ചക്കാമ്പുഴ-ഇടക്കോലി റോഡ് കുത്തിപ്പൊളിച്ചിട്ട് മൂന്നുമാസം; യാത്രക്കാര്‍ക്ക് ദുരിത യാത്ര
പാലാ: ചക്കാമ്പുഴ- ഇടക്കോലി റോഡ് കുത്തിപ്പൊളിച്ചിട്ട് മാസങ്ങള്‍ ദുരിതത്തിലായി യാത്രക്കാരും പ്രദേശ വാസികളും. ബി.എം.ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിനായി റോഡ് കുത്തിയിളക്കി മെറ്റല്‍ നിരത്തിയിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ ഉണ്ടാകാത്തതാണ് ഈ വഴിയുള്ള യാത്ര ദുഷ്‌കരമാക്കുന്നത്. ദിവസേന നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെടുന്നത്.
ഇരുചക്രവാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വഴി ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പകല്‍സമയങ്ങളില്‍ പൊടിശല്യവും രൂക്ഷമായതോടെ റോഡിന് ഇരുവശവുമുള്ള വീട്ടുകാരും വ്യാപാരികളും ബുദ്ധിമുട്ടുന്നുണ്ട്. പലര്‍ക്കും വീടിന്റെ മുന്‍വാതിലുകളോ, ജന്നലോ തുറക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
കുടിവെള്ളത്തില്‍പോലും പൊചി കലര്‍ന്ന അവസ്ഥയിലാണ്. വ്യാപാരസ്ഥാപനങ്ങള്‍ പലതും ആഴ്ചകളായി തുറക്കാറില്ല. കട തുറന്നുവെച്ചാല്‍ പൊടിനിറയുന്ന അവസ്ഥയാണ്. ദുരിതം ഏറിയതോടെ നാട്ടുകാര്‍ സംഘടിച്ച് ടാറിങിനെക്കുറിച്ച് കോണ്‍ട്രാക്ടറോട് തിരക്കിയെങ്കിലും വ്യക്തമായ മറുപടിയില്ല. വേണമെങ്കില്‍ പൊടി ഒതുങ്ങാന്‍ വെള്ളം ന നച്ചുതരാം എന്ന ആശ്വാസവാക്കും മാത്രം. പണികള്‍ നടക്കുകയാണെന്നുവരുത്തി തീര്‍ക്കാന്‍ രണ്ടോ മൂന്നോ തൊഴിലാളികളെ കൊട്ടയും തൂമ്പയുമെല്ലാമായി രാവിലെ തന്നെ വഴിയില്‍ നിര്‍ത്തിയേക്കും.
രണ്ട് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വിസുകള്‍ ഉള്‍പ്പെടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. ചക്കാമ്പുഴ എസ്.എച്ച്. ഹോസ്പിറ്റല്‍, ഇടക്കോലി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, നിരവധി ദേവാലയങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഏക ആശ്രയവും ഈ റോഡാണ്.
ഈ റോഡിന്റെ ഭാഗമായുള്ള ഉഴവൂര്‍ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഉഴവൂര്‍ മുതല്‍ ഇടക്കോലി വരെയുള്ള ഭാഗം നേരത്തെ ആധുനിക നിലവാരത്തില്‍ ടാറിങ് പൂര്‍ത്തിയാക്കിയിരുന്നു.രാമപുരം പഞ്ചായത്തിന്റെ ഭാഗമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. വേണ്ട നടപടിയെടുക്കാന്‍ പഞ്ചായത്തോ ജനപ്രതിനിധികളോ പി.ഡബ്ല്യു.ഡി അധികൃതരോ തയാറായിട്ടില്ല. ടാറിങ് വൈകിയാല്‍ റോഡ് ഉപരോധമുള്‍പ്പെടെയുള്ള സമരപരിപാടികളിലേക്ക് നീങ്ങുന്നതിന് തയാറെടുക്കുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."