ഗതാഗതക്കുരുക്കില്‍ അരീക്കോട് : പാതക്ക് ഇരു വശങ്ങളിലുമായി വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ തുടങ്ങിയതോടെയാണ് ഗതാഗതം ദുരിതമായത്
അരീക്കോട്: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുപ്പുമുട്ടി അരീക്കോട്. നഗരസൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ താഴത്തങ്ങാടി പാലം മുതല്‍ അരീക്കോട് ടൗണ്‍ മധ്യ വരെ റോഡ് വീതി കൂട്ടിയത് ദുരുപയോഗം ചെയ്തതാണ് പുതിയ ഗതാഗതക്കുരുക്കിന് കാരണം.
റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയും വാഹനങ്ങള്‍ റോഡിലിറക്കി നിര്‍ത്തിയിടാന്‍ ഇടയാക്കിയിരിക്കുകയാണ്. പുതുതായി വീതി കൂട്ടി ടാര്‍ ചെയ്ത അരീക്കോട് പാലം മുതല്‍ ടൗണ്‍ വരെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ റോഡില്‍ നിന്ന് ഇറക്കി നിര്‍ത്തിയിടാന്‍ സാധിക്കുന്നില്ല. ഒരു ഭാഗത്ത് നടപ്പാത ഉയര്‍ത്തിയ നിലയിലും മറുഭാഗത്ത് നല്ല താഴ്ചയിലുമാണ് റോഡിന്റെ നിര്‍മാണം.
ഇതോടെ ടൗണിലെ കച്ചവടക്കാരുടെയും വിവിധ ആവശ്യങ്ങള്‍ക്ക് ടൗണിലെത്തുന്നവരുടെയും വാഹനങ്ങള്‍ റോഡില്‍ തന്നെ നിര്‍ത്തിയിടേണ്ട നിര്‍ബന്ധിതാവസ്ഥയാണ്. വാഴക്കാട് റോഡ് ജങ്ഷന്‍ മുതല്‍ എസ്.ബി.ഐ ബാങ്കിന് മുന്‍വശം വരെ അനധികൃതമായി സ്വകാര്യ വാഹനങ്ങള്‍ സംസ്ഥാന പാതക്ക് ഇരു വശങ്ങളിലുമായി തലങ്ങും വിലങ്ങും നിര്‍ത്തിയിടാന്‍ തുടങ്ങിയതോടെയാണ് ഗതാഗതം ദുരിതമായത്.
നൂറു കണക്കിന് വാഹനങ്ങള്‍ ഓരോ മിനിട്ടിലും കടന്ന് പോകുന്ന റോഡിലാണ് കഴിഞ്ഞ ഒരു മാസമായി ഗതാഗതക്കുരുക്ക് തീരാദുരിതമായിരിക്കുന്നത്. വൈകുന്നേരമാകുമ്പോഴേക്കും വിദ്യാലയങ്ങള്‍ വിട്ട് ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ കൂടി റോഡിലിറങ്ങുന്നതോട് കൂടി മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് ഇരട്ടിയാവുകയാണ്.
അരീക്കോടിന്റെ ഗതാഗതക്കുരുക്കഴിക്കാന്‍ പഞ്ചായത്തും പൊലിസും ചേര്‍ന്ന് വിവിധ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിരുന്നെങ്കിലും എല്ലാം നോക്കുകുത്തിയാവുകയാണ്. ക്യാംപ് റോഡും സ്റ്റാന്‍ഡില്‍ നിന്ന് മുക്കം ഭാഗത്തേക്ക് ബസുകള്‍ പുറത്തിറങ്ങുന്ന റോഡും വണ്‍വേയാക്കി മാറ്റിയിരുന്നെങ്കിലും പരിശോധന പ്രഹസനമായതോടെ എല്ലാം പഴയ പടി ആവര്‍ത്തിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."