സംസ്ഥാനത്ത് ആദ്യമായി പാരാലീഗല്‍ വളണ്ടിയേഴ്സിന് അഗ്നിരക്ഷാ പരിശീലനം
പാലക്കാട്: സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലും നിയമാവബോധം നല്കുന്ന പാരാ ലീഗല്‍ വളണ്ടിയേഴ്സിന്റെ സേവനം ഇനിമുതല്‍ അപ്രതീക്ഷിത ദുരന്തസാഹചര്യങ്ങളിലും തുണയാവും. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അഗ്നിരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച കമ്മ്യൂനറ്റി റെസ്ക്യു വളണ്ടിയര്‍ സംഘത്തിന്റെ ഭാഗമാവാന്‍ ജില്ലയിലെ പാരാ ലീഗല്‍ വളണ്ടിയേഴ്സിന് നല്കുന്ന പരിശീലനം പുരോഗമിച്ച് വരികയാണ്. പൊതുജനങ്ങളെ കൂടുതല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും പരിശീലനം നല്കുന്ന പദ്ധതിയാണ് കമ്മ്യൂനിറ്റി റെസ്ക്യു വളണ്ടിയര്‍ പദ്ധതി. സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ജില്ലയിലാണ് പാരാലീഗല്‍ വളണ്ടിയേഴ്സിനെ അഗ്നിശമനസേന പരിശീലനത്തില്‍ പങ്കാളികളാക്കുന്നത്.
60 ഓളം പാരാ ലീഗല്‍ വളണ്ടിയേഴ്സിന് രണ്ടു ദിവസങ്ങളിലായി അഞ്ചു സെഷനുകളായാണ് വിവിധ അഗ്നിരക്ഷാ മാര്‍ഗങ്ങളെ സംബന്ധിച്ച് പരിശീലനം നല്‍കുന്നത്. ഇതുവരെ രണ്ടു സെഷനുകള്‍ പൂര്‍ത്തിയായി. പരിശീലനം മുഴുവനായി പൂര്‍ത്തിയാക്കിയതിന് ശേഷം ഇവര്‍ക്ക് ഐ.ഡി കാര്‍ഡ് നല്‍കുമെന്ന് ജില്ലാ അഗ്നിശമന സേനാ മേധാവി അരുണ്‍ ഭാസ്ക്കര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ കോളജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 1000ത്തോളം പേര് കമ്മ്യൂനിറ്റി റെസ്ക്യൂ വളണ്ടിയര്‍ പദ്ധതിയില്‍ അംഗമാണ്. അഗ്നിശമനസേനാ അംഗങ്ങളുടെയും വളണ്ടിയര്‍മാരുടെയും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ സന്ദേശങ്ങള്‍ കൈമാറിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിപിക്കുക. അപകടം സംഭവിച്ചാല്‍ കമ്മ്യൂനിറ്റി റെസ്ക്യൂ സംഘത്തില്‍ ഉള്‍പ്പെട്ട പ്രദേശത്തെ വൊളന്റിയമാര്ക്ക് പ്രാഥമിക രക്ഷാദൗത്യത്തില്‍ ഏര്‍പ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."