HOME
DETAILS
MAL
ഇംറാന്‍ കുടുംബം: ജീവിത വിശുദ്ധിയുടെ മാതൃക
backup
May 12 2020 | 10:05 AM
ജീവിത വിശുദ്ധിയുടെയും അര്‍പ്പണ മനസിന്റെയും ഉല്‍കൃഷ്ട കുടുംബ ജീവിതത്തിന്റെയും മാതൃകയായാണ് ഇംറാന്‍ കുടുംബത്തെ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ആകര്‍ഷകവും ഹൃദയ സ്പര്‍ശിയുമായി തന്നെ ഈ കുടുംബ ചരിത്രം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ഈ ചരിത്രത്തിന് പ്രത്യേക ഊന്നല്‍ കൊടുക്കാന്‍ മൂന്ന് കാരണങ്ങള്‍ കാണാം. ഒന്ന്, ഈസാ (അ) നബിയുടെ മനുഷ്യത്വം സമര്‍ഥിക്കുകയും ക്രൈസ്തവര്‍ മെനഞ്ഞുണ്ടാക്കിയ ദിവ്യത്വവും അമാനുഷികത്വവും ഖണ്ഡിക്കുകയും ചെയ്യുക. രണ്ട്, ഈസാ (യേശു) യുടെ ജനനത്തെ സംബന്ധിച്ചും മാതാവ് മര്‍യമിനെക്കുറിച്ചും അപവാദം പറഞ്ഞ ജൂതര്‍ക്ക് മറുപടി നല്‍കുക. അതിന് വേണ്ടി മര്‍യമിന്റെയും ഈസയുടെയും വിശുദ്ധി ബോധ്യപ്പെടുത്തുക. മൂന്ന്, ഇംറാന്‍ കുടുംബത്തിന്റെ സംശുദ്ധ ജീവിതം പിന്‍പറ്റാന്‍ സത്യവിശ്വാസികളെ പ്രേരിപ്പിക്കുക.
ആലു ഇംറാന്‍ (ഇംറാന്‍ കുടുംബം) എന്ന പേരില്‍ ഖുര്‍ആനില്‍ അധ്യായം (സൂറത്) തന്നെയുണ്ട്. ഈ സൂറതിലും മര്‍യം സൂറതിലുമാണ് ഇംറാന്‍ കുടുംബം കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടത്. ഇംറാന്‍, ഭാര്യ ഹന്ന, മകള്‍ മര്‍യം, മര്‍യമിന്റെ പുത്രന്‍ ഈസാ (അ) എന്ന യേശു, ഹന്നയുടെ സഹോദരി, അവരുടെ ഭര്‍ത്താവ് സകരിയ്യ (അ), പുത്രന്‍ യഹ്‌യ (അ) എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ഇംറാന്‍ കുടുംബം. ഇംറാന്‍ കുടുംബത്തിന് അല്ലാഹു നല്‍കിയ വിശിഷ്ട സ്ഥാനം വിശുദ്ധ ഖുര്‍ആന്‍ പല സ്ഥലത്തും ഉണര്‍ത്തിയിട്ടുണ്ട്. ഒരു സ്ത്രീയുടെ നാമത്തില്‍ അവതരിച്ച ഏക സൂറതാണ് സൂറതു മര്‍യം.
