ന്യൂജന്‍ വായ്പാ തട്ടിപ്പ്: അഞ്ചുപേര്‍ പിടിയില്‍
മാള: മൊബൈല്‍ ആപ്പ് വഴി ചെറുകിടമധ്യനിര ബിസിനസുകാര്‍ക്ക് നിസാര പലിശക്ക് വന്‍തുക വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടുന്ന സംഘത്തിലെ അഞ്ചു പേര്‍ ചാലക്കുടി ഡിവൈ.എസ്.പി കെ.ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തിന്റെ പിടിയില്‍. മലപ്പുറം ജില്ല പാണ്ടിക്കാട് പുത്തില്ലത്ത് വീട്ടില്‍ രാഹുല്‍ (22) പത്തനംതിട്ട ജില്ല റാന്നി മുക്കപ്പുഴ സ്വദേശി കാത്തിരത്താമലയില്‍ വീട്ടില്‍ ജിബിന്‍ ജീസസ് ബേബി (24 ) കാസര്‍കോട് ജില്ല പരപ്പ വള്ളിക്കടവ് സ്വദേശി പുളിക്കല്‍ വീട്ടില്‍ ജെയ്‌സണ്‍ (21 ) കോഴിക്കോട് ജില്ല കക്കാട് പത്തിരിപ്പേട്ട സ്വദേശി മാടന്നൂര്‍ വീട്ടില്‍ വിഷ്ണു (22 ) കോട്ടയം ജില്ല നോര്‍ത്ത് കിളിരൂര്‍ ഭാഗത്ത് ചിറയില്‍ വീട്ടില്‍ ഷമീര്‍ (25 ) എന്നിവരാണ് ബംഗളൂരില്‍ നിന്നും പിടിയിലായത്. ഏതാനും മാസം മുന്‍പ് മാള സ്വദേശിയായ യുവ വ്യവസായിക്ക് 'നിങ്ങളുടെ ബിസിനസ് വിപുലീകരിക്കാന്‍ കുറഞ്ഞ പലിശ നിരക്കില്‍ പ്രൈവറ്റ് ലോണ്‍ തരപ്പെടുത്തി കൊടുക്കുന്നുവെന്നും താല്‍പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടു' എന്ന മെസേജ് ലഭിച്ചതോടെയാണ് യുവ വ്യവസായി ഇവരുടെ വലയില്‍ വീഴുന്നത്. പ്രളയം മൂലവും മറ്റും സാമ്പത്തിക ഞെരുക്കത്തിലായ വ്യവസായി ഈ സന്ദേശത്തില്‍ കണ്ട നമ്പറിലേക്ക് തിരിച്ചുവിളിച്ച് സംസാരിച്ചപ്പോള്‍ ആദ്യം ഇംഗ്ലിഷിലും തുടര്‍ന്ന് മലയാളത്തിലും സംസാരിച്ച ആള്‍ ലോണ്‍ അനുവദിക്കുന്ന നടപടിക്രമങ്ങളെപ്പറ്റിയും മറ്റും വിശദമായി വിവരിച്ചു കൊടുക്കുകയും വ്യവസായിയുടെ ആസ്തി വിവരങ്ങളും മറ്റും കൃത്യമായി തിരക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടു ദിവസത്തിനു ശേഷം ഇതേ ആള്‍ വിളിച്ച് ഒരു കോടി പതിനഞ്ച് ലക്ഷം രൂപ ലോണായിനേടാന്‍ നിങ്ങള്‍ പ്രാപ്തനാണെന്നും ലോണിന്റെ എഗ്രിമെന്റ് നടപടികള്‍ക്കായി മുദ്രപത്രത്തിന്റെ തുകയായ എട്ടു ലക്ഷം രൂപ അടക്കണമെന്നും ആവശ്യപ്പെട്ടു. ഇത് പൂര്‍ണമായും വിശ്വസിക്കാതിരുന്ന യുവ വ്യവസായി ബംഗളൂരില്‍ നേരിട്ടെത്തി. തുടര്‍ന്ന് തട്ടിപ്പു സംഘത്തിന്റെ ഹെബ്ബാളിലെ കോര്‍പറേറ്റ് ഓഫിസിലെത്താന്‍ നിര്‍ദ്ദേശം ലഭിച്ചതനുസരിച്ച് അവിടെയെത്തിയ വ്യവസായി ആധുനിക ഓഫിസും മറ്റും കണ്ട് വിശ്വസിച്ചു. തുടര്‍ന്ന് അവിടെ നിന്നും നല്‍കിയ അക്കൗണ്ടിലേക്ക് എട്ടു ലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്തു. നാട്ടിലെത്തിയ വ്യവസായി ഒന്നു രണ്ടാഴ്ചക്ക് ശേഷം ലോണിന്റെ നടപടികള്‍ എവിടെ വരെയായി എന്നറിയാന്‍ വിളിച്ചപ്പോള്‍ നമ്പര്‍ സ്വിച്ച് ഓഫായിരുന്നു.തുടര്‍ന്ന് പരിചയക്കാരെക്കൊണ്ട് ഹെബ്ബാളിലെ ഓഫിസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അടച്ചു പൂട്ടിയ നിലയിലായിരുന്നു ഓഫിസ്. ഇതോടെ കബളിപ്പിക്കപ്പെട്ടതായി മനസിലായതിനെ തുടര്‍ന്ന് മാള സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. ഇതേ രീതിയില്‍ മെസേജ് ലഭിച്ച മറ്റൊരു വ്യസായി ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ ആസ്തി വിവരങ്ങളും മറ്റും ആരാഞ്ഞ സംഘം 80ലക്ഷം രൂപ ലോണ്‍ അനുവദിക്കാമെന്നും എഗ്രിമെന്റിനായുള്ള മുദ്രപത്രത്തിന്റെ തുകയായി ആറു