അപ്രോച്ച് റോഡില്ല; നോക്കുകുത്തിയായി ചേകാടി പാലം
പുല്‍പ്പള്ളി: കോടികള്‍ ചെലവഴിച്ച് പാലം നിര്‍മിച്ചെങ്കിലും അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ ഇതുവരെയും നടപടിയില്ല. പുല്‍പ്പള്ളി ചേകാടിപ്പാലത്തിനാണ് നിര്‍മാണം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടും അപ്രോച്ച് നിര്‍മിക്കാത്തതിനെ തുടര്‍ന്ന് നോക്കുകുത്തിയായി നില്‍ക്കുന്നത്.
2009ല്‍ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കാണ് പാലത്തിന്റെ തറക്കല്ലിട്ടത്. പിന്നാക്ക വികസന നിധിയില്‍ നിന്ന് ഏഴ് കോടി രൂപ ഉപയോഗിച്ച് കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനായിരുന്നു ഇതിന്റെ നിര്‍മാണ ചുമതല നല്‍കിയിരുന്നത്. എന്നാല്‍ കോര്പറേഷന് ഇതിന്റെ നിര്‍മാണം മറ്റ് ഏജന്‍സികള്‍ക്ക് കൈമാറുകയും നിര്‍മാണം അനിശ്ചിതത്തിലാവുകയും ചെയ്തു. പിന്നീടുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ 2011-12 കാലഘട്ടത്തില്‍ പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. എന്നാല്‍ പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കിയിട്ട് രണ്ട് വര്‍ഷം പിന്നിട്ടിട്ടും മൂന്ന് കിലോമീറ്ററോളം വരുന്ന അപ്രോച്ച് റോഡിന്റെ പണികള്‍ തീര്‍ക്കാന്‍ ഇതുവരെ സര്‍ക്കാരിന് സാധിച്ചിട്ടില്ലന്നതാണ് നിലവിലെ അവസ്ഥ. പുല്‍പ്പള്ളി പഞ്ചായത്തിന്റെ ഭാഗത്ത് ഏകദേശം 500 മീറ്ററും പാലത്തിന്റെ അക്കരെ തിരുനെല്ലി പഞ്ചായത്തില്‍ രണ്ട് കിലോമീറ്ററോളം ദൂരവും റോഡാണ് ടാര്‍ ചെയ്യാനുള്ളത്. പുല്‍പ്പള്ളി, പൂതാടി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളെ കര്‍ണാടകയുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാനുതകുന്നതാണ് ചേകാടി പാലം.ചേകാടിയെന്ന വനഗ്രാമത്തിന്റെ മുഖഛായ മാറുന്ന ഈ പാലത്തിലൂടെയുള്ള ഗതാഗതം എന്ന് സാധ്യമാവുമെന്നാണ് ഇവിടുത്തുകാര്‍ ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."