മന്ദഹാസം പദ്ധതി: ജില്ലയില്‍ കൃത്രിമ ദന്തനിരയില്‍ പുഞ്ചിരിച്ച് 286 പേര്‍
പാലക്കാട്: സാമൂഹ്യനീതിവകുപ്പ് നടപ്പാക്കുന്ന മന്ദഹാസം പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 286 പേര്‍ കൃത്രിമ ദന്തനിരകളിലൂടെ പുഞ്ചിരി തൂകി. ദേശീയ ദന്തദിനത്തോടനുബന്ധിച്ചാണ് ജില്ലാ സാമൂഹ്യനീതി ഓഫിസ് കണക്ക് വ്യക്തമാക്കിയത്. 60 വയസിന് മുകളിലുള്ള ദാരിദ്ര രേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യമായി പൂര്‍ണ ദന്തനിര വച്ചുനല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് മന്ദഹാസം. ആരോഗ്യ വകുപ്പുമായി സഹകരിച്ച് ജില്ലയിലെ ആറ് എംപാനല്‍ ചെയ്ത ആശുപത്രി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച പദ്ധതിയിലൂടെ പരമാവധി ഒരാള്‍ക്ക് 5,000 രൂപ വരെ ചെലവഴിച്ചാണ് കൃത്രിമ ദന്തനിര വച്ചുനല്‍കുന്നത്. ദന്തനിര വച്ചുനല്‍കുന്ന സ്ഥാപനത്തിന് ആദ്യഘട്ടത്തില്‍ 50 ശതമാനവും തുടര്‍ന്ന് മുഴുവന്‍ തുകയും നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്. എംപാനല്‍ ചെയ്ത ആശുപത്രികളില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മുഴുവന്‍ തുകയും ആദ്യഗഡുവില്‍ തന്നെ നല്‍കും. ആദ്യവര്‍ഷം 161 പേര്‍ക്കും ഈ വര്‍ഷം 125 പേര്‍ക്കുമാണ് ജില്ലയില്‍ ദന്തനിര വച്ചുനല്‍കിയത്.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍, ജനറല്‍ ആശുപത്രിയിലെ ഡെന്റല്‍ സര്‍ജന്‍ എന്നിവരുള്‍പ്പെടുന്ന സമിതി അപേക്ഷ പരിശോധിച്ച് ആനുകൂല്യത്തിന് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."