സൗരോര്‍ജത്തിലൂടെ നേട്ടമുണ്ടാക്കി എം.ജി സര്‍വകലാശാല
അതിരമ്പുഴ: കനത്ത ചൂടില്‍ നാടാകെ വലയുകയും വൈദ്യുതി ഉപയോഗം വര്‍ധിക്കുകയും ചെയ്യുമ്പോള്‍ സൗരോര്‍ജത്തില്‍നിന്ന് നേട്ടം കൊയ്ത് മഹാത്മാഗാന്ധി സര്‍വകലാശാല. എട്ട് കെട്ടിടസമുച്ചയങ്ങളിലായി 400 കിലോവാട്ടിന്റെ ഓണ്‍ഗ്രിഡ് സോളാര്‍ പവര്‍പ്ലാന്റ് സ്ഥാപിച്ചാണ് സര്‍വകലാശാല വൈദ്യുതി ഉല്‍പാദിപ്പിച്ച് നേട്ടമുണ്ടാക്കുന്നത്. റൂസ പദ്ധതിയിലുള്‍പ്പെടുത്തി 3.25 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
പരീക്ഷണ ഉല്‍പാദനത്തില്‍ത്തന്നെ മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 14 ദിവസം മാത്രം ഉല്‍പാദനം നടത്തിയ കഴിഞ്ഞമാസം വൈദ്യുതിനിരക്കിനത്തില്‍ രണ്ടുലക്ഷം രൂപയാണ് സര്‍വകലാശാല ലാഭിച്ചത്. സര്‍വകലാശാലയിലെ വൈദ്യുതി ചാര്‍ജ് 15 ലക്ഷത്തില്‍ നിന്ന് 13 ലക്ഷമായി കുറഞ്ഞു. സോളാര്‍ പവര്‍പ്ലാന്റില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി സര്‍വകലാശാല ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും മിച്ചം വരുന്നത് കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കുകയും ചെയ്യുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.ദിവസേന 1600 യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്. ചൂട് കൂടിയതോടെ ഇത് ദിവസം ശരാശരി 1800-1900 യൂനിറ്റ് വരെയായി ഉയര്‍ന്നിട്ടുണ്ടെന്ന് സിന്‍ഡിക്കേറ്റ് ആസൂത്രണ വികസന ഉപസമിതി കണ്‍വീനര്‍ ഡോ. കെ. കൃഷ്ണദാസ് പറഞ്ഞു. പ്രസന്നമായ കാലാവസ്ഥ ആയതിനാല്‍ അടുത്തമാസം വൈദ്യുതിനിരക്കിനത്തില്‍ വലിയ ലാഭം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കുന്ന വൈദ്യുതിയുടെ വില കുറച്ചുള്ള ചാര്‍ജാണ് സര്‍വകലാശാല അടയ്ക്കുന്നത്.കാംപസിലെ ഭരണവിഭാഗം കെട്ടിടം, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്‌സ്, കെമിക്കല്‍ സയന്‍സസ്, സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ്, ബിഹേവിയറല്‍ സയന്‍സസ്, കംപ്യൂട്ടര്‍ സയന്‍സസ് വകുപ്പുകളിലെയും ലൈബ്രറിയിലെയും കെട്ടിടങ്ങളിലെ മേല്‍ക്കൂരയിലാണ് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. 320 കിലോവാട്ട് ശേഷിയുള്ള 1258 പാനലുകളും 50, 30, 20, 6 കിലോവാട്ട് ശേഷിയുള്ള സ്ട്രിങ് ഇന്‍വെര്‍ട്ടറുകളുമാണ് വിവിധ പ്ലാന്റുകളിലായി സ്ഥാപിച്ചിരിക്കുന്നത്. സര്‍വകലാശാല എന്‍ജിനീയറിങ് വിഭാഗത്തിനാണ് പരിപാലന ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."