HOME
DETAILS
MAL
പ്ലസ്ടു മൂല്യനിര്‍ണയം ഇന്ന് ആരംഭിക്കും
backup
May 13 2020 | 03:05 AM
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയം ഇന്ന് ആരംഭിക്കും. പൊതുഗതാഗത സൗകര്യമില്ലാത്തതിനാല്‍ മൂല്യനിര്‍ണയ ജോലിയുടെ സമയക്രമം പുനഃക്രമീകരിച്ച് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ഉത്തരവിറക്കി. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പുതുക്കിയ സമയം. നേരത്തെ ഇത് രാവിലെ എട്ട് മുതല്‍ അഞ്ച് വരെയായിരുന്നു. ഈ സമയക്രമത്തിനെതിരേ അധ്യാപകരില്‍ നിന്ന് വ്യാപക എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
സമയം പുനഃക്രമീകരിച്ചെങ്കിലും കഴിയാവുന്ന അധ്യാപകര്‍ രാവിലെ എട്ടിന് തന്നെ എത്തി ഡ്യൂട്ടി ആരംഭിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, ലോക്ക് ഡൗണില്‍ മൂല്യനിര്‍ണയം നടത്തുന്നതിനെതിരേ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ഉയര്‍ത്തുന്നത്. ലോക്ക് ഡൗണ്‍ നിലനില്‍ക്കെ നൂറുകണക്കിന് അധ്യാപകര്‍ ഒരുമിച്ചിരുന്ന് മൂല്യനിര്‍ണയം നടത്തുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് അധ്യാപക സംഘടനകളുടെ പരാതി. പൊതുഗതാഗത സംവിധാനമില്ലാത്തതിനാല്‍ ക്യാംപുകളില്‍ എത്തുക പ്രായോഗികമല്ലെന്ന് അധ്യാപകര്‍ പറയുന്നു. ഇത്രയധികം ആളുകള്‍ക്ക് സാമൂഹികഅകലം പാലിച്ച് ജോലി ചെയ്യാനാകില്ലെന്നതും പ്രശ്‌നമാണ്. എസ്.എസ്.എല്‍.സി മൂല്യനിര്‍ണയമടക്കം മാറ്റിവച്ച സാഹചര്യത്തില്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയവും മാറ്റി വയ്ക്കണമെന്നാണ് കെ.എച്ച്.എസ്.ടി.യു, എച്ച്.എസ്.എസ്.ടി.എ തുടങ്ങിയ സംഘടനകളുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊതുവിദ്യാഭ്യാസ വകുപ്പിനും സംഘടനകള്‍ കത്തുനല്‍കിയിട്ടുണ്ട്.
പൊതുഗതാഗതമില്ലാത്ത സാഹചര്യത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന അധ്യാപകരെ വച്ച് മൂല്യനിര്‍ണയ ജോലികള്‍ നടത്താനാണ് തീരുമാനം. ആദ്യഘട്ട ക്യാംപ് എട്ട് ദിവസമാണ്. മാര്‍ച്ച് 10 മുതല്‍ 19 വരെ നടന്ന പരീക്ഷകളുടെ മൂല്യനിര്‍ണയമാണ് ആദ്യഘട്ടത്തില്‍ നടക്കുക. ആകെ 92 സെന്ററുകളാണുളളത്.
വയനാട്ടിലെ മീനങ്ങാടി ജി.എച്ച്.എസ്.എസ്, മാനന്തവാടി ജി.എച്ച്.എസ്.എസ് എന്നീ മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ കൊവിഡ് പശ്ചാത്തലത്തില്‍ താല്‍കാലികമായി നിര്‍ത്തിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. അധ്യാപകര്‍ക്ക് യാതൊരുവിധത്തിലുള്ള പ്രയാസവും ഇല്ലാത്ത രീതിയിലാണ് മൂല്യനിര്‍ണയം നടക്കുകയെന്ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാ ജോയിന്റ് ഡയരക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."