സന്താന സൗഭാഗ്യം ലഭിക്കാത്തവരായിരുന്നു ഹന്നയും സഹോദരിയും. പക്ഷേ, പ്രായം ചെന്നിട്ടും ഹന്നയും ഭര്‍ത്താവ് ഇംറാനും നിരാശരായില്ല. അല്ലാഹുവിനോട് യാചിച്ച് കൊണ്ടിരുന്നു. നാഥന്‍ അവരുടെ പ്രാര്‍ഥന കേട്ടു. ഹന്ന ഗര്‍ഭിണിയായി. എന്നാല്‍ സന്താനത്തെ കാണാനുള്ള ഭാഗ്യം ഇംറാനുണ്ടായില്ല. ഹന്ന ഗര്‍ഭിണിയായിരിക്കെ ഇംറാന്‍ മരണപ്പെട്ടു. എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച ഹന്ന തന്റെ ഉദരത്തിലുള്ള സന്താനത്തെ ബൈതുല്‍ മഖ്ദിസിന്റ സേവകനായി നേര്‍ച്ചയാക്കി. പുരുഷന്മാരുടെ ജോലിയാണ് ബൈതുല്‍ മഖ്ദിസ് പരിചരണം. അല്ലാഹു നല്‍കുന്നത് പുത്രന്‍ ആയിരിക്കുമെന്ന് ഉറപ്പിച്ചാണ് ഹന്ന നേര്‍ച്ചയാക്കിയത്. പക്ഷേ, ജനിച്ചത് പെണ്‍കുഞ്ഞ്! പെണ്‍കുഞ്ഞായിട്ടും മര്‍യമിനെ ബൈതുല്‍ മഖ്ദിസിന്റെ സേവകയായി അല്ലാഹു അംഗീകരിച്ചു. വിവരമറിഞ്ഞ പുരോഹിതരെല്ലാം മര്‍യമിനെ സംരക്ഷിക്കാന്‍ താല്‍പര്യപ്പെട്ടു. എല്ലാവര്‍ക്കും രക്ഷാകര്‍തൃത്വം കിട്ടണം. തര്‍ക്കമായി. തര്‍ക്കം തീര്‍ക്കാന്‍ നറുക്കെടുത്തു. സകരിയ്യ (അ) ആയിരുന്നു ആ ഭാഗ്യശാലി. കാരണം സകരിയ്യ മര്‍യമിന്റെ മാതൃസഹോദരീ ഭര്‍ത്താവാണ്. വിശുദ്ധ ഖുര്‍ആന്‍ ആലു ഇംറാന്‍ 44ാം ആയത്തില്‍ ഇക്കാര്യം പറയുന്നുണ്ട്.
'നല്ല നിലയില്‍ അല്ലാഹു അവരെ (മര്‍യമിനെ) സ്വീകരിച്ചു. നല്ല നിലയില്‍ അവരെ വളര്‍ത്തി. അവരുടെ ഉത്തരവാദിത്വം സകരിയ്യയെ അവന്‍ ഏല്‍പ്പിച്ചു. അദ്ദേഹം അവരുടെയടുക്കല്‍ വരുമ്പോഴെല്ലാം പ്രത്യേക ഭക്ഷ്യവിഭവങ്ങള്‍ അവിടെ കണ്ടു. അദ്ദേഹം ചോദിച്ചു: ഓ, മര്‍യം, നിങ്ങള്‍ക്ക് ഇത് എവിടുന്നാണ്? അവര്‍ പറഞ്ഞു: ഇത് അല്ലാഹുവിങ്കല്‍ നിന്നാണ്' (ആലു ഇംറാന്‍: 37). സകരിയ്യ എങ്ങനെ അല്‍ഭുതപ്പെടാതിരിക്കും? അദ്ദേഹം മാത്രമാണ് മര്‍യമിന് ഭക്ഷണം എത്തിക്കുന്നത്. പക്ഷേ, എല്ലാ കാലത്തും വിവിധയിനം ഭക്ഷ്യവിഭവങ്ങള്‍ മര്‍യമിന് അദൃശ്യ മാര്‍ഗത്തിലൂടെ മര്‍യമിന് മുന്നിലെത്തുന്നു! ഈ അല്‍ഭുതം കണ്ട അദ്ദേഹത്തിന്റെ മനസ്സില്‍ മോഹം പൂത്തു. അല്ലാഹുവിന്റെ ഓരോ തീരുമാനങ്ങള്‍. എനിക്കും എന്ത് കൊണ്ട് വാര്‍ധക്യത്തില്‍ സന്താനം ലഭിച്ച് കൂടാ. അദ്ദേഹം പ്രാര്‍ഥിക്കാന്‍ തുടങ്ങി: 'എന്റെ രക്ഷിതാവേ, എന്റെ എല്ലുകള്‍ ദുര്‍ബലമായി. തല നരച്ച് പ്രകാശിക്കാന്‍ തുടങ്ങി. നിന്നോട് പ്രാര്‍ഥിച്ച് ഞാനൊരിക്കലും പരാജിതനായിട്ടില്ല' (മര്‍യം: 4). കാരുണ്യവാനായ നാഥന്‍ ദുആ സ്വീകരിച്ചു. താങ്കള്‍ക്ക് കുഞ്ഞ് ജനിക്കുമെന്നും യഹ്‌യ എന്ന് പേരിടണമെന്നും സകരിയ്യയോട് അല്ലാഹു നിര്‍ദേശിച്ചു. ഇരുവരെയും അല്ലാഹു ഉന്നത പ്രവാചകരാക്കി. ജൂതരെ സന്മാര്‍ഗത്തിലേക്ക് അവര്‍ ക്ഷണിച്ചു. പക്ഷേ, ഇരുവരെയും ജൂതര്‍ ക്രൂരമായി കൊലപ്പെടുത്തുകയാണ് ചെയ്തതെന്ന് ചരിത്രം പറയുന്നു.
