കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളണം: കര്‍ഷക സഖ്യം
കല്‍പ്പറ്റ: ജില്ലയിലെ കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷക സഖ്യം ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി അതിരൂക്ഷമായ കാര്‍ഷിക പ്രതിസന്ധിയിലൂടെയാണ് ജില്ല കടന്നുപോകുന്നത്. വരള്‍ച്ച, പ്രളയം, വിളനാശം, വന്യമൃഗശല്യം, വിലത്തകര്‍ച്ച എന്നിവയാല്‍ കര്‍ഷകര്‍ പൊറുതിമുട്ടുകയാണ്. ഡിസംബര്‍ 31വരെ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കര്‍ഷകര്‍ ജപ്തി ഭീഷണി നേരിടുകയാണ്. ധനകാര്യ സ്ഥാപനങ്ങളുടെ ധിക്കാരപരമായ നടപടിയെത്തുടര്‍ന്ന് കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയാണ്. ജില്ലയില്‍ 956 കര്‍ഷകര്‍ വന്യമൃഗ ആക്രമണത്തില്‍ മരിച്ചു. കാര്‍ഷിക കടങ്ങളില്‍ സര്‍ഫാസി നിയമം പ്രയോഗിക്കാന്‍ പാടില്ലെന്നിരിക്കെ 937 കര്‍ഷകര്‍ സര്‍ഫാസി ചുമത്തപ്പെട്ട് ജപ്തി നടപടി നേരിടുകയാണ്. കര്‍ഷക പെന്‍ഷനുവേണ്ടി സമര്‍പ്പിക്കപ്പെട്ട 2016 ജൂലൈ മുതലുള്ള അപേക്ഷകള്‍ ഒന്നും പരിഗണിക്കപ്പെട്ടിട്ടില്ല. ഇത് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണം. വയനാട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാന്‍ അധികൃതര്‍ ശ്രമിക്കണം. സംസ്ഥാനത്തിന്റെ പൊതുകടം പെരുകുമ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വന്‍തോതില്‍ വര്‍ധിപ്പിക്കുന്നു. എന്നാല്‍ കര്‍ഷകരെ സര്‍ക്കാറുകള്‍ അവഗണിക്കുകയാണ്. കാര്‍ഷിക മേഖലയുടെ സുസ്ഥിര വികസനത്തിന് ആവശ്യമായ കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വിമുഖത കാണിക്കുകയാണ്. കര്‍ഷകര്‍ എടുത്ത വായ്പകള്‍ തങ്ങളുടേതല്ലാത്ത കാരണത്താല്‍ തിരിച്ചടക്കാന്‍ കഴിയാത്ത അവസ്ഥയാണ്.ഈ സാഹചര്യത്തില്‍ കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ കെ. കുഞ്ഞിക്കണ്ണന്‍, രാജു ബത്തേരി, പി.ജെ ദേവസ്യ, എന്‍.ജെ ചാക്കോ, ജോണ്‍, ടി. ഇബ്രാഹിം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."