ചെട്ട്യാലത്തൂരുകാര്‍ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
കല്‍പ്പറ്റ: വന്യമൃഗശല്യം രൂക്ഷമായതിനെത്തുടര്‍ന്നന് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയിലുള്‍പ്പെടുന്ന ചെട്ട്യാലത്തൂര്‍ നിവാസികള്‍ക്ക് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വൈദ്യുതി മന്ത്രി എം.എം മണി നിര്‍ദേശിച്ചു. സംസ്ഥാനത്തെ സമ്പൂര്‍ണമായി വൈദ്യുതീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് കലക്ടറേറ്റില്‍ നടത്തിയ യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പു മേധാവികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുനരധിവാസ പദ്ധതിയിലുള്‍പ്പെടുതിനാല്‍ വനം വകുപ്പിന്റെ എന്‍.ഒ.സി ലഭിക്കുന്നില്ല. 175 കുടുംബങ്ങള്‍ക്കാണ് പ്രദേശത്ത് വൈദ്യുതി ലഭിക്കാനുള്ളത്. പുനരധിവാസം സമ്പൂര്‍ണമാകുന്ന പക്ഷം പ്രദേശത്തെ വൈദ്യുത ബന്ധം വിച്ഛേദിക്കും. എന്നാല്‍ വനത്താല്‍ ചുറ്റപ്പെട്ട പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമായതിനാലാണ് സര്‍ക്കാര്‍ പുനരധിവാസം നിര്‍ദേശിച്ചതെന്നും അത് നടപ്പാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവരക്ഷയാണ് പ്രധാനമെന്ന് അവരെ ബോധ്യപ്പെടുത്തി പുനരധിവാസം നടപ്പാക്കണം. പുനരധിവാസത്തിലുള്‍പ്പെടുന്നതാണെങ്കിലും വീടുകള്‍ വൈദ്യുതീകരിക്കാതെ കിടക്കുന്നത് സമ്പൂര്‍ണ വൈദ്യുതീകരണത്തിന് വിഘാതമായതിനാലാണ് പ്രദേശത്ത് വൈദ്യുതി നല്‍കാന്‍ നിര്‍ദ്ദേശിക്കുന്നതെന്നും അത് വനം വകുപ്പിനെതിരേയുള്ള വെല്ലുവിളിയല്ലെന്നും വൈദ്യുതീകരണം പുനരധിവാസത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തും.
ആദ്യം ജില്ലയെ പൂര്‍ണ്ണമായും വൈദ്യുതീകരിച്ച ശേഷമേ സംസ്ഥാനത്ത് പ്രഖ്യാപനം നടത്തൂ. ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നതിന് കെ.എസ്.ഇ.ബി അധികൃതരോട് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ മാര്‍ച്ച് 31വരെ ലഭിച്ച അപേക്ഷകളാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. റവന്യൂ വകുപ്പില്‍ നിന്ന് പരിഹാരം ലഭിക്കേണ്ട കേസുകളില്‍ നടപടിയെടുക്കുന്നതിന് എ.ഡി.എമ്മിനോട് ആവശ്യപ്പെട്ടു.
കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ 71, മാനന്തവാടിയില്‍ 70, സുല്‍ത്താന്‍ ബത്തേരിയില്‍ 57 ശതമാനം വീതമാണ് ജില്ലയില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയിട്ടുള്ളത്.
ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷനായി. കെ.എസ്.ഇ.ബി. ഡിസ്ട്രിബ്യൂഷന്‍ ഡയറക്ടര്‍ വേണുഗോപാല്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി, എ.ഡി.എം. കെ.എം രാജു, ചീഫ് എന്‍ജിനീയര്‍ കുമാരന്‍, വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാര്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സണ്ണി ജോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."