മര്‍യം വളര്‍ന്നു. ഒരിക്കല്‍ വീടിനകലെ ഒഴിഞ്ഞ സ്ഥലത്ത് മര്‍യം കുളിക്കാന്‍ പോയി. പെട്ടെന്ന് മനുഷ്യ രൂപത്തില്‍ ജിബ്‌രീല്‍ (അ) പ്രത്യക്ഷപ്പെട്ടു. അന്യപുരുഷനെ കണ്ട മര്‍യം പേടിച്ചു. അവര്‍ പറഞ്ഞു: 'കാരുണ്യവാനായ അല്ലാഹുവിനോട് താങ്കളില്‍ നിന്ന് ഞാന്‍ അഭയം തേടുന്നു. താങ്കള്‍ സൂക്ഷ്മത പാലിക്കുന്നുവെങ്കില്‍ (പോകൂ). ജിബ്‌രീല്‍ പറഞ്ഞു: 'ഞാന്‍ നിങ്ങളുടെ രക്ഷിതാവിന്റെ ദൂതന്‍ മാത്രമാണ്. നിങ്ങള്‍ക്ക് സംശുദ്ധനായ ഒരു പുത്രനെ ദാനം ചെയ്യാന്‍ (വന്നതാണ്)'. പരപുരുഷ സ്പര്‍ശനം ഏല്‍ക്കാത്ത എനിക്ക് കുട്ടിയോ? മര്‍യം പരിഭ്രമിച്ചു. 'അതെ, അല്ലാഹുവിന്റെ തീരുമാനമാണ്. അവന് അതെത്ര നിസാരം! ഇതായിരുന്ന ജിബ്‌രീലിന്റെ മറുപടി. സംഭാഷണം നീണ്ടു. അതിനിടെ മര്‍യമിന്റ നേര്‍ക്ക് ജിബ്‌രീല്‍ ഊതി. പുരുഷ സ്പര്‍ശനം ഏല്‍ക്കാതെ തന്നെ മര്‍യം അല്‍ഭുതകരാം വിധം ഗര്‍ഭിണിയായി.
പ്രസവവേദന വന്നപ്പോള്‍ വീടിനടുത്തുള്ള ഇത്തപ്പനയുടെ ചുവട്ടിലെത്തി. പ്രസവവേദന മാത്രമല്ല, ഭാവിയെക്കുറിച്ച ആശങ്കയും മര്‍യമിനെ ബാധിച്ചു. വിവാഹിതയല്ലാത്ത എന്റെ കൈയില്‍ കുഞ്ഞിനെ കണ്ടാല്‍ ജനങ്ങള്‍ എന്ത് പറയും? അവരോടെന്ത് മറുപടി നല്‍കും? പക്ഷേ, അല്ലാഹുവിന്റെ വിളിയാളം വന്നു: 'സങ്കടപ്പെടരുത്, സന്തോഷിക്കുക, ജനങ്ങളെ കണ്ടാല്‍ ഞാന്‍ മൗനവ്രതത്തിലാണെന്ന് പറയുക' (മര്‍യം: 4246). അവര്‍ക്ക് ഭക്ഷണവും വെള്ളവും അല്ലാഹു നല്‍കി. അങ്ങനെ ഈസാ ഭൂജാതനായി. തീര്‍ത്തും മനുഷ്യപുത്രനായി.
മര്‍യം ഭയപ്പെട്ടത് തന്നെ സംഭവിച്ചു. വിവാഹം കഴിക്കാത്ത മര്‍യമിന് കുട്ടി! തെറി വിളികളും പരിഹാസങ്ങളുമായി ജൂതര്‍ അവരെ വളഞ്ഞു. അവര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. നിന്റെ മാതാപിതാക്കള്‍ എത്ര നല്ലവരായിരുന്നു! കഷ്ടം. പക്ഷേ, മര്‍യം മിണ്ടുന്നില്ല. അല്ലാഹുവിന്റെ കല്‍പ്പന വന്നു. അതനുസരിച്ച് തൊട്ടിലില്‍ കിടക്കുന്ന ഈസായോട് ചോദിക്കാന്‍ മര്‍യം അവരോട് ആംഗ്യം കാണിച്ചു. 'തൊട്ടിലില്‍ കിടക്കുന്ന കുട്ടിയോട് ഞങ്ങളെങ്ങനെ സംസാരിക്കും'. പരിഹാസത്തിന് മൂര്‍ച്ച കൂടി.
