വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് വില്‍പന: ആറുമാസത്തിനിടെ 510 റെയ്ഡുകള്‍
മലപ്പുറം: വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും മറ്റും വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി കഞ്ചാവ്, മയക്കുമരുന്ന് വില്‍പന തടയുന്നതിനായി പരിശോധന ഊര്‍ജിതമാക്കി. മലപ്പുറം എക്‌സൈസ് ഡിവിഷനില്‍ ജൂണ്‍ 21 വരെ 510 റെയിഡുകള്‍ നടത്തി.
റെയിഡുകളില്‍ 36 എന്‍.ഡി.പി.എസ് കേസുകള്‍ എടുത്തു. 37 പേരെ അറസ്റ്റ് ചെയ്യുകയും 16.120 കി.ഗ്രാം കഞ്ചാവും അഞ്ച് കഞ്ചാവ് ചെടിയും ഒന്‍പത് വാഹനങ്ങളും പിടികൂടി. 23 അബ്കാരി കേസുകളിലായി 20 പേരെ അറസ്റ്റ് ചെയ്തു.
രണ്ട് വാഹനങ്ങളും 3.200 ലിറ്റര്‍ ചാരായവും 1119 ലിറ്റര്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷും 10.125 ലിറ്റര്‍ അന്യസംസ്ഥാന മദ്യവും പിടികൂടി. 32.100 കി.ഗ്രാം പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുളള ഷാഡോ വിഭാഗത്തിന്റെ നിരീക്ഷണം ശക്തമാക്കും. വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹനപരിശോധന കര്‍ശനമാക്കിയതായും ഡെപ്യുട്ടി എക്‌സൈസ് കമ്മിഷണറുടെ പൂര്‍ണഅധികചുമതലയുള്ള മലപ്പുറം അസി. എക്‌സൈസ് കമ്മിഷണര്‍ കെ. സജി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."