അര്‍ജന്റീനയുടെ സ്വപ്നങ്ങള്‍ തുലാസില്‍
നിഷ്‌നി നോവ്ഗരേഡ്: ലോകകപ്പ് ജേതാക്കളെന്ന സ്വപ്നവും കണ്ട് റഷ്യയിലേക്ക് വണ്ടി കയറിയ അര്‍ജന്റീനയുടെ സ്വപ്നങ്ങള്‍ തുലാസില്‍. ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റതോടെയാണ് അര്‍ജന്റീന പ്രതിരോധത്തിലായത്.
ഇതോടെ ക്രൊയേഷ്യ വേള്‍ഡ് കപ്പില്‍ തെക്കേ അമേരിക്കന്‍ രാജ്യങ്ങളോട് ജയിച്ചിട്ടില്ലെന്ന ചീത്തപ്പേരിന് പരിഹാരമുണ്ടാക്കി.
ക്രൊയേഷ്യക്ക് വേണ്ടി ആന്റി റൂബിച്ച് (53ാം മിനുട്ട്), ലൂക്കാ മോഡ്രിച്ച് (80), ഇവാന്‍ റാക്കിറ്റിച്ച് (91 ) എന്നിവര്‍ വലകുലുക്കി. ഇതോടെ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ മോഹം തുലാസിലായി. ആദ്യ കളിയില്‍ ഐസ്‌ലന്റിനോട് സമനില വഴങ്ങേണ്ടി വന്നതിനാല്‍ ആക്രമണത്തിന് മുന്‍തൂക്കം നല്‍കി കോച്ച് ജോര്‍ജ് സാംപോളി 3-4-2-1 എന്ന ഫോര്‍മേഷനിലാണ് അര്‍ജന്റീനിയന്‍ സേനയെ വിന്യസിച്ചത്. സൂപ്പര്‍ താരങ്ങളായ എയ്ഞ്ചല്‍ ഡി മരിയയെയും ഡിബാലയെയും പുറത്തിരുത്തിയ സാംപോളിയുടെ കണക്കുകള്‍ കളിയുടെ തുടക്കം മുതല്‍ പാളിത്തുടങ്ങി. അഗ്യൂറോയെ മൂന്നേറ്റത്തില്‍ നിര്‍ത്തി മെസ്സിയിലൂടെയും മീസയിലൂടെയും പന്ത് എത്തിച്ചു നല്‍കാമെന്ന അര്‍ജന്റീനിയന്‍ തന്ത്രം ക്രൊയേഷ്യന്‍ പ്രതിരോധം തടഞ്ഞു.
ക്രൊയേഷ്യന്‍ കോച്ച് ഡാലിച്ചിന് കളിയെക്കുറിച്ച് വ്യക്തമായ വീക്ഷണം ഉണ്ടായിരുന്നു. 4-1-4-1 എന്ന ഫോര്‍മേഷനില്‍ ടീമിനെ അണിനിരത്തിയ ഡാലിച്ച് മാന്‍സൂക്കിച്ചിനെ മുന്നില്‍ നിര്‍ത്തി. മധ്യനിരയില്‍ റാക്കിറ്റിച്ച്, പെരിസിച്ച്, മോഡ്രിച്ച്, റെബിച്ച് എന്നീ സൂപ്പര്‍ താരങ്ങളെയും വിന്യസിച്ചു. മത്സരത്തിന്റെ തുടക്കം മുതല്‍ ഭംഗിയോടെ പന്ത് തട്ടിയ ക്രൊയേഷ്യ ഇടവേളകളില്‍ അര്‍ജന്റീനന്‍ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. സൂപ്പര്‍ താരം മെസ്സി ഇന്നലെ കളത്തിലുണ്ടെങ്കിലും നിറഞ്ഞുനിന്നില്ല. ബാഴ്‌സലോണയില്‍ മെസ്സിയുടെ ഓരോ നീക്കങ്ങളും അറിയുന്ന റാക്കിറ്റിച്ച് മെസ്സിയെ മാര്‍ക്ക് ചെയ്യുകയെന്ന തന്റെ ചുമതല ഭംഗിയായി നിറവേറ്റി.
