കെഎംസിസിയെ തേടി കേരളത്തിൽ നിന്ന് ഫിലിപ്പീനാ മരുമകൾ നോർബിയുടെ വിളി..... ദമാമിലെ യുവതിയുടെ സുഹൃത്തുക്കൾക്ക് ഉടൻ സഹായം റെഡി
ദമാം: കൊവിഡ് 19 പശ്ചാത്തലത്തിൽ സഊദിയിൽ ലോക്ക് ഡൗൺ മൂലം ജോലിയും ശമ്പളവും ഇല്ലാതെ രണ്ടു മാസമായി ബുദ്ധിമുട്ട് അനുഭവപ്പെട്ട ഫിലിപ്പൈൻസ് സ്വദേശിനികളായ ഹേതറിനും നാൽപതോളം വരുന്ന സഹപ്രവർത്തകർക്കും കെഎംസിസി അൽകോബാർ കേന്ദ്ര കമ്മിറ്റി അൽഖോബാർ കബായാൻ സൂപ്പർമാർക്കറ്റുമായി സഹകരിച്ച് ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു. ലോക്‌ഡൗണിൽ
പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ ഭക്ഷണത്തിനായി ബുദ്ധിമുട്ടിയ ഫിലിപ്പിനോകൾ പ്രയാസത്തിലാണെന്നറിയിച്ച് ഇവരുടെ സുഹൃത്തും കേരളത്തിന്റെ മരുമകളുമായ നോർബിയും ഭർത്താവ് പ്രവീണും കെഎംസിസിയെ വിവരമറിയിച്ചതോടെയാണ് പ്രശ്‌നത്തിൽ പരിഹാരം കാണാനായത്.
തൃശ്ശൂർ കുന്നംകുളത്തുള്ള ഫിലിപ്പൈൻ സ്വദേശിനി നോർബിയും ഭർത്താവ് പ്രവീണുമാണ് നോർബിയുടെ സഹോദരി ഹേതറും സംഘവും ഭക്ഷണമില്ലാതെ ദുരിതത്തിലായ വിവരം കെഎംസിസിയെ അറിയിച്ചത്. വിഷയം ശ്രദ്ധയിൽ പെട്ട അൽഖോബാർ കെ എം സി സി ജനറൽ സെക്രട്ടറി സിറാജ് ആലുവയുടെ നേതൃത്വത്തിൽ പ്രശ്‌നത്തിൽ ഇടപെടുകയും അവർക്കാവശ്യമായ സഹായ വസ്‌തുക്കൾ എത്തിച്ചു നൽകുകയുമായിരുന്നു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇഖ്ബാൽ ആനമങ്ങാട്, ഫൈസൽ കൊടുമ, ഹബീബ് പൊയില്തൊടി, ജുനൈദ് കാഞ്ഞങ്ങാട്, എന്നിവർ ചേർന്ന് ഭക്ഷണ കിറ്റുകൾ ഫിലിപ്പിനോ സഹോദരന്മാരുടെ താമസ സ്ഥലത്ത് എത്തിച്ചു നൽകി. ഭക്ഷണ കിറ്റുകൾ ഏറ്റുവാങ്ങിയ ഹേതറും സഹപ്രവർത്തകരും കുന്നുംകുളത്തു നിന്നും സഹോദരി നോർബിയും ഭർത്താവ് പ്രവീണും അൽകോബാർ കെഎംസിസി പ്രവർത്തകർക്കും കബയാൻ അധികൃതർക്കും നന്ദി അറിയിച്ചു.
ഫിലിപ്പിനോ സഹോദരിമാരുടെ പ്രയാസം മനസ്സിലാക്കി ഗൾഫിലെ തെക്കുകിഴക്കനേഷ്യൻ ഭക്ഷ്യ വസ്തുക്കളുടെ റീട്ടെയിൽ വിപണന രംഗത്തെ പ്രമുഖരായ കബയാൻ ഗ്രൂപ്പ് ഓഫ് സൂപ്പർമാർക്കറ്റ്സ് മാനേജിംഗ് ഡയറക്ടർ അബ്ദുൾ അസീസ് പുല്ലാളൂർ, അൽകോബാർ റീട്ടെയിൽ മാനേജർ സലാം ഹാജി കുറ്റിക്കാട്ടൂർ എന്നിവരുമായി ബന്ധപ്പെട്ട് അൽഖോബാർ കെഎംസിസി നടത്തുന്ന കൊവിഡ് 19 റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി സഹായം എത്തിക്കുകയായിരുന്നു. സെൻട്രൽ കമ്മിറ്റി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അഞ്ച് ഘട്ടങ്ങളിലായി നൂറ് കണക്കിന് ഭക്ഷണ കിറ്റുകൾ വിതരണം ഇതിനകം തന്നെ നടത്തിയിട്ടുണ്ട്. മെയ് മാസത്തിൽ നടക്കുന്ന ആറാം ഘട്ട വിതരണത്തിലെക്ക് ആവശ്യമായ നൂറോളം ഭക്ഷണ കിറ്റുകൾ സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് സിദ്ദീഖ് പാണ്ടികശാല ഏറ്റുവാങ്ങി.
സഊദിയിലെ ജിദ്ദ തായിഫ് നഗരങ്ങളിലും ബഹ്റൈനിലും കുവൈത്തിലും യുഎഇയിലും ഒമാനിലും സമാനരീതിയിൽ സന്നദ്ധപ്രവർത്തകരുമായി ബന്ധപ്പെട്ട് കബയാൻ ഗ്രൂപ്പ് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നതായും ചൊവ്വഞ്ചേരി ആമിന ഉമ്മ ട്രസ്റ്റിനു കീഴിൽ നാട്ടിലും രണ്ടായിരത്തോളം ഭക്ഷണ കിറ്റുകൾ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വിതരണം ചെയ്തതായും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
അതിരുകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന കെ എം സി സി യുടെ പ്രവർത്തനം അന്തർദേശീയ ശ്രദ്ധ ആകർഷിക്കുന്ന തായി സലാംഹാജി കുറ്റിക്കാട്ടൂർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."