മകന്റെ ഓര്‍മ്മദിനം കഷ്ടത അനുഭവിക്കുന്ന കുട്ടികള്‍ക്കൊപ്പം ചെലവിട്ട് എം.എല്‍.എ
കിളിമാനൂര്‍: മകന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ മറ്റെല്ലാ ചടങ്ങുകളും മാറ്റിവെച്ച് കഷ്ടത അനുഭവിക്കുന്ന കുട്ടികള്‍ക്കൊപ്പം ചെലവിട്ടും അവര്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്തതും അഡ്വ. ബി. സത്യന്‍ എം.എല്‍.എ മകന്റെ ഓര്‍മ്മ പുതുക്കി.
17 വയസുള്ളപ്പോഴാണ് മകന്‍ ബോബി കഴിഞ്ഞ വര്‍ഷം മരിക്കുന്നത്. ജന്മനാ ബോബിക്ക് ബുദ്ധി സംബന്ധമായതടക്കം അസുഖങ്ങള്‍ ഉണ്ടായിരുന്നു. പരമാവധി ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജീവിതത്തിലെ ഏറ്റവും വലിയ വേദനയായിരുന്ന കുടുംബത്തിന് ബോബിയുടെ അസുഖം. നിരവധി കുടുംബങ്ങള്‍ കുട്ടികളുടെ ഇത്തരത്തിലുള്ള അസുഖങ്ങള്‍ മൂലം മാനസികമായും ശാരീരികമായും വേദന അനുഭവിക്കുന്നത് എം.എല്‍.എ എന്ന നിലയില്‍ നേരിട്ടറിയാമെന്നതിനാലാണ് മകന്റെ ഓര്‍മ്മ ദിനം അത്തരത്തില്‍ വേദന അനുഭവിക്കുന്നവര്‍ക്കൊപ്പം ചെലവിടാന്‍ തീരുമാനിച്ചത്.
കിളിമാനൂര്‍ തട്ടത്തുമലയില്‍ പഴയകുന്നുമ്മേല്‍ പഞ്ചായത്ത് നടത്തുന്ന ബഡ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 40 തോളം കുട്ടികള്‍ അവിടെ പഠിക്കുന്നുണ്ട്. എല്ലാവരും ബുദ്ധിമാന്ദ്യം ഉള്ളവരും അത്തരത്തില്‍ ദുരിതമനുഭവിക്കുന്നവരുമാണ്. കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഒരുമിച്ച് കാണാനും സമയം പങ്കുവെക്കാനും തീരുമാനിച്ചത് അവര്‍ക്കും ആശ്വാസമായി.
വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും അവര്‍ക്കായി എം.എല്‍.എ ഒരുക്കിയിരുന്നു. മകന്റെ മരണശേഷം സമയം കിട്ടുമ്പോഴെല്ലാം ഇവിടെ എത്തി കുട്ടികളെ കാണുന്നതും പതിവാണ്.
ബോബിയുടെ മരണശേഷം 40 നും ഇത്തരത്തില്‍ കുട്ടികളെയും കുടുംബാംഗങ്ങളേയും എം.എല്‍.എയും കുടുംബവും എത്തി അവരോടൊപ്പം ചെലവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."