പ്ലസ്‌വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: നാളെക്കൂടി അപേക്ഷിക്കാം
മലപ്പുറം: ഇതുവരെ പ്ലസ്‌വണ്‍ പ്രവേശനം ലഭിക്കാത്തവര്‍ക്കായുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ സമര്‍പ്പണം നാളെ അവസാനിക്കും. വൈകുന്നേരം അഞ്ചിനകം ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച് പ്രിന്റൗട്ട് സ്‌കൂളുകളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ജില്ലയിലെ 172 ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 252 കോഴ്‌സുകളിലായി 4889 സീറ്റുകളാണ് സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണനയ്ക്കുള്ളത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ മെറിറ്റു സീറ്റുകളിലേക്കാണ് ഇപ്പോള്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് നടക്കുന്നത്്. അപേക്ഷ സമര്‍പ്പിച്ചിട്ടും രണ്ടു തവണകളിലായി നടന്ന മുഖ്യ അലോട്ട്‌മെന്റില്‍ സീറ്റു ലഭിക്കാത്ത വിദ്യാര്‍ഥികള്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കപ്പെടുന്നതിനായി വീണ്ടും അപേക്ഷിക്കേണ്ടതുണ്ട്.
ഇതുകൂടാതെ നേരത്തെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും സേ പരീക്ഷയില്‍ തുടര്‍ പഠനത്തിന് യോഗ്യത നേടിയവര്‍ക്കും നേരത്തെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കി പ്രിന്റ ഔട്ട് വെരിഫിക്കേഷനു നല്‍കാത്തതുമൂലം അപേ ക്ഷ തള്ളപ്പെട്ടവര്‍ക്കും ഈ ഘട്ടത്തില്‍ അപേക്ഷ നല്‍കാനാകും. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതു പ്രകാരം സീറ്റ് ഒഴിവുള്ള സ്‌കൂളുകളിലെ ഒഴിവുള്ള കോഴ്‌സുകളാണ് പുതുതായി അപേക്ഷിക്കുന്നവരും അപേക്ഷ പുതുക്കുന്നവരും ഓപ്ഷനായി നല്‍കേണ്ടത്. ഹ്യൂമാനറ്റീസ് സീറ്റുകളാണ് ജില്ലയില്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിനായി കൂടുതല്‍ ഒഴിഞ്ഞു കിടക്കുന്നത്. 1920 ഹ്യുമാനറ്റീസ് സീറ്റുകളുണ്ട്. സയന്‍സ് വിഭാഗത്തില്‍ വിവിധ സ്‌കൂളുകളിലായി 1769 ഉം കൊമേഴ്‌സ് വിഭാഗത്തില്‍ 1200 ഉം സീറ്റുകളാണ് ഇനി ജില്ലയിലുള്ളത്.
സീറ്റു ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷം സമാന്തര മേഖലകളെ ആശ്രയിച്ചിരുന്നുവെങ്കിലും അവസാന ഘട്ടങ്ങളില്‍ അപേക്ഷകരില്ലാത്തതിനാല്‍ നിരവധി സീറ്റുകളാണ് ജില്ലയില്‍ ഒഴിഞ്ഞു കിടന്നത്. അതേസമയം സ്‌കൂള്‍, കോംബിനേഷന്‍ മാറ്റത്തിന് അനുമതി ലഭിച്ച വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് നാളെ വൈകുന്നേരം നാലിനകം പുതുതായി പ്രവേശനം നേടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."