കാസര്‍കോട് കണക്ട് ആപ് തയാര്‍
കാസര്‍കോട്: കാസര്‍കോട് കണക്ട് ആപ്പ് സര്‍ക്കാര്‍ ഓഫിസുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇനി പൊതുജനങ്ങളിലേക്ക് എത്തിക്കും. സ്റ്റാര്‍ട്ട് ആപ്പ് മിഷന്‍ സ്ഥാപനമായ ഫൈനെക്സ്റ്റ് ഇന്നവേഷന്‍ കേരള ഐടി മിഷന്റെ സഹകരണത്തോടെയാണ് ഈ ആപ്പ് തയാറാക്കിയിരിക്കുന്നത്.
ഉളിയത്തടുക്ക സ്വദേശിയായ അഭിലാഷ് സത്യന്‍, ചട്ടഞ്ചാല്‍ സ്വദേശി ആര്‍.കെ ഷിദിന്‍ , ചെര്‍ക്കള സ്വദേശി ജിത്തു ജോയി എന്നിവരാണ് കാസര്‍കോട് കണക്ട് എന്ന ആപ്പിന്റെ ആശയത്തിന്റെ പിറകില്‍ പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കും മറ്റ് ആവശ്യാര്‍ഥവും ഉദ്യോഗസ്ഥരുടെ പേരും മൊബൈല്‍ നമ്പറും തസ്തികയും പൊതുജനങ്ങള്‍ക്ക് ഈ ആപ്പിലൂടെ ലഭ്യമാകും. കൂടാതെ സര്‍ക്കാര്‍ സേവനങ്ങളില്‍ പൊതുജനങ്ങള്‍ തൃപ്തരാണോ എന്ന കാര്യം ഫൈവ് സ്റ്റാര്‍ റേറ്റിങ് സംവിധാനം ഉപയോഗിച്ച് രേഖപ്പെടുത്താം. തൃപ്തരല്ലെങ്കില്‍ കലക്ടര്‍ മുന്‍പാകെ പരാതി രേഖപ്പെടുത്താം.
ഇതിനായി ആപ്പില്‍ പരാതി എന്ന ഓപ്ഷനും നല്‍കിയിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തെ നീക്കങ്ങള്‍ മനസിലാക്കാനും ഉദ്യോഗസ്ഥര്‍ ഓഫിസില്‍ ഹാജരായിരുന്നോ എന്നറിയാനും ഈ ആപ്പിലൂടെ കലക്ടര്‍ക്ക് സാധിക്കും. ഉദ്യോഗസ്ഥര്‍ ഓഫിസില്‍ എത്തിക്കഴിഞ്ഞ് യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ആപ്പ് തുറക്കുന്നതോടെ കലക്ടര്‍ക്ക് വ്യക്തമായി ഇവരെ നിരീക്ഷിക്കാന്‍ കഴിയും.
കലക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായി കാസര്‍കോട് കണക്ട് ആപ്പിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കി കൊടുക്കുന്നതിനായി പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു നിര്‍വഹിച്ചു. സര്‍ക്കാര്‍ ഓഫിസുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളെക്കുറിച്ചും പൊതുജനങ്ങളിലേക്ക് എത്തിക്കുക, ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തെ നീക്കങ്ങള്‍ മനസിലാക്കാനും ഉദ്യോഗസ്ഥര്‍ ഓഫിസില്‍ ഹാജരായിരുന്നുവോ എന്നറിയാനുമാണ് കാസര്‍കോട് കണക്ട് ആപ്പ് കൊണ്ട് ലക്ഷ്യമിടുന്നത്. കാസര്‍കോട് കണക്ട് ആപ്പ് സി.ഇ.ഒ അഭിലാഷ് സത്യന്‍ ക്ലാസ് എടുത്തു.
ഡി.എം എന്‍. ദേവീദാസ്, സാമൂഹ്യ നീതി വകുപ്പ് ഓഫിസര്‍ ബി. ഭാസ്‌കരന്‍, ജില്ലാ വനിതാ ശിശുക്ഷേമ ഓഫിസര്‍ ഡീനാ ഭരതന്‍, ജൂനിയര്‍ സൂപ്രണ്ട് വിനോദ് കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."