ലക്ഷത്തി പന്ത്രണ്ടായിരം രൂപ അടക്കാനും നിര്‍ദ്ദേശം ലഭിച്ചു. മുദ്രപത്രം താന്‍ തന്നെ വാങ്ങി നല്‍കാമെന്ന് വ്യവസായി അറിയിച്ചപ്പോള്‍ ലോണ്‍ കലാവധി 120മാസമാണെന്നും മുദ്രപത്രത്തിന് ഒരു വര്‍ഷത്തെ നിയമസാധുതയേകിട്ടുകയുള്ളൂവെന്നും വീണ്ടും മുദ്രപത്രം വാങ്ങേണ്ടി വരുമെന്നും മറ്റും ധരിപ്പിച്ചു. തങ്ങളുടെ പരിചയത്തിലുള്ള മധുരയിലെ വെണ്ടര്‍ തിയതി രേഖപ്പെടുത്താത്ത മുദ്രപത്രം നല്‍കുമെന്നും അതിനാലാണ് പണം ആവശ്യപ്പെടുന്നതെന്നും ഇവര്‍ ധരിപ്പിച്ചു. മുദ്രപത്രം കാണണമെന്നാവശ്യപ്പെട്ടപ്പോള്‍ വിഡിയോ കോളിലൂടെ മുദ്രപത്രങ്ങള്‍ കാണിച്ചു കൊടുത്തു വിശ്വസിപ്പിച്ചു.
തുടര്‍ന്ന് ഒരാഴ്ച കഴിഞ്ഞ് അങ്കമാലിയില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തിയതിനെ തുടര്‍ന്ന് ഇവര്‍ നല്‍കിയ അക്കൗണ്ട് നമ്പറിലേക്ക് ആറു ലക്ഷം രൂപ നിക്ഷേപിക്കുകയും ഏതാനും ആഴ്ചകള്‍ക്കുശേഷവും വിവരമൊന്നുമില്ലാതായതോടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആണെന്നു കണ്ടതോടെ തട്ടിപ്പാണെന്നു മനസിലാക്കി പരാതിപ്പെടുകയുമായിരുന്നു. ഇവരുടെ പരാതികള്‍ ശ്രദ്ധയില്‍ പെട്ട ഡിവൈ.എസ്.പി പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പുതുക്കാടും കൊടകരയിലും മണ്ണുത്തിയിലുമടക്കം കേരളത്തിലെ എല്ലാ പ്രദേശങ്ങളിലുള്ളവരും കേരളത്തിനു വെളിയിലുള്ള മലയാളികളും തട്ടിപ്പിനിരയായതായി കണ്ടെത്തി.
ബംഗളൂരിലെത്തിയ അന്വേഷണ സംഘത്തിന്റെ കൈയില്‍ ആകെ ഇവര്‍ ബന്ധപ്പെട്ടെന്നു പറയുന്ന സ്വിച്ചോഫായ ഫോണ്‍ നമ്പറുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ ഫോണ്‍ നമ്പറുകളിലെ വിലാസം പരിശോധിച്ചെങ്കിലും തമിഴ്‌നാട്ടിലേയും കര്‍ണാടകത്തിലേയും വ്യാജ വിലാസങ്ങളാണ് ലഭിച്ചത്.
തുടര്‍ന്ന് ഈ നമ്പറിലൊന്ന് സ്വിച്ച് ഓണായ സമയം അന്വേഷണ സംഘം ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിന്റെ ഡെലിവറിക്കെന്ന രീതിയില്‍ വിളിച്ച്, യുവാവ് പറഞ്ഞ എ.ടി.എം കൗണ്ടറിനു സമീപം ഡെലിവറി ബോയിയെപ്പോലെയെത്തി തന്ത്രപരമായി പിടികൂടുകയായിരുന്നു.ഇയാളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് മറ്റുള്ളവരേയും തന്ത്രപരമായി പിടികൂടുകയായിരുന്നു.തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് മാളയിലെത്തിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു.
പ്രതികള്‍ മിക്കവരും കേരളത്തിന് പുറത്ത് വിവിധ കോളജുകളില്‍ പല കോഴ്‌സുകള്‍ പഠിക്കുന്നവരാണ്. സുഖലോലുപരായി ജീവിക്കാനാണ് തട്ടിപ്പുനടത്തിയതെന്ന് പ്രതികള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. സമാനമായ രീതിയിലുള്ള തട്ടിപ്പു സംബന്ധിച്ച് കോയമ്പത്തൂര്‍ റേസ് കോഴ്‌സ് പൊലിസ് സ്റ്റേഷനിലും ഇവര്‍ക്കെതിരേ കേസുണ്ട്.
പ്രത്യേകാന്വേഷണ സംഘത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എം ബൈജു, എസ്.ഐ വി.വിജയരാജന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനു മോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, വി.യു സില്‍ജോ, റെജി എ.യു, ബിനു എം.ജെ, ഷിജോ തോമസ് എന്നിവരും മാള സ്റ്റേഷനിലെ എ.എസ്.ഐ പ്രദീപുമാണ് ഉണ്ടായിരുന്നത്.വൈദ്യ പരിശോധനക്കും ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."