പ്രവാസി മടക്കം: സഊദിയിൽ നിന്നുള്ള രണ്ടാം ഘട്ട വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു, അടുത്തയാഴ്ച്ച റിയാദ്-കോഴിക്കോട്, ദമാം-കൊച്ചി, റിയാദ്-കണ്ണൂര്‍ സര്‍വ്വീസുകള്‍
റിയാദ്: സഊദിയില്‍ നിന്നും നാട്ടിലേക്കുള്ള അടിയന്തിര വിമാന സര്‍വ്വീസിന്റെ രണ്ടാം ഘട്ട ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. സഊദിയിലെ ഇന്ത്യന്‍ എംബസി പുറത്ത് വിട്ട പുതിയ പട്ടികയില്‍ കേരളത്തിലേക്ക് മൂന്ന്‍ വിമാന സര്‍വ്വീസുകള്‍ ഇടം നേടിയിട്ടുണ്ട്. റിയാദില്‍ നിന്നും കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെക്കായി രണ്ടു സര്‍വ്വീസുകളും ദമാമില്‍ നിന്നും കൊച്ചിയിലേക്ക് ഒരു സര്‍വ്വീസുമടക്കം മൂന്ന്‍ വിമാന സര്‍വ്വീസുകളാണ് കേരളത്തിലേക്ക് ഇടം നേടിയത്. എന്നാല്‍, ജിദ്ദയില്‍ നിന്നും ഒരു സര്‍വ്വീസ് പോലും കേരളത്തിലേക്ക് ഇല്ലെന്നത് മക്ക, ജിദ്ദ പ്രദേശങ്ങളിലെ പ്രവാസികള്‍ക്ക് ഏറെ നിരാശ നല്‍കുന്നുണ്ട്. ദമാം-ബംഗാളുരു-ഹൈദരാബാദ്, ജിദ്ദ-വിജയവാഡ-ഹൈദരാബാദ്, റിയാദ്-ഹൈദരാബാദ്-വിജയവാഡ എന്നീ സര്‍വ്വീസുകളാണ് മറ്റുള്ളവ.
Second phase of #VandeBharatMission pic.twitter.com/kZRILFM7Xu
— India in SaudiArabia (@IndianEmbRiyadh) May 12, 2020
ജിദ്ദ, മക്ക മദീന, യാമ്പു തുടങ്ങിയ പ്രദേശങ്ങളിലെ നിവാസികള്‍ക്ക് ആശ്വാസമേകാനായി ജിദ്ദയില്‍ നിന്നും വിമാന സര്‍വ്വീസ് വേണമെന്ന്‍ ശക്തമായ ആവശ്യം നില നില്‍ക്കുന്നുണ്ട്. നിരവധിയാളുകള്‍ നാട്ടിലേക്ക് പോകാനായി കാത്തിരിക്കുന്ന ഇവിടെ നിന്നും കേരളത്തിലേക്ക് സര്‍വ്വീസ് അടിയന്തിര സര്‍വ്വീസ് നടത്താന്‍ വേണ്ട നടപടികള്‍ കൈകൊള്ളണമെന്നാവശ്യപ്പെട്ടു പ്രവാസികള്‍ ശക്തമായി രംഗത്തുണ്ട്.
അടുത്തയാഴ്ച നടത്തുന്ന വിമാന സര്‍വ്വീസ് ഷെഡ്യൂള്‍ ഇപ്രകാരമാണ്. റിയാദ്-കോഴിക്കോട്, ദമാം-കൊച്ചി (മെയ് 19), റിയാദ്-കണ്ണൂര്‍ (മെയ് 20), ദമാം-ബംഗാളുരു- ഹൈദരാബാദ്, ജിദ്ദ-വിജയവാഡ-ഹൈദരാബാദ് (മെയ് 20), റിയാദ്-ഹൈദരാബാദ്-വിജയവാഡ (മെയ് 23).
അതേസമയം, ഒന്നാം ഘട്ടത്തില്‍ പ്രഖ്യാപിച്ച ജിദ്ദ-കോഴിക്കോട് വിമാന സര്‍വീസ് മെയ് 13നും ജിദ്ദ കൊച്ചി മെയ് 14നും സര്‍വീസ് നടത്തും. ഗര്‍ഭിണികളും അടിയന്തിര ചികിത്സ ആവശ്യമുളളവരും ഉള്‍പ്പെടെ മുന്‍ഗണനാ പട്ടികയില്‍ ഇടം നേടിയവര്‍ക്കാണ് യാത്രക്ക് അനുമതി. ചെന്നൈ, മുംബൈ, ലക്‌നോ തുടങ്ങിയ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത് ആലോചിച്ചുവരുകയാണെന്നും എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."