വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനിയറിങ് കോളജ് പീഡന കേന്ദ്രമെന്ന് ആത്മഹത്യക്കു ശ്രമിച്ച വിദ്യാര്‍ഥി
കിളിമാനൂര്‍: കട്ടച്ചിറ ശ്രീ വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനിയറിങ് പീഡന കേന്ദ്രമെന്ന് കോളജ് ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ച നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥി ആര്‍ഷ് രാജ് (20) വെളിപ്പെടുത്തി. ഇന്നലെ വീട്ടിലെത്തിയ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനോടും പ്രവര്‍ത്തകരോടുമാണ് വിദ്യാര്‍ഥി കോളജിലെ പ്രശ്‌നങ്ങള്‍ വിവരിച്ചത്.
കിളിമാനൂര്‍ പുതിയകാവ് എള്ളുവിള പാര്‍പ്പിടം വീട്ടില്‍ സന്തോഷ് കുമാര്‍ ഷീജ ദമ്പതികളുടെ മകനാണ് ആര്‍ഷ്‌രാജ്. കോളജ് അധികൃതരുടെ പീഡനവും ഒറ്റപ്പെടുത്തലും മൂലം ജീവിതം മടുത്താണ് താന്‍ ആത്മഹത്യാ ശ്രമം നടത്തിയതെന്ന് നിറ കണ്ണുകളോടെ ആര്‍ഷ് രാജ് പറഞ്ഞു.
മാതാവിന്റെ ശകാരം മൂലമാണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന വ്യാജേന ഒരു പത്രത്തില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും കോളജ് ഡയറക്ടര്‍ സുഭാഷ് വാസുവിന്റെ തിരക്കഥക്ക് അനുസരിച്ച് കെട്ടിച്ചമച്ച വാര്‍ത്തായായിരുന്നു അതെന്നും ആര്‍ഷ് പറയുന്നു.
കോളജ് ഹോസ്റ്റലില്‍ വൃത്തിയില്ലാത്ത ഭക്ഷണം വിളമ്പുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് അതൃപ്തി ഉണ്ടായിരുന്നു.ഇതേ തുടര്‍ന്ന് നല്ല ഭക്ഷണം നല്‍കണമെന്ന ആവശ്യം ആര്‍ഷിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ഹോസ്റ്റലില്‍ ഉന്നയിച്ചു. ഇതിനു പ്രതികാരമെന്നോണം കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ നിരപരാധിയായ തന്നെ പ്രതി ചേര്‍ക്കുകയും ഡയറക്ടര്‍ സുഭാഷ് വാസുവും കോളജ് പ്രിന്‍സിപ്പാള്‍ എച്ച് . ഗണേശും ചേര്‍ന്ന് പൊലിസിനെ വരുത്തി ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥി പറയുന്നു. മാനേജ്‌മെന്റിനെ അനുസരിച്ച് മര്യാദക്ക് പഠിച്ചില്ലേല്‍ കോളജില്‍ ഏത് കേസ് ഉണ്ടായാലും എല്ലാത്തിലും പ്രതിചേര്‍ത്ത് ജീവിതം തുലക്കുമെന്ന് കോളജ് അധികൃതര്‍ ഭീഷണിപ്പെടുത്തിയതായും ആര്‍ഷ് വെളിപ്പെടുത്തി.
കോളജ് ഹോസ്റ്റലിലെ വൃത്തിഹീനമായ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച് പുറത്തുപോയി ഭക്ഷണം കഴിച്ചു തിരികെ വന്നതുമുതല്‍ ആര്‍ഷിനെ മാനേജ്‌മെന്റ് മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങിയത്രേ. രാത്രിയില്‍ തന്നെ കോളേജ് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കാനുള്ള നടപടി തുടങ്ങിയതോടെ ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നുവെന്നാണ് ആര്‍ഷ് പറയുന്നത്.
സംഭവ ശേഷം ഒത്തുതീര്‍പ്പിന് വഴങ്ങാത്തതിന് കോളജ് ഡയറക്ടര്‍ സുഭാഷ് വാസു ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായി ആര്‍ഷിന്റെ മാതാവും വല്യച്ഛനും ആനാവൂര്‍ നാഗപ്പനോട് പറഞ്ഞു.
ആര്‍ഷിനും കുടുംബത്തിനും എല്ലാവിധ പിന്തുണയും ആനാവൂര്‍ നാഗപ്പന്‍ വാഗ്ദാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."