ഇരിട്ടി നഗരവികസനം നടപ്പാക്കുക 'അര്‍ബന്‍ സ്ട്രീറ്റ് 'മാതൃകയില്‍
ഇരിട്ടി :തലശ്ശേരി -വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി നടത്തുന്ന ഇരിട്ടി ടൗണ്‍ വികസനത്തില്‍ അര്‍ബന്‍ സ്ട്രീറ്റ് ഡിസൈന്‍ മാതൃക സ്വീകരിക്കും.
ഇതിനായി തിരുവനന്തപൂരത്ത് ലോകബാങ്ക്, കെ.എസ്.ടി.പി, കണ്‍സള്‍ട്ടന്‍സി പ്രതിനിധികളുടെ യോഗം അന്തര്‍ ദേശീയ നഗര വികസന വിദഗ്ദ്ധന്‍ ടോണി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യു.കെ ആസ്ഥാനമായുള്ള ട്രാഫിക് റിസര്‍ച്ച് ലബേട്ടറിയുടെ ഇന്ത്യാ കണ്‍ട്രി മാനേജരും സീനിയര്‍ ട്രാന്‍പോര്‍ട്ട് സ്‌പെഷലിസ്റ്റുമായ ടോണി മാത്യു കെ.എസ്.ടി.പി തയാറാക്കി അവതരിപ്പിച്ച പ്രാഥമിക രൂപരേഖയില്‍ ചേര്‍ക്കേണ്ട പുതിയ കാര്യങ്ങളും നിര്‍ദേശങ്ങളും കൈമാറി. ഒരാഴ്ചക്കുള്ളില്‍ അന്തിമ രൂപരേഖ തയാറാക്കും. പ്രവൃത്തികള്‍ നടത്തുന്നതിനു മുന്നോടിയായി എം.എല്‍.എയും നഗരസഭാ അധികൃതരും ഉള്‍പ്പെടുന്നവരുടെ യോഗം വിളിച്ച് ഇരിട്ടിക്കായി തയാറാക്കിയ അര്‍ബന്‍ സ്ട്രീറ്റ് മാതൃക രൂപരേഖ പ്രദര്‍ശിപ്പിക്കും. കേരളത്തില്‍ ആദ്യമായാണ് അര്‍ബന്‍ സ്ട്രീറ്റ് ഡിസൈന്‍ മാതൃകയില്‍ നഗരവികസനം നടപ്പാക്കുന്നത്. ടൗണ്‍ വികസന രംഗത്തെ നൂതന ആശയമാണിത്. കാല്‍നടക്കാര്‍ക്കും വാഹനം കാത്തു നില്‍ക്കുന്നവര്‍ക്കും പാതയോരങ്ങളില്‍ കൂടുതല്‍ സമയം കാത്തു നില്‍ക്കേണ്ടി വരുന്ന യാത്രകാര്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പാത നിര്‍മാണ രീതിയെയാണ'അര്‍ബന്‍ സ്ട്രീറ്റ് ഡിസൈനെന്നു പറയുന്നത്.
റോഡുകളില്‍ വാഹനങ്ങള്‍ക്ക് പോകാനുള്ള നിശ്ചിത ഭാഗം വിട്ട് ബാക്കിയുള്ള പാതയോരം മുഴുവന്‍ വളരെ ഭംഗിയായി അതാതു പ്രദേശത്തിന്റെ പ്രകൃതിക്കും ജനജീവിതത്തിനും അനുയോജ്യമായി ഒരു കലാസൃഷ്ടി പോലെ വികസിപ്പിക്കുന്നതിനെയാണ് അര്‍ബന്‍ സ്ട്രീറ്റ് ഡിസൈന്‍ എന്ന ആശയത്തിലൂടെ ഉദ്ദേശിക്കുന്നത്.
ബസ്‌ബേകള്‍, വാഹനങ്ങള്‍ക്ക് പാര്‍ക്കുചെയ്യാനുള്ള പ്രത്യകം ഭാഗങ്ങള്‍, വാഹനങ്ങള്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് വിശ്രമിക്കാനുള്ള ബെഞ്ചുകളും തണല്‍ നല്‍കുന്ന കലാപരവും പ്രകൃതിക്കനുയോജ്യവുമായ പച്ചപ്പുകളും വാട്ടര്‍ ഫൗണ്ടനുകളും, ചെറിയ പുല്‍പ്പരപ്പുകളും, ഇലക്ട്രോണിക് ടോയിലറ്റുകളും, മിനി ഉദ്യാനങ്ങളും, വാഹന പാര്‍ക്കിങ് ഏരിയകളും അടങ്ങിയതാണ് ഈ ഡിസൈന്‍. ഇരിട്ടി നഗരത്തിലെ പ്രധാന പാതയ്ക്ക് 30 മുതല്‍ 60 വരെ മീറ്റര്‍ വരെ വീതിയുള്ളതാണ് ഏറ്റവും അനുകൂല ഘടകമായത്. ഇരിട്ടി ടൗണ്‍ വികസനത്തില്‍ അര്‍ബന്‍ സ്ട്രീറ്റ് ഡിസൈന്‍ സ്വീകരിക്കണമെന്ന് സണ്ണി ജോസഫ് എം.എല്‍.എ കെ.എസ.്ടി.പിക്കു നേരത്തെ കത്തും ലോകബാങ്കിന്റെ റോഡ് സുരക്ഷാ വിദഗ്ധന്‍ സോണി തോമസ് ഉളിക്കല്‍ നല്‍കിയ ശുപാര്‍ശയും അംഗീകരിച്ചാണ് നടപടി.
രൂപരേഖ തയാറാക്കാനായി കെ.എസ്.ടി.പിയാണ് ടോണി മാത്യുവിന്റെ സഹായം തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."