ഗോള്‍ കീപ്പര്‍ കബല്ലീറോയുടെ പിഴവാണ് ആദ്യ ഗോളിന് വഴി തുറന്നത്. അര്‍ജന്റീയുടെ പ്രതിരോധ താരം മെര്‍ക്കാഡോ പിന്നിലേക്ക് നല്‍കിയ പന്ത് സ്വീകരിച്ച കബല്ലീറോ ഓടിയടുത്ത ക്രൊയേഷ്യന്‍ താരം റെബിച്ചിന് മുകളിലൂടെ മൊര്‍ക്കാഡോക്ക് തന്നെ നല്‍കാന്‍ ശ്രമിച്ചു. പക്ഷേ കബല്ലീറോയുടെ ദുര്‍ബല ഷോട്ടില്‍ ബോക്‌സില്‍ ഉയര്‍ന്ന് പൊങ്ങിയ പന്ത് താഴ്ന്നിറങ്ങും മുന്‍പേ ഹാഫ് വോളിയിലൂടെ റെബിച്ച് വലയിലാക്കി. ഗോള്‍ വീണതോടെ അര്‍ജന്റീന തളര്‍ന്നു. ക്ഷീണം മാറും മുന്‍പേ മോഡ്രിച്ച് വീണ്ടും വല കുലുക്കി. പ്രതിരോധ താരം ഒറ്റമെന്‍ഡിയെ കബളിപ്പിച്ച് ബോക്‌സിന് പുറത്ത് നിന്ന് തൊടുത്ത ബുള്ളറ്റ് ഷോട്ട് പോസ്റ്റിന്റെ വലതു മൂലയില്‍ പറന്നിറങ്ങി. പിന്നാലെ ഡിബാലയെയും പാവോണിനെയും ഇറക്കിയെങ്കിലും കളി കൈവിട്ടുപോയിരുന്നു. 91ാം മിനുട്ടില്‍ റാക്കിറ്റിച്ച് കൂടി പട്ടിക പൂര്‍ത്തിയാക്കിയതോടെ മത്സരം 3-0 ത്തിന് ക്രൊയേഷ്യ വിജയിച്ചു. റാക്കിറ്റിച്ചിന്റെ ഫ്രീകിക്ക് പോസ്റ്റില്‍ കൊണ്ട് മടങ്ങിയതും മാന്‍സൂക്കിച്ചിന്റെ ഫ്രീഹെഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയതും അര്‍ജന്റീനക്ക് തുണയായി. അല്ലെങ്കില്‍ ഒരു അഞ്ചു ഗോളുകള്‍ക്കെങ്കിലും പരാജയപ്പെട്ടേനെ. 1958ല്‍ ചെക്കോസ്ലോവാക്യയോട് 6-1 ന് പരാജപ്പെട്ടതിന് ശേഷം അര്‍ജന്റീനയുടെ ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിലെ ഏറ്റവും വലിയ പരാജയമാണിത്.
അര്‍ജന്റീനയുടെ സാധ്യത ഇങ്ങനെ, അടുത്ത മത്സരത്തില്‍ അര്‍ജന്റീന നൈജീരിയക്കെതിരേ നല്ല മാര്‍ജിനില്‍ ജയിക്കുക. ക്രൊയേഷ്യയും ഐസ്‌ലന്റും തമ്മിലുള്ള മത്സരത്തില്‍ ഐസ്‌ലന്റ് പരാജയപ്പെടുകയും ചെയ്താല്‍ മാത്രമേ അര്‍ജന്റീനക്ക് ഇനി രണ്ടാം റൗണ്ടിലേക്ക് പ്രതീക്ഷയുള്ളു.
ഗോള്‍ വന്ന വഴി
1 53ാം മിനുട്ടില്‍ അര്‍ജന്റീയുടെ പ്രതിരോധ താരം മെര്‍ക്കാഡോ ഗോള്‍കീപ്പര്‍ കബല്ലീറോക്ക് പന്ത് നല്‍കി. ഓടിയടുത്ത ക്രൊയേഷ്യന്‍ താരം റെബിച്ചിന് മുകളിലൂടെ കബല്ലീറോ മൊര്‍ക്കാഡോക്ക് തന്നെ പന്ത് നല്‍കാന്‍ ശ്രമിച്ചു. പക്ഷേ കബല്ലീറോയുടെ ദുര്‍ബല ഷോട്ടില്‍ ബോക്‌സില്‍ ഉയര്‍ന്ന് പൊങ്ങിയ പന്ത് താഴ്ന്നിറങ്ങും മുന്‍പേ ഹാഫ് വോളിയിലൂടെ റെബിച്ച് വലയിലാക്കി.
2. 80ാം മിനുട്ടില്‍ പ്രതിരോധ താരം ഒറ്റമെന്‍ഡിയെ കബളിപ്പിച്ച് ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ച് ബോക്‌സിന് പുറത്ത് നിന്ന് തൊടുത്ത ബുള്ളറ്റ് ഷോട്ട് പോസ്റ്റിന്റെ വലതു മൂലയില്‍ പറന്നിറങ്ങി. കബല്ലീറോ കാഴ്ച്ചക്കാരനായി.
3.91ാം മിനുട്ടില്‍ മധ്യനിരയില്‍ നിന്ന് കുതിച്ച റാക്കിറ്റിച്ച് ബോക്‌സിന് പുറത്ത് നിന്ന് ഷോട്ടുതിര്‍ത്തെങ്കിലും കബല്ലീറോ തടുത്തിട്ടു. പക്ഷേ പന്ത് ലഭിച്ച കൊവാസിച്ച് റാക്കിറ്റിച്ചിന് തന്നെ തട്ടിക്കൊടുത്തു. പന്ത് ലഭിച്ച റാക്കിറ്റിച്ച് പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് തട്ടിയിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."