ഇനി ഐശ്വര്യക്ക് താമസിക്കാം അടച്ചുറപ്പുള്ള സ്വന്തം വീട്ടില്‍
വാടാനപ്പള്ളി: വിദ്യാര്‍ഥിനിയായ ഐശ്വര്യക്ക് വീട്ടുകാരുമായി താമസിക്കാന്‍ അടച്ചുറപ്പുളള സ്വന്തമായ ഒരു വീട് എന്ന സ്വപ്നം പൂവണിഞ്ഞു.
കണ്ടശാംകടവ് ഫ്രൊ. ജോസഫ് മുണ്ടശ്ശേരി മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്ന ഐശ്വര്യക്ക് സ്‌കൂളിലെ കൈത്താങ്ങ് പദ്ധതി പ്രകാരമാണ് രണ്ട് വര്‍ഷം മുന്‍പ് വീടൊരുക്കാന്‍ തുടക്കം കുറിച്ചത്.
നടുവില്‍ക്കര പുഴയോരത്ത് ചോര്‍ന്നൊലിക്കുന്ന ഷെഡിലായിരുന്നു ഐശ്വര്യയും പിതാവ് കരിപ്പായി മണികണ്ഠനും രോഗിയായ മാതാവ് വനജയും മജ്ജ രോഗം ബാധിച്ച് ചലനശേഷിയില്ലാതെ കിടപ്പിലായ സഹോദരന്‍ അഭയ് അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. അച്ഛന് സ്ഥിരമായ തൊഴിലോ വരുമാനവുമില്ല. ലൈബ്രറി ജോലിക്ക് പോയാണ് ഐശ്വര്യ പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. കുടുംബത്തിന്റെ പ്രയാസകരമായ ഈ അവസ്ഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഷ്ടതയനുഭവിക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കുന്നതിനു വേണ്ടി സ്‌കൂളില്‍ ആരംഭിച്ച കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐശ്വര്യക്ക് ഒരു വീടു നിര്‍മിക്കുന്നതിനു വേണ്ടി രണ്ടു വര്‍ഷം മുന്‍പേ പരിശ്രമം ആരംഭിച്ചിരുന്നു. വീട് നിര്‍മിക്കാന്‍ തറ കെട്ടാനുള്ള കല്ലുകള്‍ സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളും അധ്യാപകരും മുന്‍ പി.ടി.എ പ്രസിഡന്റും മണലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ വി.എന്‍ സുര്‍ജിത്തും ചേര്‍ന്നാണ് സ്ഥലത്ത് എത്തിച്ചത്.
പിന്നീട് വാടാനപ്പള്ളി ഗ്രാമപഞ്ചായത്തും കുടുംബശ്രീയും മുന്നോട്ടുവരികയും ആദ്യം ആശ്രയ പദ്ധതിയിലും തുടര്‍ന്ന് ലൈഫ് പദ്ധതിയിലും ഉള്‍പ്പെടുത്തിയപ്പോള്‍ പ്രവര്‍ത്തനം വേഗത്തിലായി. സി.പി.എം വാടാനപ്പള്ളി ലോക്കല്‍ കമ്മിറ്റിയും കൃഷ്‌ണേട്ടന്‍ വായനശാല പ്രവര്‍ത്തകരും നാട്ടുകാരും കൈത്താങ്ങായതോടെ വീട് ഉയര്‍ന്നു. ഇപ്പോള്‍ പണി മനോഹരമായി പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
ഇന്നു രാവിലെ എട്ടിന് നടക്കുന്ന ചടങ്ങില്‍ മുരളി പെരുനെല്ലി എം.എല്‍.എ ഐശ്വര്യക്ക് വീടിന്റെ താക്കോല്‍ കൈമാറും.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുംഞ്ചേരി അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."