ഇതരജില്ലക്കാരായ കന്നിവോട്ടര്‍മാര്‍ക്ക് അവസരം ഉറപ്പാക്കാന്‍ 'സ്വീപ്'
കോട്ടയം: ജില്ലയിലുള്ളവര്‍ക്ക് പുറമെ ഇതര ജില്ലക്കാരായ ചെറുപ്പക്കാര്‍ക്കും പൊതുതെരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉറപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവം.
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പരമാവധി ആളുകളെ പങ്കാളികളാക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപ്പാക്കുന്ന സിസ്റ്റമാറ്റിക് വോട്ടര്‍ എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്റെ (സ്വീപ്) ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങളിലും ബോധവല്‍കരണവും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും നടത്തിവരുന്നത്.പ്രഫഷനല്‍ കോഴ്‌സുകളുടെ പ്രവേശന പരീക്ഷാ പരിശീലനത്തിനായി ജില്ലയില്‍ താമസിക്കുന്ന അന്യജില്ലകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി സ്വീപ് പ്രത്യേക കാംപയിന്‍ നടത്തുന്നുണ്ട്. അര്‍ഹരായ എല്ലാവരെയും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ ജില്ലാ കലക്ടര്‍ പി.കെ സുധീര്‍ബാബു പറഞ്ഞു.
ഇന്നലെ സ്വീപിന്റെ ഭാഗമായി പാലായില്‍ നടന്ന പരിപാടിയില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്ത 150ഓളം പേരില്‍ ഭൂരിഭാഗവും അന്യ ജില്ലകളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ്. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാല്‍ സണ്ണി ജോര്‍ജ് നേതൃത്വം നല്‍കി.
മേല്‍വിലാസവും പ്രായവും തെളിയിക്കുന്ന രേഖയും ഫോട്ടോയും കുടുംബാംഗങ്ങളില്‍ ഒരാളുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പരും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വേളയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. മുന്‍കൂട്ടി അറിയിച്ചശേഷമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും കാംപയിന്‍ നടത്തുന്നത്. വരും ദിവസങ്ങളിലും പരിപാടി തുടരുമെന്ന് തെരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."