വീണ്ടുമൊരു ഞാവല്‍ പൂക്കും കാലം ചൂട് കൂടിയതോടെ ഞാവല്‍ മരങ്ങള്‍ പൂത്തുലഞ്ഞു
ചങ്ങരംകുളം: ചൂട് കൂടിയതോടെ ജില്ലയിലെ വിവിധ മേഖലകളില്‍ ഞാവല്‍ പഴം പൂത്തുലഞ്ഞതോടെ ഞാവല്‍ പഴത്തിന് പ്രിയമേറുന്നു. മലയാളികളുടെ ഇഷ്ട പഴ ഇനങ്ങളില്‍ ഒന്നായ ഞാവല്‍ പഴമാണ് ഇത്തവണ ജില്ലയിലെ വിവിധയിടങ്ങളില്‍ വ്യാപകമായി പൂത്തുലഞ്ഞത്.
കുറെ കാലങ്ങള്‍ക്ക് ശേഷമാണ് ജില്ലയില്‍ ഇത്ര വ്യാപകമായി ഞാവല്‍പഴം പൂത്തുലയുന്നത്. അവധിക്കാലവും വിഷുവും ഒന്നിച്ചു വന്നതിനാല്‍ കുട്ടികള്‍ക്ക് പുറമെ മുതിര്‍ന്നവരും ഞാവല്‍പഴം പറിക്കുന്ന തിരക്കിലാണ്. ഞാവല്‍ പഴം നിലത്ത് വീഴാത്ത രീതിയില്‍ പറിച്ചെടുത്ത് ചെറിയ പാക്കറ്റുകളിലാക്കി റോഡ് ഓരങ്ങളില്‍ വില്‍പനക്ക് വെക്കുന്നവരും സജീവമായിട്ടുണ്ട്.
ഒഴിഞ്ഞ കുന്നില്‍ പുറങ്ങളിലാണ് ധാരാളമായി ഞാവല്‍ മരങ്ങള്‍ ഉണ്ടായിരുന്നതെങ്കിലും കുന്നില്‍ പുറങ്ങള്‍ പലതും ഭൂമാഫിയ മണ്ണെടുത്ത് നിരപ്പാക്കിയതോടെ ഞാവല്‍ മരങ്ങള്‍ പല സ്ഥലങ്ങളില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. ചില വീടുകളിലും ഒഴിഞ്ഞ പ്രദേശങ്ങളിലും ഞാവല്‍ മരങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കിലും അവശേഷിക്കുന്ന ഞാവല്‍ മരങ്ങളില്‍ പഴങ്ങള്‍ അതികം ഉണ്ടാവാറില്ല. കാലാവസ്ഥാ വ്യതിയാനമാവാം ഇത്തവണ വ്യാപകമായി ഞാവല്‍മരങ്ങള്‍ പൂത്തതിന് പിന്നിലെന്നാണ് കരുതുന്നത്.
വീണുകിടക്കുന്ന ഞാവല്‍പഴങ്ങള്‍ ശേഖരിച്ച് കഴുകി വൃത്തിയാക്കി ഉപ്പിട്ട് സൂക്ഷിച്ച് വെക്കുന്നവരും ധാരാളമുണ്ട്. ഇത്തരത്തില്‍ ഉപ്പിട്ട് സൂക്ഷിക്കുന്ന ഞാവല്‍പഴത്തിന് നല്ല രുചിയാണ്. നിലത്ത് വീഴാതെ വല കെട്ടി ചില്ലകള്‍ കുലുക്കി ശേഖരിക്കുന്ന ഞാവല്‍പഴം വിപണിയിലെത്തിച്ചാലും വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെയുണ്ട്.
എന്നാല്‍ ജില്ലയിലെ ചിലയിടങ്ങളില്‍ ഞാവല്‍ പഴം ഇപ്പോഴും ലഭ്യമല്ല. അതിനാല്‍ ദൂരങ്ങളില്‍ നിന്നും മറ്റും ഞാവല്‍ പഴം വാങ്ങിക്കാനായി എത്തുന്നവരെയും കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."