HOME
DETAILS
MAL
കേരളത്തില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ വേണ്ടത് 42.49 ലക്ഷം വയോധികര്‍ക്ക്
backup
May 13 2020 | 03:05 AM
തിരുവനന്തപുരം: കൊവിഡിന്റെ സാമൂഹവ്യാപന സാധ്യത ചെറുക്കാന്‍ റിവേഴ്‌സ് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി 42.49 ലക്ഷം വയോധികരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചു.
മുതിര്‍ന്ന ആളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം ആരംഭിക്കുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളവരെ മറ്റുള്ളവരില്‍നിന്നു മാറ്റി പാര്‍പ്പിച്ച് പ്രായമായവരില്‍നിന്ന് കൊറോണ വൈറസിനെ തടയുന്നതിനായിട്ടാണ് റിവേഴ്‌സ് ക്വാറന്റൈന്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രായമായവരില്‍ രോഗസാധ്യതയുള്ളവരെ കണ്ടെത്തി നിരീക്ഷണമേര്‍പ്പെടുത്തുന്നതിന് അങ്കണവാടി വര്‍ക്കര്‍മാരെ വിന്യസിച്ചായിരുന്നു ഈ സര്‍വേ.
ലോക്ഡൗണിനുശേഷം രോഗവ്യാപന സാധ്യതയുള്ള ഹൈറിസ്‌ക് വിഭാഗത്തിലുള്ളവര്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയലാണ് റിവേഴ്‌സ് ക്വാറന്റീന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രായമായവര്‍, രോഗികള്‍, കുഞ്ഞുങ്ങള്‍ എന്നിവരാണ് ഈ വിഭാഗത്തില്‍ പെടുക. 49 ലക്ഷം വയോധികരില്‍ 59 ശതമാനവും ഏതെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നവരാണ്. 10 ശതമാനം ഹൃദ്രോഗം, വൃക്കസംബന്ധമായ അസുഖങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, അര്‍ബുദം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. ഇവരില്‍ 10 ശതമാനം പേര്‍ക്ക് മാത്രമാണ് ലോക്ഡൗണിലും ചികിത്സ ലഭ്യമായത്. 17 ശതമാനം രണ്ടാഴ്ചയ്ക്കുശേഷം മരുന്ന് ലഭ്യമാകുമോ എന്ന് ഉറപ്പില്ലാത്തവരുമാണന്നാണ് സര്‍വേയില്‍ ലഭിച്ച വിവരം.
റിവേഴ്‌സ് ക്വാറന്റൈന്‍ ആവശ്യമുള്ള വയോധികരുടെ എണ്ണത്തില്‍ തൃശൂരാണ് മുന്നില്‍ (4,70,081 ) കുറവ് വയനാട് (81,646).
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് ആരോഗ്യ വകുപ്പ്. 60 വയസിനുമുകളിലുളള മുതിര്‍ന്ന ആളുകള്‍, അനിയന്ത്രിതമായ പ്രമേഹ രോഗമുള്ളവര്‍, അനിയന്ത്രിതമായ രക്താതിസമ്മര്‍ദ്ദമുള്ളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞ എല്ലാ പ്രായത്തിലുമുള്ളവര്‍, രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മരുന്ന് കഴിക്കുന്ന എല്ലാ പ്രായത്തിലും ഉള്ളവര്‍, അടുത്തിടെ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, ഗര്‍ഭിണികള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ള എല്ലാ പ്രായത്തിലുമുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."