കാര്യക്ഷമതയില്ലാത്ത യാനങ്ങള്‍ക്കെതിരേ നിയമ നടപടി
തിരൂര്‍: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ വീഴ്ചയുണ്ടാകുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ മത്സ്യബന്ധന വകുപ്പ് കോസ്റ്റല്‍ പൊലിസിന്റെ സഹകരണത്തോടെ നിയമനടപടികള്‍ കര്‍ശനമാക്കുന്നു. മത്സ്യബന്ധനത്തിന് പോകുന്നവര്‍ ലൈഫ് ജാക്കറ്റ് നിര്‍ബന്ധമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ നടപടിയെടുക്കുമെന്നുമാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയിലെ കടല്‍തീരങ്ങളില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ തീരത്തുനിന്നു 20 മീറ്റര്‍ മാത്രം ദൂരത്തുവച്ച് ലൈഫ്ജാക്കറ്റ് ധരിക്കാത്തതിനാല്‍ മുങ്ങി മരിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ പരിശോധനയും നിയമനടപടികളും കര്‍ക്കശമാക്കുന്നത്.
കടലോര ജാഗ്രതാസമിതി അംഗങ്ങളുടെ സഹകരണത്തോടെ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ആദ്യഘട്ടത്തില്‍ വിപുലമായ ബോധവല്‍ക്കരണം നടത്തിയ മത്സ്യബന്ധന വകുപ്പ് അധികൃതരും പൊന്നാനി കോസ്റ്റല്‍ പൊലിസും രണ്ടാം ഘട്ടത്തിലാണ് പരിശോധനയും നടപടിയും ശക്തമാക്കുന്നത്.
കടലില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണില്‍ മത്സ്യബന്ധന യാനങ്ങളില്‍ പോകുന്നവര്‍ നിര്‍ബന്ധമായും ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് പൊന്നാനി കോസ്റ്റല്‍ പൊലിസ് സി.ഐ എം.കെ ഷാജി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ ട്രോളിങ് നിരോധനത്തെക്കുറിച്ചും ബോധവാന്‍മാരാകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അപകടനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ അധികൃതര്‍ ബോട്ടുടമകള്‍, മത്സ്യതൊഴിലാളികള്‍, കടലോര ജാഗ്രതാസമിതി അംഗങ്ങള്‍ എന്നിവര്‍ക്കാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."