സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും; ക്ലാസുകള്‍ ഓണ്‍ലൈനിലൂടെ
തിരുവനന്തപുരം: ജൂണ്‍ ഒന്നിനു തന്നെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാധാരണ നിലയിലുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നതിനെ കുറിച്ച് പിന്നീട് തീരുമാനമെടുക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാനങ്ങളുടെ കാര്യത്തിലും ഉടനെ തീരുമാനമെടുക്കും.
സംസ്ഥാനത്തെ പോളിടെക്നിക്ക് കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ വീടിനടുത്തുള്ള പോളിടെക്നിക്കുകളില്‍ പരീക്ഷ എഴുതാനുള്ള ക്രമീകരണം സജ്ജീകരിക്കും. അവസാന സെമസ്റ്റര്‍ പരീക്ഷ ജൂണ്‍ ആദ്യവാരം ആരംഭിക്കും. പോളിടെക്നിക്കിനു ശേഷം ലാറ്ററല്‍ എന്‍ട്രി വഴി എഞ്ചിനീയറിങ് പ്രവേശനത്തിന് പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല. പകരം മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കമ്മിഷണര്‍ ഓഫ് എന്‍ട്രന്‍സ് എക്സാമിനേഷന്‍സ് മുഖേനയാണ് ഈ വര്‍ഷത്തെ അഡ്മിഷന് നടത്തുക.
കീം പരീക്ഷയുടെ രണ്ട് പേപ്പര്‍ ജൂലൈ 16ന് രാവിലെയും ഉച്ചയ്ക്കുമായി നടത്തും. കീമിന് അപേക്ഷിച്ചിട്ടുള്ളവരും ഇപ്പോള്‍ കേരളത്തിന് പുറത്തുള്ളവരുമായ വിദ്യാര്‍ഥികള്‍ക്കും കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാന്‍ ഒരു അവസരം കൂടി ജൂണില്‍ നല്‍കും.
മൂന്നും അഞ്ചും വര്‍ഷ എല്‍.എല്‍.ബി പരീക്ഷകള്‍ ജൂണ്‍ 13, 14 തീയതികളില്‍ (ഓണ്‍ലൈന്‍ മുഖേന) നടത്തും. ജൂണ്‍ 21ന് എം.ബി.എ, ജൂലൈ നാലിന് എം.സി.എ എന്നിവയും ഓണ്‍ലൈന്‍ മുഖേന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."