പൊലിസ് സേനയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കണം: മുഖ്യമന്ത്രി സ്വന്തം ലേഖിക
കൊച്ചി: വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ പൊലിസ് സേനയ്ക്കു കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബോള്‍ഗാട്ടി പാലസ് കണ്വന്ഷന് സെന്ററില്‍ കേരളാ പൊലിസ് സര്‍വിസ് ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസ്യത തകര്‍ന്നാല്‍ പൊലിസ് ശത്രുപക്ഷമാണെന്ന ധാരണ ജനത്തിനുണ്ടാകും. സ്വന്തം ഉത്തരവാദിത്വത്തെപ്പറ്റി സേനയിലെ ഓരോരുത്തര്‍ക്കും ബോധമുണ്ടായിരിക്കണം. സമൂഹത്തെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ ദോഷം അഴിമതിയാണ്. അഴിമതി മുക്തമാക്കേണ്ട പൊലിസ് സേനയില്‍തന്നെ അഴിമതിയുണ്ട്. എന്നാല്‍ അഴിമതിയും പൊലിസിങും ഒരുമിച്ചു കൊണ്ടുപോകാമെന്ന് ആരും കരുതേണ്ടതില്ല. അഴിമതിയുടെ ഭാഗമാകുന്നവര്‍ ആരായാലും വിട്ടുവീഴ്ചയില്ലാത്ത നിയമനടപടിക്ക് വിധേയരാകേണ്ടി വരും. അഭ്യസ്തവിദ്യരായ കൂടുതല്‍ ചെറുപ്പക്കാരെ ആകര്‍ഷിക്കുന്ന രീതിയില്‍ സേനയില്‍ മാറ്റമുണ്ടാകണം. പെരുമാറ്റത്തിലടക്കം പരിശീലനം കാലോചിതമായി പരിഷ്കരിക്കും. പുതിയകാലം ആവശ്യപ്പെടുന്ന തരത്തില്‍ സേനയെ നവീകരിക്കും. സ്ത്രീകളെ ഉപദ്രവിക്കുന്നത് ലാഘവബുദ്ധിയോടെ നോക്കിക്കാണരുത്. അത്തരം കേസുകളില്‍ മുഖം നോക്കാതെ നടപടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഡി.ജി.പി. ലോക്നാഥ് ബെഹ്റ പ്രഭാഷണം നടത്തി. അസോസിയേഷന് പ്രസിഡന്റ് എന്‍.അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. മുന്‍ ഡി.ജി.പി ഡോ.അലക്സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഐ.ജി:എസ്.ശ്രീജിത്ത്, സിറ്റി പൊലിസ് ചീഫ് എം.പി.ദിനേശ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."