ഉടമകള്‍ അനുകൂല ഉത്തരവ് നേടി; മാനന്തവാടിയിലെ ബിയര്‍ പാര്‍ലറുകള്‍ തുറന്നു
മാനന്തവാടി: ദേശിയ, സംസ്ഥാന പാതയോരങ്ങളില്‍ മദ്യവില്‍പ്പന നിരോധിച്ച് കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് മാര്‍ച്ച് 31ന് അടച്ച് പൂട്ടിയ മാനന്തവാടിയിലെ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.
തലശ്ശേരി ബാവലി റോഡ് സ്റ്റേറ്റ് ഹൈവേയില്‍പ്പെടാത്തതിനെ തുടര്‍ന്നാണ് ബിയര്‍ പാര്‍ലര്‍ ഉടമകള്‍ അനുകൂല ഉത്തരവ് നേടി പാര്‍ലറുകള്‍ തുറന്നത്. കണ്ണൂര്‍, തലശ്ശേരി ബാവലി റോഡ് എസ്.എച്ച് 59 സ്റ്റേറ്റ് ഹൈവേയായി പ്രപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഗസറ്റ് നോട്ടിഫിക്കേഷന്‍ ഇതുവരെയായി പുറത്തിറങ്ങിയിട്ടില്ല.
പാര്‍ലര്‍ ഉടമകള്‍ നല്‍കിയ വിവരാവകാശത്തിന് പൊതുമരാമത്ത് വകുപ്പ് റോഡുകളും പാലങ്ങളും ചീഫ് എന്‍ജിനിയര്‍ ഓഫിസില്‍ നിന്ന് ലഭിച്ച മറുപടി പ്രകാരം എസ്.എച്ച് 59 പ്രപൊസ്ഡ് ഹൈവേയില്‍ ജില്ലയില്‍ നിന്ന് ഉള്‍പ്പെടുന്ന ബോയ്‌സ് ടൗണ്‍ മുതല്‍ മാനന്തവാടി, പനമരം വഴി കൈനാട്ടി വരെയുള്ള റോഡ് കേരള ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് 2000 പ്രകാരം കേരള ഗവര്‍മെന്റ് മേജര്‍ ജില്ലാ റോഡായാണ് തരംതിരിച്ചിരിക്കുന്നതെന്നാണ് മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
സംസ്ഥാന പാതയായി പൊതുമരാമത്ത് വകുപ്പ് നല്‍കിയ ലിസ്റ്റ് പ്രകാരം ഈ റോഡരികില്‍ പ്രവര്‍ത്തിച്ചിരുന്ന മാര്‍ച്ച് 31ന് പൂട്ടിയ കള്ള് ഷാപ്പുകളില്‍ ചിലതും വരും ദിവസങ്ങളില്‍ തുറന്നേക്കും.
അതെ സമയം പൊതുമരാമത്ത് വകുപ്പ് വെബ് സൈറ്റിലും ഗൂഗിള്‍ മാപ്പിലും ഈ റോഡിനെ സംസ്ഥാന പാതയായാണ് സൂചിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."