എന്നാല്‍, എല്ലാവരെയും അല്‍ഭുതപ്പെടുത്തി ഈസ (യേശു) സംസാരിച്ചു. 'നിശ്ചം ഞാന്‍ അല്ലാഹുവിന്റെ അടിമയാണ്. അവന്‍ എനിക്ക് ഗ്രന്ഥം നല്‍കി. എന്നെ നബിയാക്കി'. ഇങ്ങനെ തുടങ്ങിയ സംസാരം മറ്റു പലതിലേക്കും നീണ്ടു. മര്‍യം സൂറത് അത് വിശദവും വശ്യമായി വിവരിച്ചിട്ടുണ്ട്. 'ഇതാണ് മര്‍യമിന്റെ പുത്രന്‍ ഈസ (യേശു), അവര്‍ (ജൂതരും ക്രിസ്തീയരും) തര്‍ക്കിക്കുകയും സംശയിക്കുകയും ചെയ്യുന്ന തന്റെ സത്യമിതാണ്' (മര്‍യം: 34). യേശു ദൈവമല്ല, ദൈവപുത്രനല്ല. പക്ഷേ, അല്‍ഭുത ജന്മം. പുണ്യ പ്രവാചകന്‍. സംശുദ്ധന്‍.
ഈസാ (അ) യെ അല്ലാഹു പ്രവാചനാക്കി. ഉലുല്‍ അസ്മ് എന്ന പദവിയുള്ള ഉന്നത സ്ഥാനീയനായ പ്രവാചകന്‍. ഇഞ്ചീല്‍ എന്ന ഗ്രന്ഥവും സ്വന്തമായ ശരീഅതും (മത നിയമങ്ങള്‍) നല്‍കി. ജൂതരെ സത്യമാര്‍ഗത്തിലേക്ക് ക്ഷണിച്ചു. ദുഷ്ടാന്തമായി അത്യല്‍ഭുത സിദ്ധികള്‍ അല്ലാഹു നല്‍കി. മരിച്ചവരെ ജീവിപ്പിച്ചു. അന്ധരെയും മൂകരെയും കുഷ്ഠം, വെള്ളപ്പാണ്ട് തുടങ്ങിയ മാറാവ്യാധികള്‍ ബാധിച്ചവരെയും തന്റെ കരസ്പര്‍ശം കൊണ്ട് ഭേദമാക്കി. മറഞ്ഞ കാര്യങ്ങള്‍ സംസാരിച്ചു. സത്യം മനസ്റ്റിലാക്കി ഒരു വിഭാഗം വിശ്വസിച്ചു. നിഷേധികളായ ജൂതര്‍ അദ്ദേഹത്തെ വധിക്കാന്‍ തീരുമാനിച്ചു. പക്ഷേ, ഈസയെ അല്ലാഹു ആകാശത്തേക്ക് ഉയര്‍ത്തി. ഈസയെ വഞ്ചിച്ച അക്രമിക്ക് തന്റെ മുഖഛായ നല്‍കി. അയാളെ ജൂതര്‍ കുരിശില്‍ തറച്ചു. ഇക്കാര്യം വിശുദ്ധ ഖുര്‍ആന്‍ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട് (അന്നിസാഅ': 157, 158). അന്ത്യനാളിനോട് അനുബന്ധിച്ച് ഈസ (അ) ഭൂമിയിലേക്ക് ഇറങ്ങുമെന്ന് പ്രബലമായ നിരവധി ഹദീസുകളില്‍ വന്നിട്ടുണ്ട്.
സത്യവിശ്വാസികള്‍ക്ക് ധാരാളം പാഠങ്ങള്‍ നല്‍കുന്നതാണ് ഇംറാന്‍ കുടുംബ ചരിത്രം. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പ്രതീക്ഷകളാണ് ചരിത്രം നിറയെ. പ്രാര്‍ഥനയുടെ ഫലവും മതാപിതാക്കളോടുള്ള കടമയുമെല്ലാം ചരിത്രം വരച്ച് കാത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."