നില നിലനിര്‍ത്തുന്നതില്‍ ഇവര്‍ക്ക് കാര്യമായ പങ്കും ഇല്ല. രാപകലെന്നില്ലാതെ മഴയത്തും വെയിലത്തും കഠിനാധ്വാനം ചെയ്യുന്ന അമ്പതിനായിരത്തിനടുത്ത് വരുന്ന സാദാ പൊലിസുകാരുടെ കൈകളിലാണ് സംസ്ഥാനത്തിന്റെ സുരക്ഷ. വ്യായാമം ഇല്ലാത്തതിനാല്‍ ദുര്‍മേദസ്സും കുടവയറുമായി പ്രയാസപ്പെട്ടു നീങ്ങുന്ന ഐ.പി.എസുകാരുടെ കൈകളിലാണ് സംസ്ഥാനത്തിന്റെ ക്രമസമാധാനില എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കാനാണ്.
പ്രമോഷനുകളിലൂടെ എസ്.പിയാകുന്നവരേക്കാള്‍ യോഗ്യതയുള്ളവരാണ് പൊലിസുകാരില്‍ പലരും. അവരില്‍ എല്‍.എല്‍.ബിക്കാരുണ്ട്. ബിരുദാനന്തര ബിരുദമുള്ളവരുണ്ട്. അവരെ വീടുപണി ചെയ്യിക്കാന്‍ വിട്ടുകിട്ടണമെന്ന ഐ.പി.എസുകാരുടെ ആവശ്യം സര്‍ക്കാര്‍ ഒരിക്കലും അംഗീകരിക്കരുത്. ദാസ്യപ്പണി ചെയ്യുന്ന പൊലിസുകാരെ തിരികെ വിളിക്കുവാന്‍ ചങ്കൂറ്റം കാണിച്ച മുഖ്യമന്ത്രി ഐ.പി.എസുകാര്‍ എടുത്ത് പയറ്റുന്ന ഭീഷണിക്ക് മുമ്പില്‍ വഴങ്ങരുത്. ഇവരുടെ ഭീഷണിക്ക് വഴങ്ങി ദാസ്യപ്പണി ചെയ്യാന്‍ പൊലിസുകാരെ തിരികെ നല്‍കുന്ന പക്ഷം പൊതുസമൂഹത്തില്‍ നിന്ന് ഇപ്പോള്‍ സര്‍ക്കാരിന് കിട്ടിക്കൊണ്ടിരിക്കുന്ന പിന്തുണ നഷ്ടപ്പെടുകയായിരിക്കും ഫലം.
സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്ന ആവശ്യവുമായാണ് അവര്‍ മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. 200ല്‍ താഴെവരുന്ന ഐ.പി.എസുകാര്‍ തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല സംസ്ഥാന സര്‍ക്കാരെന്ന് അവരെ ബോധ്യപ്പെടുത്താനുള്ള അവസരവും കൂടിയാണിത്. സര്‍ക്കാര്‍ നേരത്തെ എടുത്ത നിലപാടുമായി മുന്നോട്ട് പോവുന്ന പക്ഷം ഐ.പി.എസുകാര്‍ താനെ അടങ്ങിക്കൊള്ളും. ചായ കോപ്പയിലെ കൊടുങ്കാറ്റായി ആ പ്രതിഷേധം കെട്ടടങ്ങും. വിഷയം ചര്‍ച്ച ചെയ്യാന്‍ 26ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി അര്‍ഥശങ്കയ്ക്കിടമില്ലാത്തവിധം വ്യക്തമാക്കുകയാണെങ്കില്‍ സമ്മര്‍ദ തന്ത്രവുമായി എത്തിയ ഐ.പി.എസുകാര്‍ അടങ്ങിക്കൊള്ളുമെന്നതില്‍ എന്തിന് സംശയിക്കണം. അവരല്ല അമ്പതിനായിരത്തിനടുത്ത് വരുന്ന സാധാരണക്കാരായ പൊലിസുകാരാണ് സംസ്ഥാനത്തിന്റെ ക്രമസമാധാന പാലനത്തില്‍ ജാഗരൂകരായി പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം.
ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ് തള്ളിക്കളഞ്ഞവരാണ് ഐ.പി.എസുകാരില്‍ പലരും. അവര്‍ അവരുടെ വീടുകളില്‍ ദാസ്യപ്പണി ചെയ്യുന്ന പൊലിസുകാരില്‍ പലരെയും ഇപ്പോഴും തിരികെ അയച്ചിട്ടില്ല.
പരിവാരം നഷ്ടപ്പെട്ട എ.ഡി.ജി.പി സുദേഷ് കുമാര്‍ അത് തിരികെ കിട്ടുവാനായി തനിക്ക് ഭീഷണിയുണ്ടെന്നും പട്ടിയെ ആരോ എറിഞ്ഞെന്നുമുള്ള ബാലിശമായ പരാതി നല്‍കിയിരിക്കുകയാണ്. മകളെ ഡ്രൈവര്‍ ഗവാസ്‌ക്കര്‍ മര്‍ദിച്ചുവെന്ന അദ്ദേഹത്തിന്റെ മറ്റൊരു പരാതിയുടെ സത്യാവസ്ഥ പരിശോധിച്ച ഡോക്ടര്‍ തന്നെ വ്യക്തമാക്കിയിരിക്കെ ആ വാദം നിലനില്‍ക്കില്ല.
മുഴുവന്‍ പൊലിസുകാരുടെയും ആത്മാഭിമാനത്തെ ജ്വലിപ്പിച്ച ഗവാസ്‌ക്കര്‍ ഇന്ന് ഭീതിയിലാണ്. ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരുടെ വേലക്കാരായിരുന്ന പൊലിസുകാരെ തിരികെ അയക്കേണ്ടിവരുന്നതില്‍ അവര്‍ ഗവാസ്‌ക്കറോട് അമര്‍ഷം ഉള്ളവരാണ്. പ്രതികാര ബുദ്ധിയോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള അവരുടെ നീക്കത്തെ തടയുവാന്‍ ഗവാസ്‌കര്‍ക്ക് ഹൈക്കോടതിയെ ശരണം പ്രാപിക്കേണ്ടിവന്നു.
ഐ.പി.എസുകാര്‍ പൊലിസുകാരെക്കൊണ്ട് പട്ടിയെ കുളിപ്പിക്കുന്നതും ടൈല്‍സ് പണി ചെയ്യിക്കുന്നതുമായ വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ നിമിത്തം ഗവാസ്‌ക്കറാണ്. ആ അരിശം അവര്‍ക്ക് ഗവാസ്‌ക്കറോട് ഉണ്ട്. അദ്ദേഹത്തിന്റെ സുരക്ഷ പൊലിസ് അസോസിയേഷന്റെ ബാധ്യതയുമാണ്.
ഐ.പി.എസുകാര്‍ പ്രതികളായി വരുമ്പോള്‍ അവര്‍ അതത് കാലത്തെ സര്‍ക്കാരുകളെ സമ്മര്‍ദത്തിലാക്കുന്നത് പതിവാണ്. തങ്ങള്‍ നിയമത്തിന് അതീതരാണെന്ന ധാരണയാണവര്‍ക്ക്. ആ ധാരണ മാറ്റാന്‍ സമയമായി. മുഖ്യമന്ത്രി 26ന് വിളിച്ച പൊലിസ് ഓഫിസര്‍മാരുടെ യോഗത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിനെതിരെയുള്ള ഏതാനും ഐ.പി.എസുകാരുടെ ഭീഷണി പുച്ഛിച്ചു തള്ളുമെന്ന് തന്നെയാണ് പൊതുസമൂഹം കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."